തുടർച്ചയായ മൂന്നാം പരാജയം; കേരള സ്ട്രൈക്കേഴ്സ് പുറത്ത്
Mail This Article
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ മൂന്നാം തോൽവി ഏറ്റുവാങ്ങി കേരള സ്ട്രൈക്കേഴ്സ്. 7 റണ്‍സിനാണ് മുംബൈ ഹീറോസിനോട് കേരള സ്ട്രൈക്കേഴ്സ് പരാജയപ്പെട്ടത്. അവസാന ഓവറില്‍ 12 റണ്‍സ് മാത്രമായിരുന്നു കേരളത്തിന് വേണ്ടിയിരുന്നത്. എന്നാല്‍ ഓവർ നേരിട്ട ജീന്‍ ലാലിനും, പ്രശാന്ത് അലക്സാണ്ടറിനും അഞ്ച് റൺസ് മാത്രമാണ് എടുക്കാനായത്. അതേ സമയം മികച്ച ഫോമിലുണ്ടായിരുന്ന എതിര്‍ഭാഗത്തെ അര്‍ജുന്‍ നന്ദകുമാറിന് സ്ട്രൈക്ക് കൈമാറാനും സാധിക്കാത്തതോടെ കേരളം സിസിഎല്ലിലെ മൂന്നാം പരാജയം രുചിച്ചു. തുടർച്ചയായ മൂന്നാം പരാജയത്തോടെ കേരള സ്‍ട്രൈക്കേഴ്‍സ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽനിന്നു പുറത്തായി.
മുംബൈയ്ക്കെതിരെ കേരള സ്ട്രൈക്കേഴ്സിന്റെ വിജയലക്ഷ്യം 113 റണ്‍സായിരുന്നു. സിദ്ധാർഥ് മേനോനും വിവേക് ഗോപനും അർജുൻ നന്ദകുമാറുമാണ് ബാറ്റിങിൽ മികച്ച പ്രകടനം കാഴ്ചവച്ചത്. വിവേക് ഗോപന്‍ ആദ്യ ഇന്നിങ്സിലെ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തില്ലെങ്കിലും 14 പന്തില്‍ 17 റണ്‍സ് എടുത്തു. കേരളത്തിനായി 19 പന്തില്‍ 38 നേടിയ അര്‍ജുന്‍ നന്ദകുമാറാണ് തിളങ്ങിയത്. ഇദ്ദേഹം നോട്ട് ഔട്ടായിരുന്നു. മത്സരത്തില്‍ മാൻ ഓഫ് ദ മാച്ച് മുംബൈ താരമായ ശരദ് കേല്‍ക്കറാണ്. മുംബൈ ക്യാപ്റ്റന്‍ റിതേഷ് ദേശ്‍മുഖാണ് മികച്ച ബൗളര്‍. മികച്ച ബാറ്റ്‍സ്‍മാൻ വിവേക് ഗോപനാണ്.
നേരത്തെ ഒമ്പത് റണ്‍സിന്റ ലീഡുമായാണ് ബോളിവുഡ് താരങ്ങള്‍ രണ്ടാം സ്‍പെല്ലില്‍ ബാറ്റിങിനിറങ്ങിയത്. കേരള സ്‍ട്രൈക്കേഴ്‍സിന് എതിരെ മുംബൈ അഞ്ച് വിക്കറ്റ് നഷ്‍ടത്തില്‍ 103 റണ്‍സാണ് രണ്ടാം സ്‍പെല്ലില്‍ നേടിയത്. മാധവും അപൂര്‍വയുമാണ് മുംബൈ ഹീറോസിന് വേണ്ടി ഓപ്പണിംഗിനിറങ്ങിയത്. സ്‍കോര്‍ ബോര്‍ഡില്‍ വെറും മൂന്ന് റണ്‍സ് ആയിരിക്കെ മുംബൈയുടെ ആദ്യ വിക്കറ്റ് സ്വന്തമാക്കാൻ കേരളത്തിന് ആയി. ഒരു റണ്‍സ് മാത്രമെടുത്ത അപൂര്‍വയെ ആദ്യ ഓവറിലെ അവസാന പന്തില്‍ സൈജു കുറുപ്പ് പുറത്താക്കുകയായിരുന്നു. ആറാം ഓവറിലെ ആദ്യ പന്തിലായിരുന്നു അടുത്ത വിക്കറ്റ് വീഴ്‍ച. മറ്റൊരു ഓപ്പണറായ മാധവ് 17 റണ്‍സ് എടുത്ത് നില്‍ക്കേ വിവേക് ഗോപൻ സ്വന്തം പന്തില്‍ ക്യാച്ച് എടുത്തു.
