കമല്ഹാസൻ നെടുമുടിയോട് പറഞ്ഞു, ‘തമിഴിലേക്കു വരൂ ഞാൻ നിങ്ങളുടെ പിഎ ആകാം’
Mail This Article
നെടുമുടി വേണുവിനോടു നടൻ കമൽഹാസൻ ഒരിക്കൽ പറഞ്ഞു: ‘‘മലയാള സിനിമയിൽ നിങ്ങൾ എല്ലാ വേഷങ്ങളും ചെയ്തുകഴിഞ്ഞു. ഇനി എന്തു ചെയ്താലും മലയാളിയെ വിസ്മയിപ്പിക്കാനാവില്ല. തമിഴിലേക്കു വരൂ. അവിടെ ഒരുപാടു ചെയ്യാനുണ്ട്. ധാരാളം പണവും ലഭിക്കും. ഞാൻ നിങ്ങളുടെ പിഎ ആയി ജോലി ചെയ്യാം.’’
നെടുമുടിയെ നടികർ തിലകം ശിവാജി ഗണേശൻ കൊടുമുടി എന്നാണ് വിളിച്ചിരുന്നത്. അഭിനയത്തിന്റെ കൊടുമുടി കയറി നെടുമുടി സംസാരിക്കുന്നു: (ചലച്ചിത്ര രംഗത്തു 40 വർഷം പൂർത്തിയാക്കിയ വേളയിൽ മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖം)
രണ്ടു തലമുറകൾക്കൊപ്പമുള്ള അഭിനയം എങ്ങനെ?
പുതിയ തലമുറയ്ക്ക് എന്നെ നന്നായി അറിയാം. അവർക്ക് ഉള്ളിൽ നല്ല ബഹുമാനമുണ്ട്. മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ചിടുന്നതും വലിച്ചുകൊണ്ടിരിക്കുന്ന സിഗരറ്റ് മറച്ചുപിടിക്കുന്നതുമാണു ബഹുമാനമെന്നു ഞാൻ കരുതുന്നില്ല. പെരുമാറ്റത്തിൽനിന്നാണ് അതു ബോധ്യപ്പെടുന്നത്. പുതിയ തലമുറയെ മനസ്സിലാക്കാൻ സാധിക്കുന്നില്ലെങ്കിൽ നമ്മൾ പുറത്തു നിൽക്കേണ്ടിവരും. ഞാനൊക്കെ സിനിമയിൽ വരുന്ന കാലത്തു സീനിയർ താരങ്ങളും സംവിധായകരും ഞങ്ങളെ മനസ്സിലാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തതുകൊണ്ടാണ് ഇവിടെ തുടരാൻ സാധിച്ചത്. ഇന്നത്തെ യുവതലമുറയെ മനസ്സിലാക്കി പെരുമാറേണ്ടതു നമ്മുടെ കടമയാണ്. സാങ്കേതികവിദ്യ ഒരുപാടു മാറിക്കഴിഞ്ഞു. പണ്ട് 25–30 ദിവസംകൊണ്ടു ചിത്രീകരിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 60–70 ദിവസം എടുക്കുന്നു. ഫിലിം ഇല്ലാതായതോടെ നടീനടന്മാരുടെ ജോലി കൂടി.
സാങ്കേതിക നേട്ടങ്ങൾ ഗുണകരമല്ലേ?
ഗുണവും ദോഷവുമുണ്ട്. പണ്ട് ഡബ്ബിങ്ങിനു കയറുമ്പോൾ ഒരു ലൂപ് മുഴുവൻ ഡബ് ചെയ്യണമായിരുന്നു. ഇപ്പോൾ ഒരു മൂളൽപോലും പ്രത്യേകം എടുക്കാം. ഇന്നു കഥയെക്കാൾ പ്രാധാന്യം കഥ പറയുന്ന രീതിക്കാണ്. സിനിമ കാണുമ്പോൾ രസിക്കുമെങ്കിലും പുറത്തിറങ്ങിക്കഴിയുമ്പോൾ മനസ്സിൽ ഒന്നും ഉണ്ടാവില്ല. ഭാർഗവീനിലയം, വീരപാണ്ഡ്യ കട്ടബൊമ്മൻ തുടങ്ങിയ സിനിമകളൊക്കെ ശ്രദ്ധിക്കപ്പെട്ടതു സാങ്കേതിക മികവുകൊണ്ടല്ല. തമിഴ് സിനിമകളിലെ നെടുങ്കൻ ഡയലോഗുകൾ ഒറ്റയടിക്ക് എങ്ങനെയാണു പറയുന്നതെന്നു ഞാൻ ശിവാജി ഗണേശനോടു ചോദിച്ചിട്ടുണ്ട്. അതങ്ങു പറഞ്ഞുപോവുകയാണെന്നും നാടകത്തിൽ അഭിനയിച്ചതിന്റെ പ്രയോജനം ഉണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
പണ്ടൊക്കെ പാട്ടിന്റെ റിക്കോർഡിങ്ങിന് എല്ലാവരും സ്റ്റുഡിയോയിലേക്കു കയറുന്നതു ഭയഭക്തി ബഹുമാനങ്ങളോടെ ആയിരുന്നു. ഒരാൾ തെറ്റിച്ചാൽ എല്ലാം കുഴയും. പക്ഷേ, അക്കാലത്തു സംഗീത സംവിധായകനും പാട്ടുകാരും പിന്നണിക്കാരും ഹൃദയത്തിൽനിന്നാണു പാട്ടുകൾ ഒരുക്കിയിരുന്നത്.
