ADVERTISEMENT

അഡ്വാൻസ് പ്രതിഫലം വാങ്ങി നടൻ ആന്റണി വർഗീസ് (പെപ്പെ) നിർമാതാവിനെ പറ്റിച്ചുവെന്ന സംവിധായകൻ ജൂഡ് ആന്തണി ജോസഫിന്റെ ആരോപണത്തിന് മറുപടിയുമായി ആന്റണി പെപ്പേ. തന്റെ കുടുംബത്തെ പ്രശ്‌നത്തിലേക്ക് വലിച്ചിഴച്ചതുകൊണ്ടാണ് ഇപ്പോള്‍ പ്രതികരിക്കുന്നതെന്നും ജൂഡിന്റെ ആരോപണം വ്യക്തിപരമായി ഏറെ വിഷമമുണ്ടാക്കിയെന്നും പെപ്പെ പറഞ്ഞു. കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് തെളിവുകൾ നിരത്തി പെപ്പേ രംഗത്ത് എത്തിയത്.

‘‘എന്നെപ്പറ്റി ജൂഡ് ചേട്ടന് എന്തുവേണമെങ്കിലും പറയാം, അതിനുള്ള അഭിപ്രായ സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. എന്റെ ഭാഗത്ത് ന്യായമുള്ളതുകൊണ്ടാണ് രണ്ട് ദിവസം ഞാൻ മിണ്ടാതിരുന്നത്. സോഷ്യൽമീഡിയയിൽ കയറി കുരച്ച് വെറുതെ ഒരു പ്രശ്നമുണ്ടാക്കണ്ടല്ലോ എന്നു കരുതിയാണ് ഒന്നും പറയാതിരുന്നത്. പക്ഷേ എന്റെ അനിയത്തിയുടെ വിവാഹം പുള്ളിയുടെ കാശ് മേടിച്ചാണ് നടത്തിയെന്ന ആരോപണം വേദനയുണ്ടാക്കി. എന്റെ അമ്മയ്ക്കും സഹോദരിക്കും ഭാര്യയ്ക്കും അത് ഏറെ വിഷമമുണ്ടാക്കി. വീട്ടിലെ ഒരു പരിപാടിക്കു പോകുമ്പോൾ ബന്ധുക്കൾ ചിരിക്കും, നാട്ടുകാർ ചിരിക്കും. സ്വന്തം ചേട്ടൻ പെങ്ങളുടെ കല്യാണം നടത്തിയത് ഒരാളുടെ പൈസ പറ്റിച്ചാണെന്നതാണ് ആരോപണം.

പുറത്തിറങ്ങിയാൽ പരിഹാസം, ഇത് മാറണം. ഞാൻ തെറ്റ് ചെയ്തിട്ടില്ല. എന്റെ പെങ്ങളും ഞാനും അപ്പനും കഷ്ടപ്പെട്ടുണ്ടാക്കിയ പൈസ കൊണ്ടാണ് കല്യാണം നടത്തിയത്. അതെനിക്ക് തെളിയക്കണം. എന്റെ ഫെയ്സ്ബുക്ക് പേജിൽ മോശം കമന്റുകൾ വന്നു, അത് സാരമില്ല. എന്നാൽ ഭാര്യയുടെ പേജിൽ വരെ മോശം മെസേജുകൾ വന്നു. നിങ്ങളുടെ തന്നെ വീട്ടിലെ കുടുംബത്തിനെതിരെ പ്രശ്നം വന്നാൽ എങ്ങനെ പ്രതികരിക്കും. എന്നെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ആളുകൾക്ക് ഇതിനൊരു ക്ലാരിഫിക്കേഷൻ കൊടുക്കേണ്ട ബാധ്യത എനിക്കുണ്ട്. അതുകൊണ്ടാണ് ഞാൻ വന്നത്, അല്ലെങ്കിൽ വരില്ല. ഇക്കാര്യത്തിൽ എനിക്ക് നീതി കിട്ടണം.

ഞാന്‍ നിര്‍മാതാവിന് പണം തിരികെ നല്‍കിയ ദിവസം 27, ജനുവരി 2020. എന്റെ സഹോദരിയുടെ വിവാഹം നടത്തിയത് 18, ജനുവരി 2021. അതായത് അവരുടെ പണം ഞാന്‍ തിരികെ നല്‍കി ഒരു വര്‍ഷത്തിന് ശേഷമായിരുന്നു അനുജത്തിയുടെ വിവാഹം. എനിക്ക് ടൈം ട്രാവല്‍ വച്ച് പോകാന്‍ സാധിക്കുകയില്ല. എല്ലാ രേഖകളും പരിശോധിക്കാം. സിനിമയുടെ സെക്കൻഡ് ഹാഫില്‍ എനിക്ക് ആശയക്കുഴപ്പമുണ്ടായി. അതേക്കുറിച്ച് സംസാരിച്ചപ്പോള്‍ ജൂഡ് ആന്റണി അസഭ്യം പറഞ്ഞു. തുടര്‍ന്നാണ് സിനിമയില്‍ നിന്ന് പിന്‍മാറിയത്. മൂന്ന് വര്‍ഷം മുന്‍പ് ചര്‍ച്ച ചെയ്ത് സംഘടനകള്‍ വഴി പ്രശ്‌നം പരിഹരിച്ച കാര്യമാണ്. ഇപ്പോള്‍ എന്തിനാണ് ഇത് ഉയര്‍ത്തികൊണ്ടുവന്നത്.

