ധനുഷിന്റെ ക്യാപ്റ്റൻ മില്ലെറിൽ മൂർ; പൂജ ചിത്രങ്ങൾ
Mail This Article
ധനുഷിനെ നായകനാക്കി അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ക്യാപ്റ്റൻ മില്ലെറിൽ മലയാളി താരം മൂർ. പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ മൂറിന്, കള എന്ന ചിത്രത്തിലൂടെ മികച്ച സ്വഭാവനടനുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചിട്ടുണ്ട്. മൂറിന്റെ തമിഴ് അരങ്ങേറ്റം കൂടിയാണ് ക്യാപ്റ്റൻ മില്ലെര്‍.
പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ പിടിച്ചുപറ്റിയ റോക്കി, സാണി കായിധം എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പ്രഖ്യാപനം മുതൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന സിനിമയിൽ വിവിധ ഭാഷകളിലെ നിരവധി താരങ്ങൾ അണിനിരന്നേക്കും.
പ്രിയങ്ക മോഹൻ, സുന്ദീപ് കിഷൻ, നിവേദിത സതീഷ്, ജോൺ കൊക്കൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.അരുൺ മതേശ്വരൻ തന്നെയാണ് ക്യാപ്റ്റൻ മില്ലറിന്റെ രചനയും നിർവഹിക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജിവി പ്രകാശ് ആണ്. സെന്തിൽ ത്യാഗരാജനും, അർജുൻ ത്യാഗരാജനും ചേർന്നാണ് ചിത്രത്തിന്റെ നിർണമാണം.
ഛായാഗ്രഹണം ശ്രേയാസ് കൃഷ്ണയും, കലാസംവിധാനം ടി രാമലിംഗവും ആണ് നിർവഹിക്കുന്നത്. മദൻ കാർക്കിയും പൂർണ്ണ രാമസ്വാമിയും ചേർന്നാണ് സംഭാഷണങ്ങൾ ഒരുക്കുന്നത്. കാവ്യ ശ്രീറാം വസ്ത്രാലങ്കാരം ഒരുക്കുമ്പോൾ ദിലീപ് സുബ്ബരായനാണ് ക്യാപ്റ്റൻ മില്ലെറുടെ സംഘട്ടന രംഗങ്ങൾ ഒരുക്കുക.ഒരേസമയം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിന് എത്തും.