ADVERTISEMENT

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനും കോൺഗ്രസ് നേതാവുമായ ചാണ്ടി ഉമ്മനെക്കുറിച്ച് നടൻ ചന്തുനാഥ് എഴുതിയ കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ചാണ്ടി ഉമ്മൻ ഒരു പ്രതീകമാണെന്ന് ചന്തുനാഥ് പറയുന്നു. ‘‘അപ്പയുടെ ചലനമറ്റ ശരീരത്തിനു മുന്നിൽ കൈകൂപ്പി നെഞ്ചു പൊട്ടി നിൽക്കുന്ന മകൻ ചാണ്ടി ഉമ്മൻ ഒരു പ്രതീകമാണ്. മരണം ഉണ്ടാക്കുന്ന ശൂന്യതയുടെ, സങ്കടത്തിന്റെ, നഷ്ടത്തിന്റെ പ്രതീകം.’’–ചന്തുനാഥ് കുറിച്ചു.

ചന്തുനാഥിന്റെ വാക്കുകൾ:

ബഹുമാനപ്പെട്ട ഉമ്മൻ ചാണ്ടി സർ വിടവാങ്ങി. ജനലക്ഷങ്ങളുടെ വിലാപങ്ങൾ വായുവിൽ തളംകെട്ടി നിൽക്കുമ്പോൾ ക്രൂശിതനായ കുഞ്ഞൂഞ്ഞ് മരണം കൊണ്ട് ആയിരം വട്ടം ഉയർത്തെഴുന്നേൽക്കുന്നു. മാപ്പുപറച്ചിലിനും ഖേദപ്രകടനങ്ങൾക്കും വാഴ്ത്തപ്പെടലുകൾക്കുമിടയിലെവിടെയോ ആ മനുഷ്യന്റെ സത്യം ഒളിഞ്ഞു കിടപ്പുണ്ട്. പക്ഷേ ഒന്നുണ്ട്, ലക്ഷങ്ങൾക്ക് ആ മനുഷ്യൻ ദൈവത്തെപ്പോലെ ആയിരുന്നു. നെഞ്ചുപൊട്ടി കരഞ്ഞു വീഴുന്ന മനുഷ്യർ. ആത്‍മാവിനു വേണ്ടി പ്രാർഥിക്കുന്ന സാധാരണക്കാർ. വിലാപയാത്രാ വാഹനത്തിനു പുറകെ അലറിക്കരഞ്ഞോടുന്ന മറ്റുചിലർ. അത് മതിയാവും മോക്ഷത്തിന്. അതാണ്‌ സാക്ഷ്യം.

മേൽ പറഞ്ഞതിനെ ആമുഖമായി കണ്ട് മറ്റൊരു കാര്യം പറയാൻ ആഗ്രഹിക്കുന്നു. അപ്പയുടെ ചലനമറ്റ ശരീരത്തിന് മുന്നിൽ കൈകൂപ്പി നെഞ്ചു പൊട്ടി നിൽക്കുന്ന മകൻ ചാണ്ടി ഉമ്മൻ ഒരു പ്രതീകമാണ്. മരണം ഉണ്ടാക്കുന്ന ശൂന്യതയുടെ, സങ്കടത്തിന്റെ, നഷ്ടത്തിന്റെ പ്രതീകം. കക്ഷിരാഷ്ട്രീയ വൈരങ്ങളില്ലാതെ നേതാക്കളെല്ലാം ആ മകന്റെ കൈ പിടിച്ചും തോളത്തു തട്ടിയും ആശ്വസിപ്പിച്ചത് ഹൃദയസ്പർശിയായ കാഴ്ചയാണ്. മരണം അങ്ങനെയാണ്. അതിനപ്പുറം ഒരു വൈരത്തിനും പ്രസക്തിയില്ല. ഇടത്തൂന്ന് വലത്തോട്ടും വലത്തൂന്ന് ഇടത്തോട്ടും വീശിയ വാളുകൾ കൊണ്ട് മുറിവേറ്റു വീണ അസംഖ്യം അണികളുടെ പുത്രന്മാരും പുത്രിമാരും അവരുടെ അച്ഛന്മാരുടെ ചേതനയറ്റ ശരീരത്തിലെ തുന്നിച്ചേർത്ത മുറിവുകൾ നോക്കി നിസ്സഹായരായി നെഞ്ചുപൊട്ടി കരഞ്ഞു കലങ്ങി നിൽക്കുമ്പോഴുമുള്ള ശൂന്യതയും ഒരേ ശൂന്യതയാണ്. സങ്കടത്തിന്റെ, ഓർമകളുടെ, സ്നേഹത്തിന്റെ, നഷ്ടത്തിന്റെ ശൂന്യത.

