വിജയ് എന്ന താരബിംബം; കഥകള്‍ തുറന്നുപറയാൻ എസ്.എ. ചന്ദ്രശേഖര്‍
Mail This Article
നടന്‍ വിജയ്‌യുടെ അച്ഛന്‍ എസ്.എ. ചന്ദ്രശേഖര്‍ ആത്മകഥയെഴുതുകയാണ്. പതിവ് ആത്മകഥകളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങള്‍ അടിസ്ഥാനമാക്കിയുള്ള സിനിമകളുടെ സംവിധായകന്‍ കൂടിയായ എസ്എസി എന്ന ചന്ദ്രശേഖരന്‍. യുട്യൂബ് വിഡിയോയായാണ് ആത്മകഥ പുറത്തിറക്കുന്നത്.
‘യാര് ഇന്ത എസ്എഎസി’ എന്ന യുട്യൂബ് ചാനലില്‍ കൂടി വിജയ് എന്ന താരബിംബത്തിനും പിന്നിലുള്ള എല്ലാ കഥകളും വെളിപ്പെടുത്തുമെന്ന് ചന്ദ്രശേഖര്‍ മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി. വിജയ്‌യുമായുള്ള പിണക്കത്തെ കുറിച്ചും വെട്ടിത്തുറന്ന് പറയും. രാഷ്ട്രീയപ്രവേശന വിഷയത്തില്‍ ഒടുവില്‍ വിജയ് തന്റെ നിലപാടിനൊപ്പമെത്തിയോ എന്ന് വിജയ്‌യോടു ചേദിക്കണമെന്നും എസ്എസി പറഞ്ഞു.
‘കഴിഞ്ഞ നാൽപത് വർഷമായി സിനിമയിലൂടെയാണ് ഞാൻ ജനങ്ങളോട് സംസാരിച്ചിരുന്നത്. ഇപ്പോൾ എന്റെ ജീവിതത്തിൽ സിനിമ കുറഞ്ഞു. അതുകൊണ്ട് മറ്റൊരു മാധ്യമത്തിലൂടെ എനിക്ക് ജനങ്ങളോട് സംസാരിക്കണം.
വളരെ കഷ്ടപ്പെട്ട് സിനിമയിലെത്തിയ ആളാണ് ഞാൻ. ഇന്നത്തെ തലമുറയോടും അതൊക്കെ സംവദിക്കണം. ചിലപ്പോൾ എന്റെ ജീവിതം അവർക്കൊരു പ്രചോദനമാകും. അതിൽ എന്റെ ഭാര്യ, എന്റെ മകന്‍, ഞാൻ അവതരിപ്പിച്ച അഭിനേതാക്കൾ, സിനിമകള്‍ ഇതിനെക്കുറിച്ചൊക്കെ ഞാൻ തുറന്നുപറയും.’–ചന്ദ്രശേഖര്‍ പറഞ്ഞു.