കാവാലം എന്ന ഗുരുവിനെക്കുറിച്ച്?
അദ്ദേഹം ഒന്നും പറഞ്ഞുതരാറില്ല. ഗുരുസ്ഥാനത്തു നിന്നുകൊണ്ടു ശിഷ്യരെ പഠിപ്പിക്കുന്ന രീതി കാവാലത്തിനില്ലായിരുന്നു. അദ്ദേഹത്തിന്റെ കൂടെ നടക്കുമ്പോൾ ലഭിക്കുന്ന ഒരുപാടു കാര്യങ്ങളുണ്ട്. അതു മനസ്സിലാക്കിയെടുക്കുന്നതു നമ്മുടെ കഴിവാണ്. കാവാലത്തിന്റെ പതിനായിരത്തിൽ ഒരംശം അറിവുപോലും എനിക്കില്ല. അദ്ദേഹത്തിന്റെ ശിഷ്യനെന്നു പറയാനുള്ള യോഗ്യത എനിക്കുണ്ടോ എന്നാണു സംശയം. ആദ്യകാലത്ത് അദ്ദേഹത്തിന്റെ നാടക സങ്കൽപം എനിക്കു മനസ്സിലായിരുന്നില്ല. വലിയ സാഹിത്യകാരന്മാരും ചിത്രകാരന്മാരും പ്രശംസിച്ചതോടെയാണ് നമ്മൾ ചെയ്യുന്നതു ചെറിയ കാര്യമല്ലെന്നു ബോധ്യപ്പെട്ടത്.
നെടുമുടി ശൈലിയുടെ രഹസ്യം?
പഴയകാലത്തു കുട്ടനാട്ടുകാർക്കു നടന്നും വള്ളത്തിലും മാത്രമേ യാത്രചെയ്യാനാവൂ. അതിനിടെ ചുറ്റുവട്ടത്തുള്ള എല്ലാ വീട്ടുകാരെയും കാണുകയും സംസാരിക്കുകയും ചെയ്യും. അങ്ങനെ പരിചയപ്പെട്ട ഒരുപാടു കഥാപാത്രങ്ങളുണ്ട്. അവരുടെ നടപ്പും ഇരിപ്പും സംഭാഷണ ശൈലിയുമെല്ലാം മനസ്സിൽ റിക്കോർഡ് ചെയ്തു വച്ചിട്ടുണ്ട്. അതിനെ കഥാപാത്രവുമായി കൂട്ടിക്കലർത്തുമ്പോൾ സംഗതി കൃത്യമായിരിക്കും. ചിത്രീകരണവും ഡബ്ബിങ്ങും കഴിഞ്ഞാലും ചില കഥാപാത്രങ്ങൾ നമ്മുടെ മനസ്സിൽനിന്ന് ഇറങ്ങിപ്പോവില്ല. അതു വലിയ അപകടമാണ്. അങ്ങനെ വന്നാൽ അടുത്ത സിനിമയിലും അയാൾ കയറി ഷൈൻ ചെയ്യും.
സംവിധാനം ഉപേക്ഷിച്ചോ?
ലൊക്കേഷനിൽ ഇരുന്ന് ഞെക്കിപ്പഴുപ്പിച്ച് എഴുതിയ തിരക്കഥ വച്ചു സംവിധാനം ചെയ്ത സിനിമയായിരുന്നു പൂരം. താരങ്ങളെ തിരഞ്ഞെടുത്തതിലും പിഴവുപറ്റി. പഴയ തെറ്റ് ആവർത്തിക്കരുതെന്നു നിർബന്ധമുണ്ട്. ഇനി ഒരു സിനിമയെങ്കിലും സംവിധാനം ചെയ്യണമെന്നാണ് ആഗ്രഹം. ചർച്ച നടക്കുന്നു.
ജീവിതത്തിൽ ഇന്നേവരെ ഒന്നും പ്ലാൻ ചെയ്തിട്ടില്ല. നേട്ടങ്ങൾക്കായി പ്രാർഥിക്കാറില്ല. എങ്കിലും ഏതോ ശക്തി തയാറാക്കിയ തിരക്കഥയ്ക്കനുസരിച്ചു വേഷമിടുന്നവരാണു നമ്മൾ എന്ന വിശ്വാസമുണ്ട്. നമുക്കു നീക്കിവച്ച വേഷം ഭംഗിയായി ആടിത്തീർക്കണം. എന്റെ പേരക്കുട്ടികൾക്കു മാത്രമല്ല, എല്ലാ കുഞ്ഞുങ്ങൾക്കും മുത്തച്ഛനായി മാറുകയെന്നതു ഞാൻ കൊതിക്കുന്ന കാര്യമാണ്.