ADVERTISEMENT

അഭിനയകലയുടെ സർവരസങ്ങളും മികവോടെ പകർന്നാടുന്ന അഭിനയമൂർത്തിയാണ് മലയാളികൾക്ക് ഉർവശി. വൈവിധ്യമാർന്ന കഥാപാത്രങ്ങൾ ലഭിക്കുമ്പോൾ ഓരോ തവണയും അതുവരെ കാണാത്ത ഉർവശീഭാവമാകും പ്രേക്ഷകർക്കായി അവർ ഒരുക്കി വയ്ക്കുക. ഏറ്റവും പുതിയ ചിത്രമായ റാണിയിലും ഉർവശിയുടെ അത്തരത്തിലൊരു പകർന്നാട്ടം കാത്തുവച്ചിട്ടുണ്ട് സംവിധായകൻ ശങ്കർ രാമകൃഷ്ണൻ. പതിനെട്ടാം പടിക്കു ശേഷം ശങ്കർ രാമകൃഷ്ണൻ എഴുതി സംവിധാനം ചെയ്യുന്ന റാണി എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ഉർവശി മനോരമ ഓൺലൈനിൽ.  

 

ഇങ്ങനൊരു കഥാപാത്രം ഇതാദ്യം

 

വലിയ സ്റ്റാർ കാസ്റ്റ് ഉള്ള സിനിമയാണ് റാണി. ധാരാളം കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളുണ്ട്. കഥയുടെ കാര്യവും കാരണവും കഥാന്ത്യവും സ്ത്രീകളുമായി ബന്ധപ്പെട്ടാണ് പോകുന്നത്. റാണി എന്ന പേര് അന്വർഥമാക്കുന്ന കഥ തന്നെയാണ് സിനിമയുടേത്. ഞാൻ ഇങ്ങനെയൊരു കഥാപാത്രം മുമ്പു ചെയ്തിട്ടില്ല. രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഒരു പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്. സിനിമയിൽ ഒരു കൊലപാതകം നടക്കുന്നുണ്ട്. പക്ഷേ, പൂർണമായും ഒരു ക്രൈം ത്രില്ലറെന്നു വിളിക്കാൻ പറ്റില്ല. ഇമോഷനലായി പോകുന്ന ഒരു കഥയാണ്. അതിനൊപ്പം ഒരു അന്വേഷണവും നടക്കുന്നു. എന്റെ കഥാപാത്രം എഴുത്തുകാരിയാണ്. എല്ലാവരോടും പ്രസാദാത്മകമായി സംസാരിക്കുമെങ്കിലും വളരെ ഗൗരവക്കാരിയാണ്. ആരോടും അങ്ങനെ അടുത്തിടപെഴുകില്ല.  

 

അമ്മയാണ് എന്റെ റാണി

 

urvashi-actress-r
‘റാണി’ സിനിമയിൽ ഉർവശി

എല്ലാ സ്ത്രീകളും അവരവരുടെ ജീവിതത്തിൽ റാണിമാരാകുന്നത് ഓരോ പ്രതിസന്ധികളെയും തരണം ചെയ്തു മുന്നേറുമ്പോഴാണ്. എന്റെ ജീവിതത്തിൽ എന്റെ അമ്മ തന്നെയാണ് റാണി. ഞങ്ങൾ അഞ്ചു മക്കളായിരുന്നു. ഞങ്ങളുടെ കലാപരമായ എല്ലാ കഴിവുകളെയും പ്രോത്സാഹിപ്പിച്ച്, എല്ലാവരോടും വിനയത്തോടും ഗുരുത്വത്തോടും കൂടി പെരുമാറിക്കൊണ്ട് അന്നും ഇന്നും ജീവിക്കുന്ന എന്റെ അമ്മയാണ് എന്റെ റാണി. ഞാനാരുടെയെങ്കിലും ജീവിതത്തിൽ റാണി ആയിട്ടുണ്ടോയെന്ന് എനിക്കു പറയാൻ പറ്റില്ലല്ലോ. ഞാൻ നിൽക്കുന്ന മേഖലയിൽ എന്റെ ഇത്രയും കാലത്തെ അഭിനയജീവിതത്തിൽ പ്രേക്ഷകർ അങ്ങനെ ഒരു ഇടം നൽകുന്നുണ്ടെങ്കിൽ സന്തോഷം. എന്നെ സ്നേഹിക്കുന്നവരുടെ മനസിൽ അങ്ങനെയൊരു സ്ഥാനം എനിക്കുള്ളതിൽ സന്തോഷമുണ്ട്. 

