ADVERTISEMENT

മാമുക്കോയയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ താരങ്ങളെത്തിയില്ലെന്ന ആക്ഷേപം സജീവമായിരിക്കെ, ആരാധകരുടെ ആരോപണങ്ങൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി തിരക്കഥാകൃത്തും നടനുമായ രഘുനാഥ് പലേരി. മാമുക്കോയ മലപ്പുറത്തുകാരൻ ആയതുകൊണ്ടാണോ പ്രമുഖർ എത്താതിരുന്നതെന്ന ചോദ്യത്തിന് 'താങ്കളുടെ ചോദ്യം കേട്ട് കുഞ്ഞിക്കാദർ ഇപ്പോ ചിരിക്കുന്നുണ്ടാവും', എന്നായിരുന്നു രഘുനാഥ് പലേരിയുടെ മറുപടി. 

 

മഴവിൽക്കാവടി എന്ന ചിത്രത്തിലെ ഒരു ഫ്രെയിം പങ്കുവച്ച് രഘുനാഥ് പലേരി കുറിച്ച വരികൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അതിനു താഴെയാണ് ആരാധകരുടെ ചോദ്യങ്ങൾക്ക് എഴുത്തുകാരൻ സ്നേഹപൂർവം തന്റെ അഭിപ്രായം കുറിച്ചത്. 

 

ജീവനറ്റ മാമുക്കോയയുടെ ശരീരം കാണാൻ വ്യക്തിപരമായി ബുദ്ധിമുട്ടുണ്ടെന്ന് രഘുനാഥ് പലേരി സമൂഹമാധ്യമങ്ങളിൽ വ്യക്തമാക്കിയിരുന്നു. "രണ്ട് മാസങ്ങൾക്ക് മുൻപ് ചങ്ങാതിയുടെ മകളുടെ വിവാഹത്തിന് പോയപ്പോഴാണ് ശ്രീ മാമുക്കോയയെ ഞാൻ വീണ്ടും കാണുന്നത്. കുറേനേരം കയ്യിൽ പിടിച്ചുള്ള ആ സംസാരത്തിനിടയിൽ കയ്യിലേക്കിട്ടുതന്ന സ്നേഹചൂട് അവിടെത്തന്നെ ഉള്ളതുകൊണ്ട് കിടക്കുന്ന അദ്ദേഹത്തെ കാണാൻ ഞാനും ചെന്നില്ല. ചെന്നാൽ ഞാൻ കരയും. എനിക്കെന്തോ കരയാൻ ഇപ്പോൾ തീരെ ഇഷ്ടമില്ല," എന്നായിരുന്നു മാമുക്കോയയുടെ കബറടക്കത്തിനു പോയിരുന്നോ എന്ന ആരാധകന്റെ ചോദ്യത്തിന് രഘുനാഥ് പലേരി നൽകിയ മറുപടി.

മാമുക്കോയ കൊച്ചിയിൽ പോയി മരിച്ചാൽ കൂടുതൽ സിനിമാക്കാർ വന്നേനെ: താരങ്ങൾക്കെതിരെ വി.എം. വിനു

'കാണാൻ പോയിരുന്നോ' എന്നുള്ള മറ്റൊരു ആരാധകന്റെ ചോദ്യത്തിനും രഘുനാഥ് പലേരി തന്റെ മാനസിക നില വിവരിച്ചു. "ഇല്ല. സങ്കടം വരും," അദ്ദേഹം വ്യക്തമാക്കി. അങ്ങനെയാണെങ്കിൽ കൂടിയും പോകേണ്ടതായിരുന്നുവെന്ന് ചിലർ കുറിച്ചു. പലരുടെയും അഭാവം നിരാശപ്പെടുത്തി എന്നായിരുന്നു ആരാധകന്റെ പരിഭവം. "എന്തിന് നിരാശ! മനസ്സിൽ സ്നേഹം തളിക്കുക. നിരാശ എല്ലാം വാടിപ്പോകും," രഘുനാഥ് പലേരി പറഞ്ഞു.

 

മഴവിൽക്കാവടി എന്ന ചിത്രത്തിലെ ഫ്രെയിം പങ്കുവച്ച് രഘുനാഥ് പലേരി കുറിച്ച വരികൾ താഴെ:

 

‘‘മഴവിൽക്കാവടിയാടി രസിച്ച് ഇഷ്ടംപോലെ മഴവില്ലുകളെ പോക്കറ്റടിച്ചു നടന്ന എന്റെ പ്രിയ കുഞ്ഞിക്കാദറിനെ, ഒപ്പം നടന്ന പഴയ ഫുൾ പോക്കറ്റടി ടീം ഇന്നലെ വന്ന് പോക്കറ്റടിച്ചോണ്ടുപോയി. മനസ്സിൽ ഹരിശ്രീ കുറിച്ച എത്രയോ കഥാപാത്രങ്ങൾ സ്വത്വം നഷ്ടപ്പെട്ട വേദനയോടെ കണ്ണ് തുടക്കുന്നു.

 

ആ കണ്ണീർതുള്ളികളാവും

 

യാ മത്താ.... യാ സത്താ... യാ... ഹൂദെ ന്ന് പറഞ്ഞോണ്ട് ഇനി മഴയായി പെയ്യുക.

 

ഇനി പെയ്യാനിരിക്കുന്ന സകല മഴയും ഞാൻ നനയും. അതിൽ ഒരു കുഞ്ഞിക്കാദർ സ്പർശമുണ്ടാകും...’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com