ADVERTISEMENT

രജനികാന്ത് സമ്മാനമായി നൽകിയ കൂളിങ് ഗ്ലാസിന്റെ ചിത്രം പങ്കുവച്ച് ‘ജയിലർ’ താരം ജാഫർ സാദ്ദിഖ്. ‘‘നാൻ കേട്ടേൻ, അവർ കൊടുത്തുട്ടാറ്’’ എന്ന അടിക്കുറിപ്പോടെയാണ് കൂളിങ് ഗ്ലാസിന്റെ ചിത്രങ്ങൾ ജാഫർ പങ്കുവച്ചത്. ചെറുപ്പം മുതലേ രജനി ആരാധകനായിരുന്നു ജാഫർ. ചെറുപ്പത്തിൽ കൂളിങ് ഗ്ലാസ് വച്ച് രജനിയെ അനുകരിക്കുന്ന കുട്ടി ജാഫറും ഈ ചിത്രങ്ങൾക്കൊപ്പമുണ്ട്.

 

jaffer-sadiq

‘ജയിലറി’ന്റെ ഒരു ആക്‌ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് രജനികാന്ത് ധരിച്ചിരുന്ന കൂളിങ് ഗ്ലാസ് കിട്ടിയാല്‍ കൊള്ളാമെന്ന് ജാഫറിന് ആഗ്രഹം തോന്നിയത്. ഷൂട്ട് കഴിഞ്ഞപ്പോൾ ആ കണ്ണട തനിക്ക് തരുമോ എന്ന് രജനിയോടു ചോദിച്ചു. അപ്പോൾ ഒന്നും പറഞ്ഞില്ലെങ്കിലും ജാഫറിന്റെ പിറന്നാൾ ദിവസം ആ കണ്ണട രജനി സമ്മാനമായി കൊടുത്തയയ്ക്കുകയായിരുന്നു.

 

jaffar-sadiq-rajini

‘‘ജയിലറിന്റെ രാജസ്ഥാന്‍ ലൊക്കേഷനില്‍ വച്ച് ഒരു ആക്‌ഷന്‍ സീനില്‍ രജനികാന്ത് ധരിച്ചിരുന്ന ഗ്ലാസ് കണ്ടപ്പോള്‍ ചോദിച്ചാലോ എന്ന് തോന്നി. ധൈര്യം സംഭരിച്ച് അവസാനം അദ്ദേഹത്തോടു തന്നെ ചോദിച്ചു. ‘‘ആ വച്ചിരിക്കുന്ന കണ്ണാടി എനിക്ക് തരുമോ?’’ നൂറു കിലോമീറ്റര്‍ നീളമുള്ള റോഡില്‍ വെയിലത്ത് കസേരയിലിരുന്ന് ബുക്ക് വായിക്കുമ്പോഴാണ് രജനികാന്ത് സാറിനോട് കണ്ണാടി തരാമോ എന്ന് ഞാൻ ചോദിക്കുന്നത്.  

 

തലൈവരുടെ മറുപടി ഇങ്ങനെയായിരുന്നു. ‘‘ഞാന്‍ പ്രൊഡക്‌ഷനില്‍ ചോദിച്ചിട്ട് പറഞ്ഞാല്‍ മതിയോ, കാരണം ഇത് എന്‍റേതല്ല, ഞാന്‍ ഇത് വാടകയ്ക്ക് എടുത്തതാണ്’’.  രാജസ്ഥാനിലെ ഷൂട്ടിങ് അവസാനിച്ച് പോകും മുന്‍പ് എല്ലാവരും കൂടി നിൽക്കുമ്പോള്‍ രജനികാന്ത് എന്‍റെ പേര് ചൊല്ലി നീട്ടി വിളിച്ചു. ‘ജാഫർ’... തിരിഞ്ഞുനോക്കിയപ്പോള്‍, ‘കണ്ണാടിയുടെ കാര്യം പ്രൊഡക്‌ഷനിൽ പറഞ്ഞിട്ടുണ്ട്. നിന്‍റെ അടുത്ത് അത് വൈകാതെ എത്തും’ എന്ന് അദ്ദേഹം പറഞ്ഞു. തലൈവർ പറഞ്ഞതുപോലെ തന്നെ എന്റെ പിറന്നാള്‍ ദിനത്തില്‍ ഒരു സമ്മാനം പോലെ ആ കൂളിങ് ഗ്ലാസ് എനിക്ക് അദ്ദേഹം കൊടുത്തയച്ചു’’. ജാഫര്‍ പറയുന്നു.

 

‘വിക്രം’ എന്ന സിനിമയിൽ എതിരാളിയുടെ കാലില്‍ പ്ലെയറിട്ട് ഞരമ്പ് മുറിച്ചു കൊല്ലുന്ന ക്രൂരനായ കുഞ്ഞന്‍ വില്ലന്റെ വേഷം അവതരിപ്പിച്ച നടനാണ് ജാഫർ സാദ്ദിഖ്. പാവൈ കഥകൾ, ലിയോ, ശൈത്താൻ സീരീസ് തുടങ്ങിയ പ്രോജക്ടുകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്ത ജാഫർ ജയിലറില്‍ ശിവരാജ് കുമാര്‍ അവതരിപ്പിക്കുന്ന നരസിംഹ എന്ന കഥാപാത്രത്തിന്‍റെ സഹായിയുടെ വേഷത്തിലാണ് എത്തിയത്. ഷാറുഖ് ഖാൻ നായകനാകുന്ന ‘ജവാൻ’ ആണ് ജാഫറിന്റെ പുതിയ ചിത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com