കുറച്ചുകൂടി ക്രൂരനാകും: മുകുന്ദൻ ഉണ്ണി രണ്ടാം ഭാഗം 2024 ൽ
Mail This Article
മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ് എന്ന ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് വിനീത് ശ്രീനിവാസൻ. 2024 ൽ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രേക്ഷകരുടെ മുന്നിലെത്തും. നിർമാതാവിനോട് പോലും പറയാത്ത രഹസ്യമാണ് മാധ്യമങ്ങളോട് ഇപ്പോൾ പങ്കുവയ്ക്കുന്നതെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു. രണ്ടാം ഭാഗത്തേക്കുറിച്ചുള്ള ഒരു ഐഡിയ കിട്ടി, പ്ലാൻ ചെയ്യുന്നു. സമയമെടുക്കുമെന്ന് ചിത്രത്തിന്റെ സംവിധായകൻ അഭിനവ് സുന്ദർ നായകും പറഞ്ഞു.
‘‘2024 ൽ മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സിന്റെ രണ്ടാം ഭാഗം ചെയ്യാൻ അഭിനവിന് ആലോചനയുണ്ട്. അഭി എഡിറ്റ് ചെയ്യുന്ന രണ്ടു മൂന്നു ചിത്രങ്ങളും ചിലപ്പോൾ മറ്റൊരു പടത്തിന്റെ സംവിധാനവും കഴിഞ്ഞിട്ട് മുകുന്ദനുണ്ണി വീണ്ടും വരും കുറച്ചുകൂടി ക്രൂരനായിട്ട് ആയിരിക്കുമോ എന്നറിയില്ല എന്തായാലും ആളുണ്ടാകും. അതുകൂടി നിങ്ങളോട് ഷെയർ ചെയ്യാമെന്ന് വിചാരിച്ചാണ് ഞങ്ങൾ ഇങ്ങനെയൊരു പ്രസ് മീറ്റ് പ്ലാൻ ചെയ്തത്.’’– വിനീത് പറഞ്ഞു.
ഗോദ, ആനന്ദം, യൂ ടൂ ബ്രൂട്ടസ് തുടങ്ങിയ സിനിമകളുടെ എഡിറ്റർ ആയിരുന്ന അഭിനവ് സുന്ദർ നായക് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്. മുകുന്ദൻ ഉണ്ണി എന്ന ക്രൂരനായ വക്കീലായാണ് വിനീത് ചിത്രത്തിൽ എത്തുന്നത്. സുധി കോപ്പ, സുരാജ് വെഞ്ഞാറമ്മൂട്, ആർഷ ബൈജു, തൻവി റാം എന്നിവരാണ് മറ്റ് താരങ്ങൾ. ജോയ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ഡോ. അജിത് ജോയ് ആണ് നിര്‍മാണം.