ഭീഷണിക്ക് വഴങ്ങും എന്നുകരുതി, സത്യം എന്റെ ഭാഗത്ത്: ബാബുരാജ്
Mail This Article
മൂന്നാറിൽ റവന്യൂ നടപടി നേരിടുന്ന റിസോര്‍ട്ട് പാട്ടത്തിനു നൽകി നടൻ ബാബുരാജ് കബളിപ്പിച്ചുവെന്ന കോതമംഗലം സ്വദേശി അരുണിന്റെ ആരോപണത്തിൽ പ്രതികരണവുമായി ബാബുരാജ്. അരുണിന്റെ പരാതിയിൽ ഒരു കഴമ്പുമില്ലെന്ന് ബാബുരാജ് മനോരമ ഓൺലൈനിനോട് പറഞ്ഞു. 2020 ൽ അരുണിനെ ഏൽപിച്ച റിസോർട്ടിനു 11 മാസം വാടക ലഭിക്കാത്തതിനെത്തുടർന്ന് കോടതിയെ സമീപിക്കുകയും കോടതി ഇടപെട്ട് അരുണിനെ റിസോർട്ട് നടത്തുന്നതിൽനിന്നു വിലക്കി ഉത്തരവിടുകയും ചെയ്തിരുന്നു. അരുണിനെതിരെ കൊടുത്ത പരാതി ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെ അരുൺ ഉപയോഗശൂന്യമാക്കിയ തന്റെ റിസോർട്ട് പണം മുടക്കി പ്രവർത്തനയോഗ്യമാക്കിയതു കണ്ട അയാൾ തന്നെ ഭീഷണിപ്പെടുത്തിയെന്നും ബാബുരാജ് പറയുന്നു.
കോതമംഗലം തലക്കോട് സ്വദേശി അരുണാണ് ബാബുരാജിനെതിരെ പരാതി നൽകിയത്. മൂന്നാറിൽ റവന്യൂ നടപടി നേരിടുന്ന റിസോര്‍ട്ട് പാട്ടത്തിന് നൽകി 40 ലക്ഷം രൂപ തട്ടിച്ചെന്നും തിരിച്ചുചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നുമാണ് അരുണിന്റെ ആരോപണം
സംഭവത്തിൽ ബാബുരാജിന്റെ പ്രതികരണം:
‘‘വൈറ്റ് മിസ്റ്റ് എന്ന പേരുള്ള എന്റെ റിസോർട്ട് 2016 മുതൽ 2018 വരെ കോതമംഗലം സ്വദേശി അരുണിന് വാടകയ്ക്ക് കൊടുത്തിരുന്നു. ഷൈജൻ എന്നൊരു പാർട്ണറുമായി ചേർന്നായിരുന്നു ഇദ്ദേഹം റിസോർട്ട് നടത്തിയിരുന്നത്. പക്ഷേ അവർ തമ്മിൽ തെറ്റിപ്പിരിഞ്ഞപ്പോൾ റിസോർട്ട് നടത്തിപ്പ് താറുമാറാവുകയും ഞാനവരെ പറഞ്ഞു വിടുകയും ചെയ്തിരുന്നു. 2020 ൽ ഈ കക്ഷി വീണ്ടും റിസോർട്ട് നടത്തണമെന്ന ആവശ്യവുമായി വരികയും വീണ്ടും ഞാൻ അയാൾക്ക് വാടകയ്ക്ക് കൊടുക്കുകയും ചെയ്തു. ഞാൻ റിസോർട്ടിന്റെ അറ്റകുറ്റപ്പണിയെല്ലാം നടത്തിയാണ് അയാൾക്കു നൽകിയത്. അതിനു ശേഷം കൊറോണയുടെ പേരുപറഞ്ഞ് ഇയാൾ 11 മാസം എനിക്ക് വാടക തന്നില്ല. മാത്രവുമല്ല അവിടുത്തെ സ്റ്റാഫിന് ശമ്പളം പോലും കൊടുക്കാതെയും റിസോർട്ട് പ്രവർത്തിപ്പിക്കാതെയുമിരുന്നു.
ഞാൻ ജോലിക്ക് വച്ചവരായിരുന്നു സ്റ്റാഫ്. ഇയാൾ കൊടുക്കാത്തതിനാൽ പിന്നീട് ഞാനാണ് അവർക്കു ശമ്പളം കൊടുത്തത്. ഇക്കാരണങ്ങൾ കാണിച്ച് ഞാൻ തൊടുപുഴ കോടതിയിൽ കേസ് കൊടുക്കുകയും ഇയാൾക്കെതിരെ എവിക്‌ഷൻ ഓർഡർ വാങ്ങി ഇയാളെ പുറത്താക്കുകയും ചെയ്‌തിരുന്നു. ഞാൻ ഒരു കോടിയിൽ പരം രൂപയ്ക്കാണ് ക്ലെയിം ചെയ്തിരിക്കുന്നത്. കാരണം ഇയാൾ എന്റെ റിസോർട്ട് നാമാവശേഷമാക്കി, 14 ടിവി, ജനറേറ്റർ, ഫോണുകൾ, ബെഡ്ഷീറ്റുകൾ അടക്കം പല സാധനങ്ങളും അവിടെനിന്ന് നഷ്ടപ്പെട്ടിരുന്നു.
