‘വാലിബൻ’ സെറ്റിൽ പുതുമുഖ നടന്റെ പിറന്നാൾ ആഘോഷമാക്കി മോഹൻലാൽ; വിഡിയോ
Mail This Article
സ്വപ്നസമാനമായ പിറന്നാൾ ആഘോഷിച്ചതിന്റെ സന്തോഷത്തിലാണ് പുതുമുഖ നടൻ മനോജ് മോസെസ്. മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് ഒരുക്കുന്ന ‘മലൈക്കോട്ടൈ വാലിബന്റെ’ ലൊക്കേഷനിൽവച്ചായിരുന്നു മനോജിന്റെ പിറന്നാൾ ആഘോഷം. മോഹൻലാൽ, ലിജോ ജോസ്, ഹരീഷ് പേരടി, മണികണ്ഠൻ ആചാരി, ബംഗാളി നടി കഥാ നന്ദി എന്നിവരും പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു.
‘‘ഈ ദിവസം ഞാൻ ഈ ലോകത്തേക്ക് വന്നു. വളരെ വിശേഷപ്പെട്ട ദിവസം എല്ലാവരോടും ഒരു കാര്യം അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ രണ്ട് മാസമായി വലിയ സംവിധായകന്റെ സ്വപ്ന പദ്ധതിക്കൊപ്പം ഞാനും യാത്ര ചെയ്യുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരി സാറിനെക്കുറിച്ചും അദ്ദേഹത്തിന്റെ മലൈക്കോട്ടൈ വാലിബനെക്കുറിച്ചുമാണ് ഞാൻ പറയുന്നത്. ഇതിൽ അഭിനയിക്കുന്നത് ഇതിഹാസ താരമായ ലാലേട്ടനും. മോഹൻലാൽ സാറിനൊപ്പം അഭിനയിക്കാൻ സാധിക്കുക, സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക, ഇതിൽ കൂടുതൽ എനിക്കെന്ത് േവണം. ഈ അമൂല്യമായ അവസരം തന്നതിന് സർവശക്തനോട് നന്ദി പറയുന്നു. ലിജോ സാറിനോടും ലാലേട്ടനോടും ഉള്ള എന്റെ നന്ദി അതിരറ്റതാണ്.’’–മനോജ് മോസെസ് പറഞ്ഞു. ‘മൂൺവാക്ക്’ എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ് മനോജ്.
അതേസമയം, രാജസ്ഥാനിലെ പൊഖ്റാനിൽ ‘വാലിബന്റെ’ ചിത്രീകരണം പുരോഗമിക്കുകയാണ്. ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയില്‍ ആരംഭിച്ച ജോണ്‍ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മോണാസ്ട്രി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. പി.എസ്. റഫീഖിന്റേതാണ് തിരക്കഥ. സംഗീതം പ്രശാന്ത് പിള്ള. മധു നീലകണ്ഠന്‍ ആണ് ഛായാഗ്രഹണം. ലിജോയുടെ ശിഷ്യനും സംവിധായകനുമായ ടിനു പാപ്പച്ചനാണ് ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍.