അഖിൽ അക്കിനേനിയുടെ ‘ഏജന്റി’ൽ മമ്മൂട്ടി; ഷൂട്ടിങിനായി താരം യൂറോപ്പിലേക്ക്
Mail This Article
നാഗാര്‍ജുന-അമല ദമ്പതികളുടെ മകനും യുവതാരവുമായ അഖിൽ അക്കിനേനി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ഏജന്റി’ൽ മമ്മൂട്ടിയും. ഇരുവരും തുല്യപ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ പട്ടാള ഉദ്യോഗസ്ഥനെയാണ് മമ്മൂട്ടി അവതരിപ്പിക്കുക. വൈഎസ്ആറിന്റെ ജീവിതം പറഞ്ഞ ‘യാത്ര’യ്ക്കു ശേഷം മെഗാസ്റ്റാര്‍ അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ഏജന്റ്.
ആക്‌ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ആദ്യഘട്ടചിത്രീകരണം ഹൈദരാബാദിൽ തുടങ്ങി. മറ്റന്നാൾ മമ്മൂട്ടി ചിത്രീകരണത്തിനായി യൂറോപ്പിലേക്ക് പോകും. നവംബർ രണ്ട് വരെയാണ് യൂറോപ്പിൽ ചിത്രീകരണം. സുരേന്ദർ റെഡ്ഡിയാണ് സിനിമ സംവിധാനം ചെയ്യുന്നത്.
റെക്കോർഡ് പ്രതിഫലമാണ് മമ്മൂട്ടി ഈ സിനിമയ്ക്ക് വാങ്ങുകയെന്നും റിപ്പോർട്ടുകളുണ്ട്. കശ്മീർ, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലാകും ഇന്ത്യയിലെ ചിത്രീകരണം. ഹോളിവുഡ് ത്രില്ലർ ബോൺ സീരിസിൽനിന്നു പ്രചോദനമുൾക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് ഏജന്റ്. ഹിപ്ഹോപ്പ് തമിഴയാണ് സംഗീതം. ഛായാഗ്രഹണം രാകുൽ ഹെരിയൻ. എഡിറ്റിങ് നവീൻ നൂലി.