വൻ സ്‍കോറിലേക്ക് കുതിക്കും എന്ന് തോന്നിച്ച മുംബൈയെ തടഞ്ഞത് എട്ടാം ഓവറില്‍ ലാല്‍ ജൂനിയര്‍ ആയിരുന്നു. എട്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ സാഖിബ് സലിമിനെ ലാല്‍ ജൂനിയര്‍ എന്ന ജീൻ പോള്‍ ലാല്‍ സ്വന്തം പന്തില്‍ ക്യാച്ച് എടുത്ത് പുറത്താക്കി. അതേ ഓവറിലെ നാലാം പന്തില്‍ ഷബ്ബിര്‍ അലുവാലിയയുടെ വിക്കറ്റ് ലാല്‍ ജൂനിയര്‍ തെറിപ്പിച്ചു. സാഖിബ് സലീം 12ഉം ഷബ്ബിര്‍ ഒന്നും റണ്‍സാണ് എടുത്തിരുന്നത്. അവസാന ഓവര്‍ എറിഞ്ഞ ജീൻ സാമിര്‍ കൊച്ചാറിന്റെയും വിക്കറ്റ് എടുത്തു.
മുബൈ ഹീറോസിന്‍റെ ആദ്യ സ്‍പെല്ലില്‍ 116 റണ്‍സ് പിന്തുടര്‍ന്ന കേരള സ്ട്രൈക്കേഴ്സ് ആദ്യ സ്പെല്ലില്‍ 5 വിക്കറ്റിന് 107 റണ്‍സ് നേടി. വന്‍ തകര്‍ച്ചയ്ക്ക് ശേഷം 5 ഓവറിന് ശേഷം വിവേക് ഗോപന്‍ നടത്തിയ വെടിക്കെട്ടാണ് മുംബൈയ്ക്കെതിരെ മാന്യമായ സ്കോറിലേക്ക് കേരളത്തെ എത്തിച്ചത്.
വിവേക് ഗോപന്‍ 24 പന്തില്‍ 63 റണ്‍സ് നേടി. ഇതില്‍ 7 സിക്സും 1 ഫോറും ഉള്‍പ്പെടുന്നു. സൈജു കുറുപ്പുമായി ചേര്‍ന്ന് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് കേരളത്തിന് രക്ഷയായത്. 19 റണ്‍സ് 18 ബോളില്‍ സൈജു കുറുപ്പ് നേടി. ഇവര്‍ ഒഴികെ ആരും കേരള നിരയില്‍ രണ്ടക്കം കടന്നില്ല. മുംബൈയ്ക്കായി ക്യാപ്റ്റന്‍ റിതേഷ് ദേശ്മുഖ് 3 വിക്കറ്റ് നേടി. 9 റണ്‍സ് മാത്രമാണ് രണ്ട് ഓവറില്‍ റിതേഷ് വഴങ്ങിയത്.
കേരള സ്‍ട്രൈക്കേഴ്‍സിന് എതിരെ മുബൈ ഹീറോസിന് ആദ്യ സ്‍പെല്ലില്‍ 116 റണ്‍സ്. ടോസ് നേടി ബാറ്റിങിനിറങ്ങിയ മുംബൈ താരങ്ങള്‍ ഏഴ് വിക്കറ്റ് നഷ്‍ടത്തിലാണ് ആദ്യ 10 ഓവറില്‍ 116 റണ്‍സ് എടുത്തത്. മുംബൈ ഹീറോസിന്റെ ഓപ്പണര്‍ സാഖിബ് സലീം ആണ് ബാറ്റിങ് നിരയില്‍ തിളങ്ങിയത്. സെലിബ്രിറ്റി ക്രിക്കറ്റില്‍ സീസണില്‍ കേരള ടീമില്‍ ആദ്യമായി ഇറങ്ങിയ ആന്റണി വര്‍ഗീസ് രണ്ട് വിക്കറ്റ് എടുത്തു.