ADVERTISEMENT

നിരുപദ്രവകാരികളായ നായ്ക്കളെയും പൂച്ചകളെയും മനഃപൂർവം ആക്രമിക്കുന്ന പ്രവണത ആളുകളുടെ ഇടയിൽ വർധിക്കുന്നുണ്ടെന്ന് നടി മൃദുല മുരളി. പേപിടിച്ചതും അക്രമസ്വഭാവമുള്ളതുമായ നായ്ക്കളെ കാണുകയാണെങ്കിൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും ഈ വിഷയത്തിൽ ദീർഘകാല പരിഹാരമാണ് സര്‍ക്കാർ കണ്ടെത്തേണ്ടതെന്നും നടി പറയുന്നു.

മൃദുല മുരളിയുടെ വാക്കുകൾ:

ഞാനും, നിങ്ങൾ ഈ പട്ടിസ്നേഹികൾ എന്നു വിളിക്കുന്ന ആരും എവിടെയും പറഞ്ഞിട്ടില്ല, അക്രമ സ്വഭാവമുള്ള നായ്ക്കളുടെ കടി കൊള്ളുക തന്നെ വേണം എന്ന്. ഇതിന് വളരെ സെൻസിബിളും ലോജിക്കലും ആയ ദീർഘകാല പരിഹാരം വേണം എന്നാണ് ഞങ്ങളെല്ലാം പറയാൻ ശ്രമിക്കുന്നത്. ഇപ്പോഴത്തെ ഈ അവസ്ഥയിൽ ഇതിനെന്താണ് പോംവഴി എന്നു ചോദിക്കുന്നവരോട് പറയാൻ ഒന്നേയുള്ളൂ, പേപിടിച്ചതും അക്രമസ്വഭാവമുള്ളതുമായ നായ്ക്കളെ കണ്ടെത്തി അതിന്റേതായ ശാസ്ത്രീയ വഴികളിലൂടെ നേരിടണം.

മരിച്ചുപോയ കുട്ടിയുടെയോ കുടുംബത്തിന്റെയോ അല്ലെങ്കിൽ നായ്ക്കളുടെ ആക്രമണത്തിന് ഇരയായവരുടെയോ മനോവികാരത്തെ മാനിക്കാതെയല്ല ഇത് പറയുന്നത്. റോഡിൽ കാണുന്ന നായ്ക്കളെ ഹീനമായ രീതിയിൽ കൊന്നൊടുക്കുകയോ അക്രമിക്കുകയോ അല്ല ഇതിന് പ്രതിവിധി. ഈ ആക്രമണങ്ങളെ ഗ്ലോറിഫൈ ചെയ്ത് റീത്ത് വയ്ക്കുകയും കെട്ടിത്തൂക്കുകയും ചെയ്യുന്നത് കണ്ടു. അത് വളരെ പൈശാചികമായ രീതിയാണ്. ഇതാണ് ഞങ്ങൾ പറയാൻ ശ്രമിക്കുന്നത്. അധികൃതർ ഈ പ്രശ്നം ഏറ്റെടുത്ത് ദീർഘകാല പരിഹാരം കണ്ടെത്തണം.

ഇതിനു മുമ്പും തെരുവുനായ അക്രമണം നമ്മുടെ നാട്ടില്‍ ചര്‍ച്ചയായിട്ടുണ്ട്. ഇതും കടന്നുപോകും, പിന്നെയും വീണ്ടും പ്രശ്നമാകും. അതല്ലല്ലോ നമുക്ക് വേണ്ടത്. ഇന്ന് കുറച്ച്പേർക്ക് ഇങ്ങനെ പറ്റി, നാളെയും മറ്റന്നാളും ഇങ്ങനെ വരാതിരിക്കാൻ ശ്രമിക്കണം. ഗോവയിൽ വളരെ ഫലപ്രദമായി നടപ്പിലാക്കിയ എബിസി രീതിയാണ് ഇവിടെ പെട്ടെന്നു തന്നെ നടപ്പിലാക്കണമെന്ന് ഞങ്ങൾ മുന്നോട്ടുവയ്ക്കുന്നത്. ചെന്നൈയിൽ ക്യാച്ച് ആൻഡ് കിൽ എന്ന രീതി വളരെ വർഷങ്ങൾ എടുത്തതിനു േശഷമാണ് തെറ്റായ ഒന്നാണെന്ന് മനസ്സിലാക്കിയത്. ആ അവസ്ഥ നമുക്ക് വരരുത്. അധികൃതർ ഈ വിഷയത്തിൽ ഉടനെ തന്നെ പ്രവർത്തിക്കണം.

