വിശാഖ് സുബ്രഹ്മണ്യം വിവാഹിതനായി; ആശംസകളേകി മോഹൻലാലും ശ്രീനിവാസനും; വിഡിയോ
Mail This Article
യുവനിർമാതാവും സിനിമ നിർമാണ രംഗത്തെ സജീവ സാന്നിധ്യവുമായ വിശാഖ് സുബ്രഹ്മണ്യം വിവാഹിതനായി. യുവസംരംഭക അദ്വൈത ശ്രീകാന്താണ് വധു. മെറിലാൻഡ് സ്റ്റുഡിയോസിന്റെ സ്ഥാപകനായ പി. സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകനാണ് വിശാഖ്.
ചടങ്ങിൽ മോഹൻലാൽ, സുചിത്ര മോഹൻലാൽ, ശ്രീനിവാസൻ, സുരേഷ് കുമാർ, മേനക സുരേഷ്, മണിയൻപിള്ള രാജു, വിനീത് ശ്രീനിവാസൻ, അജു വർഗീസ്, കല്യാണി പ്രിയദർശൻ, ധ്യാൻ ശ്രീനിവാസൻ തുടങ്ങി സിനിമ, രാഷ്ട്രീയ മേഖലകളിലെ സുഹൃത്തുക്കൾ, ബിസിനസ് പ്രമുഖർ എന്നിവരടക്കം നിരവധി പേർ പങ്കെടുത്തു.
ലവ് ആക്‌ഷൻ ഡ്രാമ എന്ന ചിത്രം നിർമിച്ചുക്കൊണ്ട് നിർമാണരംഗത്തേക്ക് കടന്നുവന്ന വിശാഖ് സുബ്രഹ്മണ്യം, വിനീത് ശ്രീനിവാസൻ–പ്രണവ് മോഹൻലാൽ ചിത്രമായ ‘ഹൃദയ’ത്തിലൂടെ മെറിലാൻഡ് സ്റ്റുഡിയോസിന് ഒരു തിരിച്ചുവരവ് നൽകുകയും ചെയ്‌തു. തിരുവനന്തപുരം ശ്രീകുമാർ, ശ്രീവിശാഖ്, ന്യൂ തീയറ്ററുകളുടെ ഉടമയായ എസ്. മുരുഗന്റെയും സുജ മുരുഗന്റെയും മകനാണ് വിശാഖ്.
തിരുവനന്തപുരത്തു ബ്ലെൻഡ് റെസ്റ്റോബാർ നടത്തുകയാണ് വധു അദ്വൈത ശ്രീകാന്ത്. എസ്എഫ്എസ് ഹോംസ് എക്സിക്യൂട്ടീവ് ചെയർമാന്‍ കെ ശ്രീകാന്തിന്റെയും രമ ശ്രീകാന്തിന്റെയും മകളാണ്. .
അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരോടൊപ്പം ഫൺടാസ്റ്റിക് ഫിലിംസ് എന്ന നിർമാണ കമ്പനിയിലും പങ്കാളിയാണ് വിശാഖ് സുബ്രഹ്മണ്യം. ‘പ്രകാശൻ പറക്കട്ടെ’യാണ് ഈ കൂട്ടുകെട്ടിൽ അവസാനമായി തിയറ്ററുകളിൽ എത്തിയ ചിത്രം.