അടുക്കളയിൽ കുടുങ്ങിപ്പോയ ജിയോ ബേബി; പ്രചോദനം ഈ ഹ്രസ്വചിത്രമോ?
Mail This Article
അടുക്കളയെക്കുറിച്ചാണ് ഇവിടെയാകെ ചർച്ച. അതിന്റെ അവകാശത്തെചൊല്ലി വലിയ തർക്കങ്ങളും ഉടലെടുക്കുന്നു. ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമ ഒരുക്കിയ ജിയോ ബേബിയാണ് ഇതിനൊരു മൂല കാരണം. ‘അടുക്കള ഒരു നരകമാണെന്ന’ തോന്നൽ അദ്ദേഹത്തിന് ഉണ്ടാകുന്നത് ഈ കഴിഞ്ഞ ലോക്ഡൗൺ ദിവസങ്ങളിലാണ്. കുറച്ച് വെള്ളമെടുക്കാൻ വേണ്ടി അടുക്കളയിൽ കയറിയതാണ് ജിയോ, അതിനിടെ വാതിൽ അടഞ്ഞ് അകത്ത് അകപ്പെടുന്നു. എന്തു ചെയ്തിട്ടും തുറക്കാനാകുന്നില്ല.
അങ്ങനെ ഒരു ദിവസം മുഴുവൻ കക്ഷി അടുക്കളയിൽ കഴിഞ്ഞു കൂട്ടി. വിശപ്പ് പിടിച്ചുനിർത്താൻ പറ്റാത്തതുകൊണ്ട് കഞ്ഞിയിട്ടും സാമ്പാർ വച്ചുമൊക്കെ ഭക്ഷണവും ഉണ്ടാക്കി.
സംഭവം ജിയോ ബേബിയുടെ ചിന്തയിലുണ്ടായ ചെറിയൊരു ഹ്രസ്വചിത്രമാണ്. ലോക് അപ്പ് എന്ന പേരിൽ കഴിഞ്ഞ വർഷം മെയ് മാസമാണ് ഇങ്ങനെയൊരു ഹ്രസ്വചിത്രം നിർമിക്കുന്നത്. ഭാര്യ ബീനയും മകനുമാണ് ജിയോയ്ക്കൊപ്പം അഭിനയിച്ചിരിക്കുന്നതും. ഈ കൊച്ചുചിത്രമാണ് ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചനെന്ന ഗംഭീര സിനിമയ്ക്ക് ജിയോയ്ക്ക് പ്രചോദനമായതെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തൽ.