ജൂഡ് ആന്തണിയുടെ സിനിമ ഞാന്‍ കുടുംബസമേതം പോയി കണ്ടതാണ്. ഗംഭീര സിനിമയാണ്. അദ്ദേഹത്തോട് ദേഷ്യവുമില്ല. പക്ഷേ ആ സിനിമയ്ക്ക് ലഭിച്ച വിജയം എന്റെ ജീവിതം നശിപ്പിക്കാന്‍ ഉപയോഗിക്കുന്നു. അദ്ദേഹം അതിനെ ദുരുപയോഗം ചെയ്യുന്നു. ഇതെന്റെ ഭാവിയെയാണ് ബാധിക്കുന്നത്. എന്നെ വച്ച് സിനിമ എടുക്കാന്‍ പോകുന്ന നിര്‍മാതാക്കള്‍ എന്ത് വിചാരിക്കും. ഒരാള്‍ക്ക് വിജയം ഉണ്ടാകുമ്പോള്‍ അയാള്‍ പറഞ്ഞത് കേള്‍ക്കാന്‍ എല്ലാവരും ഉണ്ടാകും.

ആര്‍ഡിഎക്‌സ് എന്ന സിനിമ സംവിധാനം ചെയ്ത നഹാസിന്റെ പേര് വലിച്ചിട്ടു. ആരവം എന്ന സിനിമ നടക്കാതെ പോയത് ശാപം കൊണ്ടാണെന്ന്. ഒരു സംവിധായകന്‍ വളര്‍ന്ന് വരുന്ന സംവിധായകനെക്കുറിച്ച് ഇങ്ങനെയാണോ പറയുന്നത്. എനിക്ക് ഇപ്പോഴും ജൂഡ് ചേട്ടനോട് ദേഷ്യമില്ല. എന്റെ മൂത്ത ചേട്ടനെപ്പോലെയാണ് അദ്ദേഹം. പക്ഷേ ഇങ്ങനെയൊക്കെ പറയുന്നത് ഭയങ്കര മോശ്യം കാര്യമാണ്.

എനിക്ക് കഴിവില്ല, യോഗ്യതയില്ല എന്നെല്ലാം പറയുന്നത് കേട്ടു. ശരിയായിരിക്കാം. പക്ഷേ ഞാനെന്റെ സ്വപ്നങ്ങളെ പിന്തുടർന്നാണ് ഇവിടെ വരെ എത്തിയത്. അദ്ദേഹം ആരാണ് എന്റെ യോഗ്യത അളക്കാന്‍. നമ്മുടെ യോഗ്യത നിർണയിക്കാൻ ഈ ലോകത്ത് ആരുമില്ല, അങ്ങനെ അദ്ദേഹം പറയരുതായിരുന്നു. ഒരു സഹോദരൻ അനിയനോട് തെറ്റ് ചെയ്തതുപോലെയാണ് തോന്നുന്നത്. ഈ പറയുന്നത് കേള്‍ക്കുമ്പോള്‍ വിഷമം തോന്നുന്നു. എനിക്ക് ലിജോ ജോസ് പെല്ലിശ്ശേരി അവസരം നല്‍കിയത് കൊണ്ടു മാത്രമാണ് ഞാന്‍ സിനിമയില്‍ വന്നത് എന്ന് അദ്ദേഹം പറഞ്ഞു. ലിജോ ചേട്ടൻ ഇല്ലെങ്കിൽ പെപ്പെയ്ക്ക് ജീവിക്കാനുള്ള വകുപ്പുപോലും കൊടുക്കണ്ട എന്നു പറഞ്ഞു. സത്യമാണ് അങ്ങനെ തന്നെയാണ്. ആരെങ്കിലും അവസരം നല്‍കിയാണ് എല്ലാവരും സിനിമയില്‍ എത്തുന്നത്. ഞാന്‍ മാത്രമല്ല.

യഥാർഥ നായകൻ ഒളിച്ചിരിക്കുകയാണെന്ന് പറഞ്ഞു. ഞാനെന്താ പുലിയാണോ കടിക്കാൻ. എന്നെ അറിയുന്ന ആളുകൾക്ക് എന്നെക്കുറിച്ച് അറിയാം. നമ്മൾ നേരിട്ടു പറയാനുള്ളത് നേരിട്ടു പറയാം. ആദ്യം വിചാരിച്ചു ജൂഡ് ചേട്ടന്റെ അടുത്ത് നേരിട്ടുപോയി പറയാമെന്ന്. പിന്നെ ആലോചിച്ച് വേണ്ടെന്നുവച്ചു. നമ്മൾ തന്നെ സ്വയം പല്ലിനിടയിൽ കുത്തി നാറ്റിക്കേണ്ട കാര്യമില്ലല്ലോ. ഞാനെങ്ങനെയെങ്കിലും ജീവിച്ചുപോകട്ടെ ജൂഡ് ചേട്ടാ.

ഞാൻ ഈ വിഷയം ഇടവേള ബാബു ചേട്ടനോട് സംസാരിച്ചിരുന്നു. ‘നിന്റെ ഭാഗത്ത് സത്യമുണ്ടെങ്കിൽ പ്രസ്താവനയായി ഇറക്കൂ’ എന്നു പറഞ്ഞു. നമ്മുടെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ തലകുനിച്ചു നിൽക്കാം. ശരിയുണ്ടെങ്കിൽ തല ഉയര്‍ത്തി നിൽക്കണം.’’– ആന്റണി വര്‍ഗീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com