ബാലതാരമായി എന്തുകൊണ്ട് തന്മയ സോൾ; അവസാന റൗണ്ടിൽ ദേവനന്ദയും; ജൂറി പറയുന്നു
Mail This Article
അഭിനയിച്ച ആദ്യ ചിത്രത്തിൽ തന്നെ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടിയ സന്തോഷത്തിലാണ് തന്മയ സോൾ. മാളികപ്പുറം സിനിമയിൽ കല്ലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദയും മത്സരത്തിൽ തന്മയ്ക്കൊപ്പം അവസാന റൗണ്ട് വരെ എത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്. അരക്ഷിതവും സംഘര്‍ഷഭരിതവുമായ ഗാർഹികാന്തരീക്ഷത്തിൽ ജീവിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ദൈന്യതയും നിസ്സഹായതയും ഹൃദയസ്പർശിയായി പ്രതിഫലിപ്പിച്ച പ്രകടന മികവിനാണ് ജൂറി തന്മയയെ മികച്ച ബാലനടിയായി തിരഞ്ഞെടുത്തത്. 50000 രൂപയും ശിൽപവും പ്രശസ്തിപത്രവുമാണ് വിജയിക്കു ലഭിക്കുക.
ചന്തവിള തടത്തിൽ ബ്രദേഴ്സ് ലെയിൻ അച്ചാമ്മയുടെ വീട്ടിൽ അരുൺ സോളിന്റെയും ആശയുടെയും മകളാണ് തന്മയ. പട്ടം സർക്കാർ മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്.
സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത ‘വഴക്ക്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് തന്മയയുടെ നേട്ടം. തന്മയയുടെ അച്ഛൻ അരുൺ ചിത്രത്തിന്റെ ചീഫ് അസോഷ്യേറ്റായി പ്രവർത്തിക്കുന്നതിനിടെയാണ് സംവിധായകൻ ഇവരുടെ വീട്ടിലെത്തുകയും തന്മയെ കാണാന്‍ ഇടയാകുന്നതും. തുടർന്ന് ഓഡിഷനിലൂടെ തന്മയയെ തിരഞ്ഞെടുക്കുകയുമായിരുന്നു.
ഇതിനു മുമ്പ് നിരവധി ഹ്രസ്വചിത്രങ്ങളിൂടെയും പരസ്യ ചിത്രങ്ങളിലൂടെയും തന്മയ ശ്രദ്ധനേടിയിട്ടുണ്ട്. സഹോദരി തമന്ന സോളും ഹ്രസ്വചിത്ര രംഗത്ത് സജീവമാണ്.
മികച്ച ബാലതാരം (ആൺ) മാസ്റ്റർ ഡാവിഞ്ചിയാണ്. ചിത്രം പല്ലൊട്ടി നയന്റിസ് കിഡ്സ്
ജൂറിയുടെ പരാമർശം: ദരിദ്രമായ കുടുംബാന്തരീക്ഷത്തിൽ കഴിയുമ്പോഴും കളിക്കൂട്ടുകാരന് താങ്ങായും തുണയായും നിലകൊള്ളുന്ന കണ്ണൻ എന്ന കഥാപാത്രത്തിന്റെ സൗഹൃദവും സ്നേഹവും സഹനങ്ങളും ഹൃദയസ്പർശിയായി അവതരിപ്പിച്ചതിന്.