സ്റ്റാഫിന് ശമ്പളവും ഞാനാണ് നൽകിയത്. ആ കേസ് അവിടെ നിലനിൽക്കുകയാണ്. റിസോർട്ട് രണ്ടരവർഷം ഇടിഞ്ഞു പൊളിഞ്ഞു കിടന്നപ്പോൾ ഇയാൾക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നു. എന്റെ സ്ഥലം കിടന്നു നശിക്കുന്നത് കണ്ടിട്ട് ഞാൻ വീണ്ടും പണം മുടക്കി അറ്റകുറ്റപ്പണികൾ തീർത്ത് റിസോർട്ട് നന്നാക്കി എടുത്തു. 67 ലക്ഷം മുടക്കിയാണ് ഞാൻ അത് വീണ്ടും ഉപയോഗപ്രദമാക്കിയത്. ഇത് കണ്ട ഇയാൾ വീണ്ടും എന്നെ സമീപിച്ച് അയാൾ മുടക്കിയ പണം തിരികെ കൊടുക്കണമെന്നു പറയുകയും പണം കൊടുത്തില്ലെങ്കിൽ പബ്ലിക് ആയി എനിക്കെതിരെ നീങ്ങുമെന്ന് പറയുകയും ചെയ്തു.
എന്നെ മാനം കെടുത്തിയാൽ ഞാൻ ഭീഷണിക്ക് വഴങ്ങും എന്നാണു ഇയാൾ കരുതിയത്. എന്നാൽ സത്യം എന്റെ ഭാഗത്ത് ആയതിനാൽ ഞാൻ ഒരു ഭീഷണിക്കും വഴങ്ങാൻ തയാറായില്ല. മാത്രമല്ല കോടതിയിൽ നിൽക്കുന്ന ഒരു കേസാണിത്. അത് പുറത്തുവെച്ച് തീർപ്പാക്കാൻ ഞാൻ തയാറല്ല. ഇതാണ് ഇക്കാര്യത്തിലെ സത്യാവസ്ഥ. ഒരു സിനിമാതാരവുമായ എന്നെ താറടിച്ചു കാണിച്ചാൽ അയാളുടെ വഴിക്ക് വരുമെന്നാണ് അയാൾ കരുതുന്നത്.
അരുൺ പറ്റിച്ചുവെന്നാണ് ഇയാളുടെ പാർട്ണറായിരുന്ന ഷൈജൻ എന്നോട് പറഞ്ഞത്. ഞാൻ പോയി വെട്ടിപ്പിടിച്ച സ്ഥലമൊന്നുമല്ല ഇത്. കഷ്ടപ്പെട്ട് ജോലിചെയ്തുണ്ടാക്കിയ പണം കൊടുത്തു വാങ്ങിയതാണ്. എന്റെ റിസോർട്ടിന് ലൈസൻസും പൊല്യൂഷൻ സർട്ടിഫിക്കറ്റും വെള്ളത്തിന്റെ കണക്‌ഷനും എല്ലാമുണ്ട്. അരുൺ നേരിട്ടും പലരും വഴിയും എന്നെ സമീപിക്കാൻ തുടങ്ങിയിട്ട് രണ്ടാഴ്ച കഴിഞ്ഞു. ഒന്നും നടക്കുന്നില്ല എന്ന് കണ്ടപ്പോഴാണ് കബളിപ്പിച്ചു എന്ന ആരോപണവുമായി വന്നതെന്നും ബാബുരാജ് പറഞ്ഞു.
അതേസമയം, ലോക്ഡൗണിനു മുമ്പ് 40 ലക്ഷം രൂപ കരുതൽധനം നൽകിയാണ് റിസോർട്ട് പാട്ടത്തിനെടുത്തതെന്നാണ് അരുണിന്റെ വാദം. കോവിഡ് കാരണം ഒരു ദിവസം പോലും റിസോർട്ട് പ്രവർത്തിച്ചിരുന്നില്ല. അതിനു ശേഷം തുറക്കാനായി പഞ്ചായത്തിനെ സമീപിച്ചപ്പോഴാണ് അത് റവന്യൂ നടപടി നേരിടുന്ന സ്ഥലമാണെന്നു മനസ്സിലായത്. പണം തിരിച്ചു ചോദിച്ചപ്പോൾ ബാബുരാജ് ഭീഷണിപ്പെടുത്തിയെന്നും അരുൺ ആരോപിച്ചിരുന്നു. അരുണിന്റെ പരാതിയിൽ കോടതി നിര്‍ദ്ദേശിച്ചതനുസരിച്ച് അടിമാലി പൊലീസ് ബാബുരാജിനെതിരെ കേസെടുത്തിരുന്നു.