 

ഇത് വേറെ ലെവൽ കോംബോ

 

പ്രതിഭയുള്ള നടനാണ് ഇന്ദ്രൻസേട്ടൻ. കരുത്തുറ്റ നടനായി അദ്ദേഹം വളർന്നു കഴിഞ്ഞു. അദ്ഭുതപ്പെടുത്തുന്ന പ്രതിഭയാണ് അദ്ദേഹം. എപ്പോഴും അദ്ദേഹത്തിന്റെയുള്ളിൽ നാടകവും സിനിമയും ഉണ്ടായിരുന്നതിന്റെ തെളിവാണ് ഇപ്പോൾ നാം കണ്ടുകൊണ്ടിരിക്കുന്ന പ്രകടനങ്ങൾ. അല്ലാതെ, ഒരു സുപ്രഭാതത്തിൽ ഒരു പടം ഓടിയതുകൊണ്ട് ഒരാൾക്ക് അഭിനയം വന്നു കയറില്ല. ഇന്ദ്രൻസേട്ടനുമായി റാണിയിലും നല്ല കോംബിനേഷനുണ്ട്. ഞാനും ഇന്ദ്രൻസേട്ടനും സംസാരിക്കുന്നിടത്തു നിന്നാണ് കഥ മുമ്പോട്ടു പോകുന്നത്. ജലധാര പമ്പ്സെറ്റ് സിൻസ് 1962 എന്ന സിനിമയിൽ ഇന്ദ്രൻസേട്ടൻ കള്ളനും അയാൾ മോഷ്ടിച്ച മുതലിന്റെ ഉടമയായ ടീച്ചർ കഥാപാത്രവുമാണ് ഞാൻ. 

 

എന്നാൽ ഈ സിനിമയിൽ കേസ് അന്വേഷിക്കുന്ന പൊലീസാണ് ഇന്ദ്രൻസേട്ടൻ. ഞാൻ പരാതിക്കാരിയും. റാണിയുടെ സെറ്റിലെത്തിയപ്പോൾ ഞങ്ങൾ ഇക്കാര്യം തന്നെ പറഞ്ഞു ചിരിക്കുകയായിരുന്നു. സിനിമയിൽ മാത്രമല്ലേ ഇങ്ങനെയൊരു വൈപരീത്യം സാധ്യമാകൂ! ഓരോ ഷോട്ട് എടുക്കുമ്പോഴും ഞങ്ങൾക്കു ചിരിയാണ്. കാരണം, "എടാ മണീ... ഇന്ന് മര്യാദയ്ക്ക് കോടതിയിലേക്ക് വന്നേക്കണം" എന്നു പറഞ്ഞിടുത്തു നിന്ന് ഞാൻ സർ എന്നു വിളിക്കുകയും എന്നെ മേഡം എന്നു വിളിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലേക്ക് ഞങ്ങളുടെ വേഷങ്ങൾ മാറുന്നത് ശരിക്കും ആസ്വദിച്ചു.

 

പാൻ ഇന്ത്യൻ ചിത്രങ്ങൾ മാത്രം പോരാ

 

കഴിഞ്ഞ വർഷം വൈവിധ്യമുള്ള കഥാപാത്രങ്ങളായിരുന്നു മലയാളത്തിൽ ഞാൻ ചെയ്തത്. ചാൾസ് എന്റർപ്രൈസസ്, ഉള്ളൊഴുക്ക്, ജലധാര പമ്പ്സെറ്റ് പിന്നെ റാണി. പരസ്പര സാമ്യമില്ലാത്ത കഥാപാത്രങ്ങളായിരുന്നു എല്ലാം. സ്ത്രീകഥാപാത്രങ്ങളിലെ വൈവിധ്യം എന്നു പറയുന്നതു വളരെ കുറച്ചല്ലേ ഉള്ളൂ. പിന്നെ, വളരെ കഴിവുള്ള ചെറുപ്പക്കാർ സിനിമയിലേക്കു വരുന്നുണ്ട്. ആൺകുട്ടികളായാലും പെൺകുട്ടികളായാലും നല്ല കഴിവുള്ളവരും ഹോംവർക്ക് ചെയ്തു സിനിമയിലേക്കു വരുന്നവരുമാണ്. അതിന്റെ വ്യത്യാസം അവരുടെ വർക്കിലുണ്ട്. സിനിമയുടെ നല്ല കാലം തന്നെയാണ് എന്നതിൽ സംശയമില്ല. പക്ഷേ, ചെറിയ സിനിമകൾക്ക് ആരോഗ്യകരമായ അവസ്ഥയും കൂടെ ഉണ്ടാകണം. പാൻ ഇന്ത്യ സിനിമ മാത്രമല്ലാതെ നമ്മുടേതായ സിനിമകൾക്കും പ്രാധാന്യം കിട്ടുമ്പോഴെ ഒരു ഇൻഡസ്ട്രിക്ക് നിലനിൽപ്പുള്ളൂ. അതും കൂടെ വേണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com