ADVERTISEMENT

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ കലാ സംവിധാന മേഖലയിലെ അവാർഡ് നിർണയ രീതിയിൽ മാറ്റങ്ങളുണ്ടാകണമെന്ന് പ്രശസ്ത പ്രൊഡക്‌ഷൻ ഡിസൈനറായ അജയൻ ചാലിശ്ശേരി. സിനിമാ ഇൻഡസ്ട്രിയിൽ ഇപ്പോൾ കലാ സംവിധായകനു മുകളിൽ പ്രൊഡക്‌ഷൻ ഡിസൈനർ എന്നൊരു ചുമതല കൂടിയുണ്ടെന്നും പ്രൊഡക്‌ഷൻ ഡിസൈനർ പറഞ്ഞുകൊടുക്കുന്ന പണിയാണ് കലാസംവിധായകൻ ചെയ്യുന്നതെന്നും അജയൻ ചാലിശ്ശേരി പറയുന്നു. പ്രൊഡക്‌ഷൻ ഡിസൈനർ എന്നൊരു വിഭാഗം മലയാള സിനിമയിൽ ഉള്ളതായി സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറിയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ എന്ന് അറിയില്ലെന്നും ഈ വർഷം കലാസംവിധാനത്തിന് ലഭിച്ച പുരസ്‌കാരം ശരിക്കും കലാസംവിധായകനാണോ അതോ പ്രൊഡക്‌ഷൻ ഡിസൈനർക്കാണോ അവകാശപ്പെട്ടതെന്ന് ജൂറി വ്യക്തമാക്കണമെന്നും അജയൻ ചാലിശ്ശേരി പറഞ്ഞു.

 

‘‘അവാർഡിനെ പറ്റി എന്തെങ്കിലും പറയുമ്പോൾ അത് കിട്ടാത്തതിന്റെ പ്രോബ്ലം അല്ലെങ്കിൽ കലാകാരന്മാർ തമ്മിലുള്ള അസൂയ ആണെന്നാണ് ആളുകൾ പറയുക. ഏറ്റവും നല്ലത് മിണ്ടാതെ ഇരിക്കലാണ്. സ്ഥിരം അങ്ങനെ തന്നെയാണ്. കാരണം അടുത്ത സുഹൃത്തുക്കൾ തന്നെയാണ് ജേതാക്കളാകുന്നത്. പക്ഷേ ഇത് പറയാതെ വയ്യ! അത്രയ്ക്കും സംശയം വന്നതാണ്.

 

കലാകാലങ്ങളായി മലയാള സിനിമയിൽ കലാസംവിധാനം, അല്ലെങ്കിൽ ആർട്ട് ഡയറക്ടറെ മാത്രമേ ആ വിഭാഗത്തിൽ അവാർഡിനു പരിഗണിക്കുമായിരുന്നുള്ളൂ. കുറച്ച് വർഷങ്ങൾക്കു മുമ്പ് മുതൽ ആർട്ട്‌ ഡയറക്ടർക്ക് സിനിമയിലെ മറ്റു വിഭാഗങ്ങളിലേയും ക്രിയേറ്റീവ് സൈഡ് നോക്കേണ്ടി വന്നതുകൊണ്ട് പതിനാറോളം വിഭാഗങ്ങളുടെ ഹെഡ് ആയി 'പ്രൊഡക്‌ഷൻ ഡിസൈനർ' എന്ന ലെവലിലേക്ക് മാറി. അയാളുടെ കീഴിൽ വർക്ക് ചെയ്യുന്ന, അല്ലെങ്കിൽ അയാൾ പറയുന്ന വർക്കുകൾ ചെയ്തു കൊടുക്കുന്ന ആളാണ്‌ ആർട്ട്‌ ഡയറക്ടർ. 

 

ഹോളിവുഡ്, ബോളിവുഡ് വലിയ സിനിമകളിലെ പോലെ മലയാള സിനിമയിലും പിന്നീട് പ്രൊഡക്‌ഷൻ ഡിസൈനർ ഒരുപാടുണ്ടായി. ചില സിനിമകളിൽ ഒറ്റയ്ക്കും വലിയ സിനിമകളിൽ അവർ ഒപ്പം ആർട്ട്‌ ഡയറക്ടർമാരെയും നിയമിച്ചു. ലോക സിനിമയിലും, ഇന്ത്യൻ സിനിമകളിലും തുടർന്ന് ആർട്ട്‌ ഡിപ്പാർട്മെന്റ് ഹെഡ് ആയ പ്രൊഡക്‌ഷൻ ഡിസൈനർമാർക്ക്  ആണ് ലോക സിനിമയിലും ദേശീയ തലത്തിലും ഓരോ സിനിമയിലെയും കലാ പ്രവർത്തനങ്ങൾക്ക് അവാർഡുകൾ ലഭിച്ചു കൊണ്ടിരിക്കുന്നത്.

 

ഇനി ചോദ്യം ജൂറിയോടാണ്. ഈ വട്ടം കലാസംവിധാനത്തിന് സംസ്ഥാന അവാർഡ് നേടിയ സിനിമയിലെ പ്രൊഡക്‌ഷൻ ഡിസൈനർക്ക് (ചിത്രത്തിന്റെ സംവിധായകൻ  തന്നെയാണ്) അവകാശപ്പെട്ടതോ? അതോ അയാളുടെ ടീമിലെ ആർട്ട്‌ ഡയറക്ടർക്കോ? അതോ നമ്മുടെ മലയാള സിനിമയിൽ ഇങ്ങനെ ആണോ ഇനി ?’’–അജയൻ ചാലിശ്ശേരി ചോദിക്കുന്നു.

 

മഹേഷിന്റെ പ്രതികാരം, മാരാ, ട്രാൻസ് തുടങ്ങി നിരവധി ചിത്രങ്ങൾക്ക് കലാസംവിധാനം നിർവഹിച്ച അജയൻ ചാലിശ്ശേരി വരത്തൻ, ഇരുൾ, വിനയന്റെ പത്തൊൻപതാം നൂറ്റാണ്ട് തുടങ്ങിയ ചിത്രങ്ങളുടെ പ്രൊഡക്‌ഷൻ ഡിസൈനറായും പ്രവർത്തിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com