ADVERTISEMENT

വയനാട്ടിൽ രാഹുൽ ഗാന്ധി പങ്കെടുത്ത പൊതുസമ്മേളന വേദിയിൽ ഇടതുപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ജോയ് മാത്യു. കമ്യൂണിസ്റ്റ് പാർട്ടിയിൽ സ്വേച്ഛാധിപത്യം മാത്രമാണെന്നും കറുപ്പിനെ അലർജിയുള്ള ഏകാധിപതിയാണ് ഇപ്പോൾ എല്ലാം തീരുമാനിക്കുന്നതെന്നും ജോയ് മാത്യു പറഞ്ഞു. തെറ്റു കണ്ടാൽ ചൂണ്ടിക്കാട്ടുന്ന ഒറ്റയാൾ പോരാളിയാണ് രാഹുൽ ഗാന്ധി. ഇന്ന് ഇന്ത്യ ഉറ്റുനോക്കുന്നത് രാഹുൽ ഗാന്ധിയെയാണ്. അദ്ദേഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടത് ജനങ്ങളുടെ അവകാശമാണ്. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ഈ ഇന്ത്യൻ അവസ്ഥയിൽ ‘ഒരാൾ കള്ളൻ’ എന്നു പറയാൻ അദ്ദേഹം കാണിച്ച ചങ്കൂറ്റത്തെ സ്വാഗതം ചെയ്യുന്നു.’’–ജോയ് മാത്യു പറഞ്ഞു.

‘‘എന്നെക്കാള്‍ പ്രശസ്തരും ആരാധകരും ഉള്ള ആളുകളെ വിളിക്കുന്നതിനു പകരം കുറച്ച് സിനിമകളിലൊക്കെ അഭിനയിച്ച, കുറച്ച് കാര്യങ്ങളൊക്കെ പറയുന്നൊരാളെ വിളിച്ച് ഇത്രയും വലിയൊരു സദസിനു മുന്നില്‍ ഇരുത്തുക എന്ന് പറഞ്ഞാല്‍, എന്നില്‍ എന്തോ ഒരു നല്ല വശം ഉണ്ട്. ആ നല്ല വശം ഇത്രയേ ഉള്ളൂ, അനീതി കണ്ടാല്‍ എതിര്‍ക്കുക. അതിന് നിങ്ങള്‍ കോണ്‍ഗ്രസുകാരനോ കമ്യൂണിസ്റ്റുകാരനോ ആകണമെന്നില്ല. പക്ഷേ കമ്യൂണിസ്റ്റുകാര്‍ എതിര്‍ക്കില്ല. അത് വേറെ കാര്യം. കാരണം ഒരൊറ്റ മുഖം ഉള്ള പാര്‍ട്ടിയാണ് കമ്യൂണിസ്റ്റ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. വിമര്‍ശനങ്ങള്‍ അവര്‍ക്ക് സ്വീകാര്യമേ അല്ല. വിമർശനങ്ങളെ ഉൾക്കൊള്ളാൻ കമ്യൂണിസ്റ്റുകാർ തയാറാവുന്നില്ല.

കഴിഞ്ഞ ദിവസം കോൺഗ്രസിന്റെ പരിപാടിയിൽ പങ്കെടുത്ത കൽപറ്റ മാഷ് പറഞ്ഞൊരു കാര്യമുണ്ട്, ‘കോൺഗ്രസിന്റെ ഏറ്റവും വലിയ ഗുണം ഒരുപാട് അഭിപ്രായങ്ങളുണ്ട് എന്നതാണ്.’ ഇങ്ങനെ ഒരുപാട് അഭിപ്രായമുള്ള പാർട്ടിക്കു മാത്രമേ ജനാധിപത്യസ്വഭാവം കാത്തുസൂക്ഷിക്കാനാകൂ. മറ്റേതിൽ ജനാധിപത്യമില്ല. സ്വേച്ഛാധിപത്യം മാത്രമേയുള്ളൂ. ഒരാൾ മാത്രം തീരുമാനിക്കുന്നു, അത് നടക്കുന്നു. അയാൾ ആരാണെന്ന് ഞാൻ പറയുന്നില്ല. നിങ്ങളെല്ലാവരും കറുത്ത ഷർട്ട് ധരിച്ചാകും വരിക എന്നാണ് ഞാൻ വിചാരിച്ചത്. പാർട്ടി സെറ്റപ്പ് അങ്ങനെയാണ്. വളരെ തീവ്രമായ കമ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ച ആളാണ് ഞാൻ. ചോദ്യം ചെയ്യാൻ പാടില്ലാത്ത ഒന്നാണ് അതിന്റെ ഘടന. കൊല്ലുന്നതിനു മുമ്പു വരെ സഖാവേ എന്നു വിളിക്കും. അതേ സഖാവിനെ അൻപത്തിയൊന്നോ അതിൽ കൂടുതലോ വെട്ടുവെട്ടി കൊല്ലും. കമ്യൂണിസം എന്ന സാധനം ഇപ്പോൾ ഇല്ല, അതുണ്ടെന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇനിയുള്ള കാലത്ത് ഇതു വരാൻ തന്നെ ബുദ്ധിമുട്ടാണ്. മുതലാളിത്തം അത്രമേൽ അതിൽ പിടിമുറുക്കി കഴിഞ്ഞു. അവിടെയാണ് ജനാധിപത്യത്തിന്റെ പ്രസക്തി. അവിടെയാണ് ജനാധിപത്യത്തിലെ ഈടുറ്റ ശബ്ദത്തിന്റെ പ്രസക്തി. അവിടെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രസക്തി.

തെറ്റ് കണ്ടാൽ ചൂണ്ടിക്കാട്ടുന്ന ഒറ്റയാൾ പോരാളിയാണ് രാഹുൽ ഗാന്ധി. ഒരാൾ ഒറ്റയ്ക്കു നിന്നു പോരാടാൻ തയാറാകുന്ന മനസ്സാണ് അദ്ദേഹത്തിന്റേത്. ഞാൻ കോൺഗ്രസ് ആണോ എന്ന് എനിക്കു തന്നെ അറിയില്ല. ഇന്ന് ഇന്ത്യ ഉറ്റുനോക്കുന്നത് രാഹുൽ ഗാന്ധിയെയാണ്. അദ്ദേഹത്തിന്റെ നെഞ്ചുറപ്പിനെ, ആ വ്യക്തിത്വത്തെ ബഹുമാനിക്കുന്നു. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ഈ ഇന്ത്യൻ അവ്സഥയിൽ ഒരാൾ കള്ളനാണ് എന്ന് പറയാൻ കാണിച്ച അദ്ദേഹത്തിന്റെ ചങ്കൂറ്റത്തെ സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടത് ജനങ്ങളുടെ അവകാശമാണ്.

കോൺഗ്രസിന്റെ പ്രവർത്തനങ്ങളെ വിമർശിച്ചയാളാണ് ഞാൻ. അതിൽ അവർക്കും ഒരു പ്രശ്നമില്ല, കാരണം ഏറ്റവും കൂടുതൽ സഹിഷ്ണുതാ ബോധമുള്ള പാർട്ടിയാണ് കോൺഗ്രസ്.’’–ജോയ് മാത്യു പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com