മുദ്രാവാക്യങ്ങൾ അടങ്ങി അണികൾ പിരിഞ്ഞു പോകുമ്പോൾ ചിതയിലോ കുഴിമാടത്തിലോ ഖബറിലോ ഒടുങ്ങിയ മനുഷ്യന് വേണ്ടി കരയാൻ അവന്റെ അമ്മയോ ഭാര്യയോ കുട്ടികളോ മാത്രമായി പോയ, നാഥനില്ലാതെ ക്ഷയിച്ചു പോയ വീടുകളുണ്ട് കേരളത്തിൽ. വെട്ടിമാറ്റിയ മാംസവും ഉണങ്ങിയ ചോരയും തന്ന ദുഃസ്വപ്നങ്ങൾ കൊണ്ട് ഞെട്ടി ഉണരുന്ന കുഞ്ഞുങ്ങൾ ഉണ്ട് കേരളത്തിൽ. നുറുങ്ങി മരിച്ചു വീണ ഭൂരിഭാഗം പേർക്കും ഒറ്റനില കെട്ടിടങ്ങൾ ആയിരുന്നു. ചിലത് ഓടിട്ടവ, ചിലത് മാസങ്ങൾ കൊണ്ട് പകുതി വാർത്തവ. ചിലതിൽ ചോർച്ചയുണ്ട്. രാഷ്ട്രീയം അവയ്ക്കൊക്കെ മുകളിൽ കൊടി കുത്തി നിന്നു.

രാഷ്ട്രീയമില്ലാത്ത പൗരൻ വേരഴുകിയ പടുമരമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. കൃത്യവും ആരോഗ്യപരവുമായ രാഷ്ട്രീയം ഇന്ത്യ പോലൊരു രാജ്യത്തെ പൗരന് ഉണ്ടാകണം. പക്ഷേ എതിർപക്ഷത്തെ സഹ മനുഷ്യന്മാരെ എതിർപക്ഷമാണെന്ന ഒറ്റക്കാരണത്താൽ വെട്ടി വീഴ്ത്തുന്ന ചോരക്കളിയിൽ പൂർണമായ വിയോജിപ്പുണ്ട്.

വിരട്ടും വെട്ടുമില്ലാതെ എന്ത് രാഷ്ട്രീയം, അതൊക്കെ നടപ്പുള്ള കാര്യമാണോ എന്നൊക്കെ ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളു. ജീവിച്ചിരിക്കുമ്പോൾ പരസ്പരം വെറുത്തിരുന്നവരെപ്പോലെ വിമർശനത്തിന്റെ ഏതറ്റവും പോകുന്ന നമ്മുടെ നേതാക്കൾ, അവരിൽ ഒരാൾ മരണപ്പെട്ടാൽ ഹൃദയത്തിന്റെ ഭാഷയിൽ ഖേദം പ്രകടിപ്പിക്കുന്നത് നമ്മൾ കാണാറുണ്ട്. ആത്മാർഥമായി സങ്കടത്തിൽ പങ്കുചേരാറുണ്ട്. രാഷ്ട്രീയവും ഭരണവും വിമർശനങ്ങളിൽ അധിഷ്ഠിതമാണ്. ജനാതിപത്യ സംവിധാനത്തിൽ വിമർശനങ്ങളും തിരുത്തലുകളും അനിവാര്യമാണ്. എന്നാൽ ഉന്മൂലനം ചെയ്യുക എന്നത് കാടത്തമാണ്, ഫാഷിസമാണ്. പ്രിയപ്പെട്ടവരുടെ മരണമുണ്ടാക്കുന്ന ആഘാതം എല്ലാവരിലും ഒരുപോലെയാണ്. മരിക്കുമ്പോൾ മരിക്കട്ടെ. കൊല്ലാതിരിക്കാമല്ലോ !

മണിപ്പുരിൽ മാനം കെടുന്ന മഹാഭാരതത്തെ ഓർത്തു ദുഃഖിച്ച് കൊണ്ട് നിർത്തുന്നു. ഇടതു പക്ഷം ചേർന്നു നിന്നുകൊണ്ട്, ലാൽ സലാം.. ജയ് ഹിന്ദ് ..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com