ADVERTISEMENT

മയക്കുമരുന്ന് ലഭിക്കാന്‍ എളുപ്പമുള്ളതിനാലാണ് സിനിമകൾക്ക് കാസർകോട് ലൊക്കേഷനായി തിരഞ്ഞെടുക്കന്നതെന്ന പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് നിര്‍മാതാവും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റുമായ എം. രഞ്ജിത്. കാസർകോടിനെയോ അവിടെയുള്ള ആളുകളെയോ കുറിച്ച് പറഞ്ഞതല്ല ആ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു. പ്രസ്താവന പലരെയും വേദനിപ്പിച്ചെന്ന് മനസ്സിലാക്കുന്നു. അതിൽ അതിയായ ദുഃഖമുണ്ട്. തെറ്റുതിരുത്തുകയെന്നത് കടമയാണെന്നും വേദനിപ്പിച്ചതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും രഞ്ജിത് പറഞ്ഞു. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് തന്റെ പ്രസ്താവനയിൽ രഞ്ജിത് ഖേദം പ്രകടിപ്പിച്ചത്.

 

‘‘കാസർകോടിനെയോ അവിടെയുള്ള ആളുകളെയോ കുറിച്ച് പറഞ്ഞതല്ല ആ പ്രസ്താവന. മറ്റു സംസ്ഥാനങ്ങളിൽ നിന്നും മയക്കു മരുന്ന് എത്തിക്കാൻ എളുപ്പമാകുന്നത് കൊണ്ട് പല ഷൂട്ടിങ്ങുകളും അവിടെയാകുന്നുണ്ട് എന്നൊരു ആരോപണം ഞങ്ങളുടെ ഒരു യോഗത്തിൽ ഉന്നയിക്കപ്പെട്ടിരുന്നു. അത് ഉള്ളിൽ ഉണ്ടായിരുന്നത് കൊണ്ട് അറിയാതെ പറഞ്ഞു പോയതാണ്. എന്റെ സുഹൃത്തുക്കളെയും, അറിയാവുന്ന ആളുകളെയും, കാസർകോടുകാരെയും ആ പ്രസ്താവന വേദനിപ്പിച്ചു എന്ന് ഞാൻ മനസ്സിലാക്കുന്നു. അതിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റാണ് എന്ന് ഞാൻ തിരിച്ചറിയുന്നു. തെറ്റ് തിരുത്തൽ എന്റെ കടമയാണ്. വേദനിപ്പിച്ചതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു.’’–എം. രഞ്ജിത് പറഞ്ഞു.

‘മിസ്റ്റര്‍ രഞ്ജിത്ത്, കാസര്‍കോടേക്ക് സിനിമ വന്നത് മയക്കുമരുന്ന് മോഹിച്ചല്ല’

കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ എം. രഞ്ജിത് നടത്തിയ പരാമർശമാണ് വിവാദമായത്. ‘‘പത്രങ്ങള്‍ വായിക്കുമ്പോള്‍ മയക്കുമരുന്ന് പിടിച്ച വാര്‍ത്തകളാണ്. കുറേ സിനിമകള്‍ ഇപ്പോള്‍ കാസര്‍കോടാണ് ചിത്രീകരിക്കുന്നത്. മംഗലാപുരത്ത് നിന്ന് മയക്കുമരുന്ന് വരാന്‍ എളുപ്പമാണ്. ഇപ്പോള്‍ ഷൂട്ടിങ് ലൊക്കേഷന്‍ പോലും അങ്ങോട്ട് മാറ്റി തുടങ്ങി. ഇത് കാസര്‍കോടിന്റെ കുഴപ്പമല്ല.’’–ഇതായിരുന്നു രഞ്ജിത്തിന്റെ വാക്കുകൾ.

 

രഞ്ജിത്തിന്റെ പരാമർശത്തിനെതിരെ മദനോത്സവം എന്ന ചിത്രത്തിന്റെ സംവിധായകൻ സുധീഷ് ഗോപിനാഥ്, രതീഷ് പൊതുവാൾ, ഷജിൽ കുമാർ തുടങ്ങിയവർ പ്രതിഷേധിച്ചെത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com