ഭർത്താവിനെ തെറ്റുപറയരുത്: വൈറൽ വിഡിയോയിൽ പ്രതികരിച്ച് സന ഖാൻ
Mail This Article
കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ബാബ സിദ്ദീഖിയുടെ ഇഫ്താർ വിരുന്നിൽ പങ്കെടുത്ത നടി സന ഖാന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സന ഖാനും ഭര്‍ത്താവ് മുഫ്തി അനസ് സെയിദുമാണ് വിഡിയോയിലുള്ളത്. ഇഫ്താര്‍ പരിപാടിക്കിടെ ഗര്‍ഭിണിയായ സനയുടെ കയ്യില്‍ പിടിച്ച് വേഗത്തില്‍ നടന്നുപോകുന്ന അനസിനെ കാണാം. വിഡിയിയോൽ ആകെ അവശയായാണ് സനയെ കാണാനാകുന്നതും. വിഡിയോ വൈറലായതോടെ അനസിനെ വിമർശിച്ച് ആളുകൾ രംഗത്തുവന്നു. സന ഗര്‍ഭിണിയാണെന്ന പരിഗണന പോലും ഭർത്താവ് നൽകുന്നില്ലെന്നായിരുന്നു വിമർശനം. എന്നാൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് സന ഖാൻ പ്രതികരിച്ചു. ഡ്രൈവറെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ലെന്നും ഒരുപാട് നേരം നിന്ന് മടുത്തപ്പോള്‍ ആള്‍ക്കൂട്ടം ഒഴിഞ്ഞ സ്ഥലത്തേക്ക് തന്നെ ഭര്‍ത്താവ് കൊണ്ടുപോകുകയായിരുന്നുവെന്നും സന പറയുന്നു.
‘‘ഒരുപാട് നേരം നിന്നതോടെ വിയര്‍ക്കാന്‍ തുടങ്ങി. എവിടെയെങ്കിലും ഇരുന്ന് അല്‍പം ശ്വാസമെടുത്ത് വെള്ളം കുടിച്ചാല്‍ മതി എന്ന അവസ്ഥയിലായി ഞാന്‍. അതോടെ ഫോട്ടോഗ്രാഫര്‍മാരുടെ അടുത്ത്‌നിന്ന് ഭര്‍ത്താവ് എന്നെ ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു. വേഗത്തില്‍ നടക്കാന്‍ ഞാനാണ് അദ്ദേഹത്തോട് പറഞ്ഞത്. അതിഥികളുടെ ചിത്രങ്ങളെടുക്കുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ശല്ല്യമാകാതെ എന്നെ കൊണ്ടുപോകാന്‍ പറഞ്ഞതും ഞാനാണ്. ഇതിനെ മറ്റൊരു തരത്തില്‍ കാണരുത്. ഇത് എന്റെ അഭ്യര്‍ഥനയാണ്. എല്ലാവര്‍ക്കും സ്‌നേഹം.’’ വൈറല്‍ വിഡിയോയുടെ താഴെ കമന്റ് ആയാണ് സന തന്റെ പ്രതികരണം അറിയിച്ചത്.
ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമായിരുന്ന സന 'ക്ലൈമാക്സ്' എന്ന മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്. തമിഴ് ചിത്രമായ അയോഗ്യയാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.