ADVERTISEMENT

പ്രമുഖ ഫൊറൻസിക് വിദഗ്ദയും ജഗദീഷിന്റെ ഭാര്യയുമായ ഡോ.രമയ്ക്ക് അനുശോചനക്കുറിപ്പുമായി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. കേരളം ആഘോഷിച്ച ഒരു താരത്തിന്റെ ഭാര്യ എന്ന ലേബലിനപ്പുറം സ്വന്തം അസ്തിത്വത്തെ മുറുകെ പിടിച്ചിരുന്ന വ്യക്തിത്വത്തിനുടമയായിരുന്നു ഡോ.രമയെന്ന് രാഹുല്‍ പറയുന്നു.

 

രാഹുൽ മാങ്കൂട്ടത്തിന്റെ വാക്കുകൾ:

 

തിരുവനന്തപുരം മെഡിക്കൽ കോളജ് ഫൊറൻസിക് മേധാവി ഡോക്ടർ പി രമയുടെ വിയോഗ വാർത്ത കുറച്ചു മുൻപാണ് അറിഞ്ഞത്. ചലച്ചിത്ര താരം ജഗദീഷേട്ടന്റെ പ്രിയ പത്നിയാണ്. ആദരാഞ്ജലികൾ നേരാൻ അവർ ഒരുമിച്ചുള്ള ഒരു ചിത്രം തിരയുകയുണ്ടായി. പക്ഷേ ഒരുമിച്ചുള്ള ചിത്രങ്ങൾ ഒരുപാട് ഇല്ലെന്ന് മാത്രമല്ല, ഒരെണ്ണം മാത്രമാണ് കാണാൻ കഴിഞ്ഞത്. അപ്പോഴാണ് ഈ അടുത്ത് ഭാര്യയെ കുറിച്ച് ജഗദീഷേട്ടൻ പറഞ്ഞ കാര്യം ഓർമ വന്നത്. 

 

നാല് പതിറ്റാണ്ടിനോട് അടുക്കുന്ന സിനിമ ജീവിതത്തിൽ സ്വന്തം ഇടം കൃത്യമായി അടയാളപ്പെടുത്തിയ ജഗദീഷിനെ പോലൊരു താരത്തിന്റെ ഭാര്യ എന്ന വിശേഷണത്തിന്റെ താര പകിട്ട് ഒരിക്കൽ പോലും രമചേച്ചി ആഗ്രഹിച്ചിരുന്നില്ല. താര പങ്കാളിയുടെ പരിവേഷത്തിൽ പങ്കെടുക്കേണ്ട പൊതുഇടങ്ങളിൽ ഒന്നും അവർ പ്രത്യക്ഷപ്പെടാറില്ല. അതിന് വിപരീതമായ ദിശയിലാണ് അവർ ജീവിച്ചു പോന്നതെന്ന് ജഗദീഷേട്ടൻ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. 

 

എന്നിട്ടും മരണപ്പെടുമ്പോൾ നടൻ ജഗദീഷിന്റെ ഭാര്യ എന്നാണ് വാർത്തകളിൽ നിറയുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗം മുൻ മേധാവി എന്ന വിശേഷണത്തെ അവർ അത്രയും ചേർത്ത് വച്ചിരുന്നു എന്ന് മനസ്സിലാക്കാം. കേരളം ആഘോഷിച്ച ഒരു താരത്തിന്റെ ഭാര്യ എന്ന ലേബലിനപ്പുറം സ്വന്തം അസ്തിത്വത്തെ മുറുകെ പിടിക്കുകയും, ഐഡന്റിറ്റിയെ കുറിച്ച് കൃത്യമായ ബോധ്യം ഉണ്ടാകുകയും അതുയർത്തി പിടിക്കുകയും ചെയ്ത ഡോക്ടർ പി. രമയ്ക്ക് ആദരാഞ്ജലികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com