‘മരക്കാർ’ ഒടിടി കരാര്‍ ഒപ്പിട്ടിരുന്നില്ല: മറുപടിയുമായി മോഹൻലാൽ
Mail This Article
‘മരക്കാർ’ സിനിമയുടെ ഒടിടി റിലീസിനു കരാർ ഒപ്പിട്ടിരുന്നില്ലെന്ന് മോഹൻലാൽ. തിയറ്റർ റിലീസിനു ശേഷമാണ് ചിത്രം ഒടിടിയിലേക്ക് നൽകാനിരുന്നതെന്നും തന്റെ ഉദ്ദേശശുദ്ധിയെ സംശയിച്ചവരോട് തിരിച്ചൊന്നും പറയാനില്ലെന്നും അദ്ദേഹം മനോരമ ന്യൂസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഞാൻ ബിസിനസുകാരൻ തന്നെയാണ്. 100 കോടി മുടക്കിയാൽ 105 കോടി പ്രതീക്ഷിക്കും. ഞാൻ മരിച്ചാലും സിനിമ മുന്നോട്ടുപോകും. തിയറ്റർ ഉടമകൾ അത് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു മോഹൻലാൽ.
ഡിസംബർ രണ്ടിനാണ് ചിത്രം ലോകമൊട്ടാകെ റിലീസ് ചെയ്യുന്നത്. കേരളത്തിലെ 90 ശതമാനം തിയറ്ററുകളിലും മരക്കാർ പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനോടകം അറുന്നൂറോളം സ്‌ക്രീനുകള്‍ ചാര്‍ട്ട് ചെയ്ത് കഴിഞ്ഞെന്നാണ് വിവരം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിർമാണം. ഡോക്ടര്‍ റോയ്, സന്തോഷ് ടി. കുരുവിള എന്നിവര്‍ സഹനിർമാതാക്കളാണ്.
സാബു സിറിലാണ് കലാ സംവിധായകൻ. തമിഴ് ക്യാമറാമാൻ തിരു ക്യാമറ കൈകാര്യം ചെയ്യുന്നു. സിദ്ധാർഥ് പ്രിയദർശനാണ് വിഎഫ്എക്സ് കൈകാര്യം ചെയ്തിരിക്കുന്നത്. രാഹുൽ രാജ് പശ്ചാത്തലസംഗീതം. റോണി റാഫേൽ ചിത്രത്തിനു വേണ്ടി ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നു.