‘ഷ സ ഹ’ റിലീസിന്
Mail This Article
ഡോക്യുഫിക്‌ഷൻ ഗണത്തിൽെപട്ട ‘ഷ സ ഹ’ എന്ന ചിത്രം റിലീസിനൊരുങ്ങുന്നു. ചിത്രം നീ സ്ട്രീമിലൂടെ ജൂലൈ 3ന് റിലീസ് ചെയ്യും. 2013-ലെ കോവിഡ് മുൻകാല ലോകത്തു ഷൂട്ട് ചെയ്ത ചില കഥാപാത്രങ്ങളും, അവർ തങ്ങളുടെ സ്മാർട്ട് ഫോണുകളിൽ ഷൂട്ട് ചെയ്ത അവരുടെ കോവിഡ് ലോക്ഡൗണിലുള്ള ജീവിതവും 'ഷ സ ഹ' എന്ന ഈ ഡോക്യൂഫിക്ഷനിൽ ഇടകലർന്നിരിക്കുന്നു. ഇവിടെ ഫൗണ്ട് ഫുട്ടേജുകളുടെ സൗന്ദര്യശാസ്ത്രം സെൽഫീ നരേട്ടീവുകളുമായി സന്ധിചേരുന്നു. ജീവിതത്തെയും, കലയെയും കുറിച്ച് ഒരു ചലച്ചിത്രകാരന്റെ പ്രതിഫലനങ്ങളും എങ്ങിനെ കോവിഡ് പോലെയുള്ള ഒരു മഹാമാരി നമ്മുടെ ജീവിതത്തേയും ചിന്തകളേയും അടിമുടി സ്വാധീനിക്കുന്നുവെന്നും 'ഷ സ ഹ' എന്നയീ സിനിമയുടെ ട്രീറ്റ്മെന്റിൽക്കൂടി ചലച്ചിത്രകാരൻ കാട്ടിത്തരുന്നു.
സംവിധായകന്റെ കുറിപ്പ്: കോവിഡ് മഹാമാരികാലത്തെ ആദ്യ ലോക്ഡൗണിൽ ചെയ്തെടുത്ത സിനിമയാണ് 'ഷ സ ഹ'. ലോക്ഡൗൺ മൂലം നല്ലരീതിയിൽ മനഃക്ലേശം അനുഭവിച്ചിരുന്ന അവസരത്തിലാണ്, സുഹൃത്തും പ്രൊഡ്യൂസറുമായ ശർമില ഈ ക്രൈസിസിനെ മറികടക്കാനായി ഒരു ചെറിയ സിനിമ ചെയ്തുകൂടേ എന്നു ചോദിച്ചത്. ലോക്ഡൗൺ കാരണം പുറത്തുപോയി ഒന്നും ഷൂട്ട് ചെയ്യാനൊട്ടു നിർവാഹവുമില്ല. അങ്ങിനെയിരിക്കുമ്പോളാണ് പണ്ടു ഷൂട്ട് ചെയ്തുവച്ച ചില ഫൂട്ടേജുകളെപ്പറ്റി ഓർമ്മവന്നത്. ഒരു പക്ഷേ, ആ ഫൂട്ടേജുകൾ ചേർത്തുവച്ചു ഒരു സ്ക്രിപ്റ്റ് തയ്യാറാക്കിയാൽ മാത്രമേ മുന്നോട്ടുപോകാൻ കഴിയൂ എന്ന് മനസ്സിലായി. കുറച്ചു സുഹൃത്തുക്കൾ തങ്ങളുടെ ലോക്ഡൗൺ അനുഭവങ്ങൾ എന്നോടു പങ്കുവച്ചതോടുകൂടി അവയും ഈ സിനിമയിലെ കഥയുടെ ഭാഗമായി മാറി. 'ഷ സ ഹ' എന്ന ഈ ചിത്രം ഈ കോവിഡ് മഹാമാരികാലത്തു നമ്മളെതന്നെ ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന, നമുക്കുനേരെ ഉയർത്തിപ്പിടിക്കാവുന്ന ഒരു കണ്ണാടിയാകുമെന്നു ഞാൻ വിശ്വസിക്കുന്നു.
