‘ഏജന്റ്’ കേരള പ്രമോഷന് തുടക്കം; മമ്മൂട്ടിയുടെ 50 അടി കട്ടൗട്ട് ഒരുക്കി വിതരണക്കാർ
Mail This Article
അഖില്‍ അക്കിനേനി ചിത്രം ‘ഏജന്റി’ലെ മമ്മൂട്ടിയുടെ പ്രകടനത്തിനായി ആകാംക്ഷയോടെ കാത്തിരിപ്പാണ് ആരാധകര്‍. കേണല്‍ മഹാദേവനെന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. സിനിമയുടെ ടീസറുകളിലും പോസ്റ്ററുകളിലും സ്റ്റൈലിഷ് ലുക്കിലെത്തുന്ന മമ്മൂട്ടിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ സിനിമയുടെ കേരള റിലീസിനായി ഗംഭീര പ്രചാരണമാണ് അണിയറക്കാര്‍ ഒരുക്കുന്നത്. കോഴിക്കോട് നഗരത്തിലെ എആര്‍സി കോറണേഷന്‍ തിയറ്ററില്‍ മമ്മൂട്ടിയുടെ അന്‍പത് അടി ഉയരത്തിലുള്ള കട്ടൗട്ട് ആണ് ചിത്രത്തിന്റെ വിതരണക്കാരായ യൂലിന്‍ പ്രൊഡക്‌ഷന്‍സ് ഉയര്‍ത്തിയത്.
പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കുന്ന ചടങ്ങിൽ യൂലിൻ പ്രൊഡക്‌ഷൻസ് സാരഥികളായ അഖിൽ മുരളി, ആഷിക് മുരളി എന്നിവരും ഓൾ കേരള മമ്മൂട്ടി ഫാൻസ് അസോസിയേഷൻ അംഗങ്ങളും പങ്കെടുത്തു. ഏജന്റ് പ്രൊമോഷൻ അഭിമുഖങ്ങളിൽ അഖിൽ അക്കിനേനി മമ്മൂട്ടിയെക്കുറിച്ചു പങ്കുവച്ച കാര്യങ്ങളും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാണ്. ഏജന്റിൽ റോ ചീഫ് ആയാണ് മമ്മൂട്ടി അഭിനയിക്കുന്നത്. അദ്ദേഹത്തിന്റെ ടീമിലാണ് താനെന്നും തങ്ങൾ ഒരുമിച്ചുള്ള ഒരുപാട് ആക്‌ഷൻ രംഗങ്ങൾ സിനിമയിലുണ്ടെന്നും അഖിൽ പറഞ്ഞിരുന്നു.
സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിൽ നവാഗതയായ സാക്ഷി വൈദ്യ നായികാ വേഷം ചെയ്തിരിക്കുന്നു. ഹിപ്ഹോപ് തമിഴൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് രാകുല്‍ ഹെരിയനും എഡിറ്റ് ചെയ്തിരിക്കുന്നത് നവീൻ നൂലിയുമാണ്. ആക്‌ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് വേണ്ടി വമ്പൻ മേക്കോവറാണ് അഖിൽ അക്കിനേനി നടത്തിയിരിക്കുന്നത്.
ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളിലൊക്കെയായി ഷൂട്ട് ചെയ്ത ഈ ചിത്രം എകെ എന്റർടെയ്ൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണ് നിർമിക്കുന്നത്. പിആർഒ പ്രതീഷ് ശേഖർ. ചിത്രം ഏപ്രിൽ 28ന് മലയാളം, തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിൽ ലോകവ്യാപകമായി റിലീസ് ചെയ്യും