അവസാന നിമിഷം വരെയും ഇന്നസന്റിന് ഒപ്പമിരുന്ന് മമ്മൂട്ടി; വിഡിയോ
Mail This Article
ഇന്നസന്റിന്റെ ഭൗതിക ശരീരം വിശ്രമിക്കുന്ന കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലെ വിശാലമായ ഹാളിൽ പ്രിയ സുഹൃത്തിന്റെ അനക്കമറ്റ ശരീരത്തിന് മുന്നിൽ സങ്കടം കടിച്ചമർത്തി മമ്മൂട്ടി നിന്നു. ചുവന്നു കലങ്ങിയ കണ്ണുകൾ കൊണ്ട് ഇന്നസന്റിനെ നോക്കുമ്പോൾ ഒരു ജീവിതകാലം മുഴുവൻ ഒരുപാട് ആളുകളെ ചിരിപ്പിച്ചും, ചിന്തിപ്പിച്ചും ജനമനസ്സുകളിൽ ഇടം നേടിയ ഈ അതുല്യ നടനുമായുള്ള സ്വകാര്യ നിമിഷങ്ങൾ മമ്മൂട്ടിയുടെ മനസ്സിൽ അലകടലായിട്ടുണ്ടാകാം. മോഹൻലാൽ–മമ്മൂട്ടി എന്ന രണ്ടു ദ്വന്ദങ്ങളിൽ മലയാള സിനിമ തിളങ്ങി നിന്നപ്പോൾ ഹാസ്യ സാമ്രാട്ടിന്‍റെ പകരം വയ്ക്കാനില്ലാത്ത സിംഹാസനത്തിലേക്ക് ഇന്നസന്റ് എന്ന നിഷ്കളങ്കൻ എടുത്തുയർത്തപ്പെടുകയായിരുന്നു. അച്ഛന്‍, ജ്യേഷ്ഠൻ, കാര്യസ്ഥൻ, സുഹൃത്ത്, വക്കീൽ അങ്ങനെ തന്നോടൊപ്പം സിനിമയിലെത്തിയ നാൾ മുതൽ ഇന്നോളം അന്വർഥമാക്കിയ കഥാപാത്രങ്ങളുടെ ഉടയോൻ വിടപറഞ്ഞു എന്നത് മമ്മൂട്ടിയെ സംബന്ധിച്ച് ഉൾക്കൊള്ളാൻ കഴിയാത്ത വേദനയായിരിക്കും .
മാർച്ച് മൂന്നിനാണ് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഇന്നസെന്റിനെ ലേക്‌ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നസന്റ് അത്യാസന്ന നിലയിലായത് മുതൽ അദ്ദേഹത്തിന്റെ വിവരങ്ങൾ മമ്മൂട്ടി ആശുപത്രിയിൽ നിന്ന് മനസ്സിലാക്കിക്കൊണ്ടേയിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളാകുന്നത് മനസ്സിലാക്കിയ മമ്മൂട്ടി ഇന്നലെ രാവിലെ തന്നെ കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിയിലെത്തിയിരുന്നു. വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുന്ന ഇന്നസെന്റിനെ മമ്മൂട്ടി കണ്ടു. അതിനുശേഷം ഡോക്ടർമാരോട് അദ്ദേഹത്തിന്റെ സ്ഥിതിയെക്കുറിച്ചുള്ള അന്വേഷണങ്ങൾക്ക് ശേഷം മമ്മൂട്ടി സ്വവസതിയിലേക്ക് മടങ്ങി.
എന്നാൽ രാത്രി പത്തരയോടെ ഇന്നസെന്റിന്റെ മരണവാര്‍ത്ത അറിഞ്ഞ മമ്മൂട്ടി വീണ്ടും ലേക് ഷോറിലേക്ക് ഓടിയെത്തുകയായിരുന്നു. മാധ്യമങ്ങൾ ഇന്നസെന്റിനെക്കുറിച്ച് പ്രതികരണങ്ങൾ ആരാഞ്ഞെങ്കിലും ഒരുവാക്ക് പോലും പറയാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു മമ്മൂട്ടി. സുഹൃത്തിനെ അവസാനമായി ഒരുനോക്ക് കാണാൻ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെത്തിയ മമ്മൂട്ടി ഒരുമാത്ര സുഹൃത്തിനെ നോക്കി ഭൗതികശരീരത്തിനരികെ നിന്നു. താരസംഘടനയുടെ അധ്യക്ഷനായി പതിനെട്ട് വർഷത്തോളം തങ്ങളെ നയിച്ച പ്രിയസുഹൃത്തിന് യാത്രാമൊഴി നേർന്ന് മമ്മൂട്ടി പിൻവാങ്ങി.