ഡയറക്ടർ: രതീഷ് രവീന്ദ്രൻ, മാവേലിക്കരയിൽ ജനനം. ഫിസിക്സിൽ ബിരുദപഠനം കഴിഞ്ഞു കൊൽക്കത്ത (SRFTI) സത്യജിത് റായ് ഫിലിം ആന്‍ഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും 2006-ൽ സിനിമയിൽ ഉപരിപഠനം പൂർത്തിയാക്കി. ഛായാഗ്രാഹകനായി സിനിമകളിലും ഡോക്യൂമെന്ററികളിലും പ്രവർത്തിച്ചു. ഇന്ത്യയിലും വിദേശത്തും ചലച്ചിത്രമേളകിൽ പ്രദർശിപ്പിച്ച 'പിക്സേലിയ' ആദ്യമായി സംവിധാനം ചെയ്ത ചിത്രം. 'ദ് അക്വാറിയം', 'ദീനം' എന്നീ ഷോർട്ട് ഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്. 'ഷ സ ഹ'-യാണ് രതീഷ് രവീന്ദ്രൻ സംവിധാനം ചെയ്യുന്ന ആദ്യ ഡോക്യുമെന്ററി ഫിലിം. പ്രൊഡ്യൂസർ ശർമിലയുമായി നടത്തുന്ന കൊച്ചിയിലെ 'ഡോക് ആർട്ട് പ്രൊഡക്ഷൻസ്' എന്ന പരസ്യ-ചലച്ചിത്ര നിർമാണ പ്രൊഡക്‌ഷൻ ഹൗസിൽ രതീഷ് ക്രീയേറ്റീവ് ഡയറക്ടറായി ജോലി ചെയ്യുന്നു.
പ്രൊഡ്യൂസർ: ശർമില നായർ, കൊച്ചിയിൽ ജനനം. സെന്റ് തെരേസാസ് കോളജിൽ നിന്നും ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദം. ശർമില ഫാഷൻ ആർട്ടിസ്റ്റും, ക്രീയേറ്റീവ് പ്രൊഡ്യൂസറുമാണ്. 2016-ൽ 'റെഡ് ലോട്ടസ്' എന്ന ഓൺലൈൻ ഫാഷൻ ബുട്ടീക്ക് തുടങ്ങി. ശർമിലയുടെ 'മഴവില്ല് കളക്ഷൻസ്', '18 ഷെയ്ഡ്സ് ഓഫ് ബ്ലാക്ക്', 'ദി അൽമിറ' തുടങ്ങിയ ഫാഷൻ ആർട്ട് പ്രോജെക്ടുകൾ അന്താരാഷ്ട്ര ശ്രദ്ധപിടിച്ചുപറ്റിയവെയാണ്. 2018-ൽ രതീഷ് രവീന്ദ്രന്റെ 'പിക്സേലിയ' എന്ന ചലച്ചിത്രം നിർമ്മിക്കുന്നതിൽക്കൂടി ഫിലിം പ്രൊഡ്യൂസിങ്ങിലേക്കു കടന്നു. തുടർന്ന് 2019-ൽ 'ഡോക് ആർട്ട് പ്രൊഡക്ഷൻസ്' എന്ന പരസ്യ-ചലച്ചിത്ര നിർമാണ പ്രൊഡക്‌ഷൻ ഹൗസ് രതീഷ് രവീന്ദ്രനൊപ്പം തുടങ്ങി. 'ഷ സ ഹ' ഡോക് ആർട്ടിന്റെ ബാനറിൽ ശർമില നിർമ്മിച്ച ഡോക്യുമെന്ററിയാണ്.