കാൽനടയാത്രക്കാർക്കും സ്കൂൾ കുട്ടികൾക്കും ഇനിയൊരു ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കണം. അതിന്റെ പോംവഴി ഈ നായ്ക്കളെ ഒറ്റയടിക്ക് ഇല്ലാതാക്കുകയല്ല. കഴിഞ്ഞ ഒരാഴ്ചയായി പെറ്റ് ഹോസ്പിറ്റലിൽ പോകേണ്ട ആവശ്യമുണ്ടായിരുന്നു. മിക്ക ദിവസവും വൈകിട്ട് അവിടെയായിരിക്കും ഞാൻ ഉണ്ടാകുക. കൊച്ചിയിൽ ഒരു പെറ്റ് ഹോസ്പിറ്റൽ ഉണ്ട്. ഈയിടെയായി യാതൊരു ഉപദ്രവവുമില്ലാത്ത നായ്ക്കുട്ടികളുടെയും പൂച്ചക്കുട്ടികളുടെയും നട്ടെല്ല് ഒടിച്ച്, അല്ലെങ്കിൽ മറ്റു ഹീനമായ രീതിയിൽ ഇവയെ ആക്രമിക്കുന്ന പ്രവണത ആളുകളിൽ കൂടുന്നതായി കണ്ടു. ആ ഹോസ്പിറ്റലിൽ ഇങ്ങനെ പരുക്കേറ്റ് വരുന്ന മ‍ൃഗങ്ങളുടെ എണ്ണം വിചാരിക്കുന്നതിലും കൂടുതലാണ്. കൊച്ചിയിലെ ഒരു ആശുപത്രിയുടെ കാര്യം മാത്രമാണ് ഞാൻ പറയുന്നത്. കേരളത്തിൽ ഒന്നടങ്കമുള്ള പല ആശുപത്രികളിലും ഇതുപോലുള്ള കേസ് വരുന്നുണ്ട്.

തെരുവിൽ നിന്നുമുള്ള പത്തിരുപത്തഞ്ച് മൃഗങ്ങളെ സംരക്ഷിക്കുന്ന ഒരു ചേട്ടന്റെ വീട്ടിൽ വന്നുപോലും ആളുകൾ ഉപദ്രവിക്കുന്നതായി അറിയാൻ കഴിഞ്ഞു. ഒരു ചേച്ചിയുടെ വീട്ടിലെ പട്ടിക്കുട്ടിയെ മനഃപൂർവം വണ്ടി ഇടിച്ചുകൊല്ലുക. ഇതൊന്നുമല്ല ഇതിന്റെ പോംവഴി. ഇതിനെതിരെയാണ് ഞങ്ങൾ പറയുന്നത്. അധികൃതർ ശാസ്ത്രീയമായ രീതിയിൽ ഈ വിഷയത്തെ ഏറ്റെടുക്കുക. ഈ മിണ്ടാപ്രണികളെ ഇഷ്ടപ്പെടണമെന്ന് ഞങ്ങൾ ആരും പറയുന്നില്ല, പക്ഷേ ഉപദ്രവിക്കാതിരിക്കാൻ ശ്രമിക്കുമല്ലോ. പേപിടിച്ചതും അക്രമസ്വഭാവവുമുള്ള നായ്ക്കളെ കാണുകയാണെങ്കിൽ ഉടൻ തന്നെ ബന്ധപ്പെട്ട അധികൃതരെ അറിയിക്കുക. അത് ചെയ്യൂ. അല്ലാതെ ജനങ്ങളുടെ ഒരു മനോവികാരവും ഞങ്ങൾ വില കുറച്ച് കാണുന്നില്ലെന്ന് നിങ്ങൾ മനസ്സിലാക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com