മണിയൻ പിള്ള രാജു ഗംഭീര മത്സരാർഥി, വീറും വാശിയും ഫലം വരുന്നതുവരെ: ബാബുരാജ്
Mail This Article
താര സംഘടനയായ അമ്മയിലെ ഔദ്യോഗിക പാനലിലേക്ക് കൂടുതൽ സ്ത്രീ മത്സരാർത്ഥികളെ നിർത്തിയത് സ്ത്രീ പ്രാധിനിത്യം കുറവാണ് എന്ന പരാതി കണക്കിലെടുത്താണെന്ന് നടൻ ബാബുരാജ്. ‘അമ്മ സംഘടന ഒരിക്കലും സ്ത്രീകൾക്ക് എതിരെയല്ല. അമ്മയോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നവർക്ക് അത് അറിവുള്ള കാര്യമാണ്. മണിയൻ പിള്ള രാജു ഗംഭീര മത്സരാർഥി തന്നെയാണ്. വീറും വാശിയും തിരഞ്ഞെടുപ്പ് കഴിയുന്നതുവരെയെ ഉള്ളൂ അത് കഴിഞ്ഞാൽ ആര് ജയിച്ചാലും ഞങ്ങൾ ഒറ്റക്കെട്ടാണ് എന്നും ബാബുരാജ് മനോരമ ഓൺലൈനിനോട് പറഞ്ഞു. ഔദ്യോഗിക പാനൽ, മോഹൻലാൽ പാനൽ തന്നെയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമ്മയിലെ തരരഞ്ഞടുപ്പ് പ്രചാരണങ്ങൾ മുറുകുന്ന അവസരത്തിൽ മനോരമ ഓൺലൈനിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘അമ്മയിലെ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികളൊക്കെ ഗംഭീരമായി നടക്കുന്നു. ഒരു കോളജ് തെരഞ്ഞെടുപ്പ് അല്ലെങ്കിൽ ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന പോലെയുള്ള ത്രില്ലിലാണ് എല്ലാവരും. പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ എന്നിവരെ എതിരില്ലാതെ തിരഞ്ഞെടുത്തു കഴിഞ്ഞു. മൂന്നു വർഷം കൂടി ലാലേട്ടൻ (മോഹൻലാൽ) ഞങ്ങളുടെ പ്രസിഡന്റ് ആയി ഇരിക്കട്ടെ കുറച്ചു നല്ല കാര്യങ്ങൾ കൂടി ചെയ്യാനുണ്ട്.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കാണ് ആശാ ശരത്തും ശ്വേതാ മേനോനും ഔദ്യോഗിക പക്ഷത്തു നിന്നും മത്സരിക്കുന്നത്. അവർക്ക് എതിരായി മണിയൻപിള്ള രാജു ചേട്ടൻ മത്സരിക്കുന്നു. ലാൽ, നാസർ ലത്തീഫ്, വിജയ് ബാബു എന്നിവരാണ് ഔദ്യോഗിക പാനലിനു എതിരായി കമ്മറ്റിയിലേക്ക് മത്സരിക്കുന്നത്. കമ്മറ്റിയിലേക്ക് ഔദ്യോഗിക പാനലിൽ ഞാനും മത്സരിക്കുന്നുണ്ട്. നമ്മൾ ഇതുവരെ ഒരുപാട് നല്ല കാര്യങ്ങൾക്കായി ‘അമ്മ’യുടെ ഒപ്പം നിന്നിട്ടുണ്ട് അതുകൊണ്ട് അംഗങ്ങൾ നമ്മളെ കയ്യൊഴിയില്ല എന്ന വിശ്വാസമുണ്ട്.
സ്ത്രീകൾക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്ന പാനൽ ആണ് ഇത്തവണ മത്സരിക്കുന്നത്. കഴിഞ്ഞ പാനലിനു എതിരെ വന്ന വിമർശനം സ്ത്രീകൾക്ക് പ്രാധിനിത്യം കുറവാണ് എന്നതാണ്. ഇത്തവണ 42 ശതമാനം പ്രാധിനിത്യം സ്ത്രീകൾക്ക് കൊടുത്തിട്ടുണ്ട്. സ്ത്രീകൾ ഏറ്റവും കൂടുതൽ ഉള്ള സംഘടനയാണ് ‘അമ്മ’ അപ്പോൾ സ്ത്രീകളെ വിജയിപ്പിക്കേണ്ട ചുമതല അവർക്കാണ്. കഴിഞ്ഞ മൂന്നു വർഷങ്ങളിൽ വളരെ നല്ല പ്രവർത്തനമാണ് ഈ പാനൽ നടത്തിയത്. അതിന്റെ തുടർച്ചയാണ് പ്രസിഡന്റ് ആഗ്രഹിക്കുന്നത്.
ലാലേട്ടൻ ആദ്യം സമ്മതിച്ചില്ലായിരുന്നു. പിന്നെ ചെയ്തുകൊണ്ടിരുന്ന കാര്യങ്ങൾ തുടരണമല്ലോ എന്ന് കരുതി അദ്ദേഹം തുടരാം എന്ന് സമ്മതിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് അമ്മയിലെ കലാകാരന്മാരെ സഹായിക്കുകയും വാക്‌സിനേഷൻ ഡ്രൈവ് നടത്തുകയും മറ്റു പല നല്ല കാര്യങ്ങളും ചെയ്തു. ചെയ്യുന്ന കാര്യങ്ങൾ എല്ലാം വിളിച്ചുപറയാൻ കഴിയില്ല. മറ്റുള്ളവരുടെ സ്വകാര്യതയും മാനിക്കണമല്ലോ. ഞങ്ങളുടെ പാനൽ മോഹൻലാലിന്റെ പാനൽ തന്നെയാണ് എന്നുള്ളത് എല്ലാവർക്കും അറിയുന്ന കാര്യമാണ്.
മത്സരിക്കുന്ന മണിയൻപിള്ള രാജു ചേട്ടൻ ഗംഭീര മത്സരാർഥി തന്നെയാണ്. അദ്ദേഹം അമ്മയുടെ സ്ഥാപകരിൽ ഒരാളാണ്. അദ്ദേഹം വിജയിച്ചാലും നമുക്ക് സന്തോഷമേ ഉള്ളൂ. മത്സരമൊക്കെ 19 ാം തീയതി വൈകിട്ട് റിസൾട്ട് വരുന്നതോടെ തീരും. വീറും വാശിയുമൊക്കെ അതുവരെയെ ഉള്ളൂ. അത് കഴിഞ്ഞാൽ ഞങ്ങളെല്ലാം ഒന്നായി സംഘടനയ്ക്ക് വേണ്ടി പ്രവർത്തിക്കും. എതിരായി മത്സരിക്കുന്നു എന്ന് കരുതി ഞങ്ങൾ അന്യോന്യം തൊഴുത്തിൽ കുത്തലോ മോശം വാക്കുകൾ ഉപയോഗിക്കുകയോ ഇല്ല. ദിവസവും ഞങ്ങൾ ഫോൺ ചെയ്തു കാര്യങ്ങൾ അന്വേഷിക്കാറുണ്ട്. മത്സരിക്കുന്നവർക്കെല്ലാം വിജയിക്കണമെന്നാണല്ലോ ആഗ്രഹം. അതുകൊണ്ട് ഞങ്ങൾ നന്നായി പ്രവർത്തിക്കുന്നുണ്ട്. വിജയിക്കും എന്ന് തന്നെയാണ് വിശ്വാസം.’–ബാബുരാജ് പറഞ്ഞു.