ഈ പ്രവൃത്തി അസ്വസ്ഥതയുണ്ടാക്കുന്നതും നീചവുമാണ്: തുറന്നടിച്ച് സായി പല്ലവി
Mail This Article
സിനിമയുടെ പൂജ ചടങ്ങിനിടെ സംവിധായകനൊപ്പം നിൽക്കുന്ന തന്റെ ചിത്രം മുറിച്ചുമാറ്റി വിവാഹച്ചിത്രമായി പ്രചരിച്ചവർക്കെതിരെ രൂക്ഷമായി പ്രതികരിച്ച് സായി പല്ലവി. ഇത്തരം പ്രവൃത്തി അസ്വസ്ഥതയുണ്ടാക്കുന്നതും നീചവുമാണെന്നും നടി തുറന്നടിച്ചു.
‘‘സത്യസന്ധമായി പറയുകയാണെങ്കിൽ, ഞാൻ കിംവദന്തികളെ കാര്യമായി ഗൗനിക്കാത്ത ഒരാളാണ്. എന്നാൽ അതിൽ കുടുംബാംഗങ്ങളെപോലെ കരുതുന്ന സുഹൃത്തുക്കളെ ഉൾപ്പെടുത്തുമ്പോൾ, എനിക്കു സംസാരിക്കേണ്ടി വരും. എന്റെ സിനിമയുടെ പൂജാ ചടങ്ങിൽ നിന്നുള്ള ഒരു ചിത്രം മനഃപൂർവം മുറിച്ചുമാറ്റി പെയ്ഡ് ബോട്ടുകളാൽ വെറുപ്പുളവാക്കുന്ന ഉദ്ദേശ്യങ്ങളോടെ പ്രചരിപ്പിച്ചു. ജോലി സംബന്ധമായ കാര്യങ്ങൾക്കു വേണ്ടി സന്തോഷകരമായ സന്തോഷകരമായ അറിയിപ്പുകൾ പങ്കിടാൻ ഉള്ളപ്പോൾ, ഈ തൊഴിലില്ലായ്മ പ്രവൃത്തികൾക്കെല്ലാം വിശദീകരണം നൽകേണ്ടി വരുന്നത് നിരാശാജനകമാണ്. ഇത്തരത്തിൽ അസ്വസ്ഥത ഉണ്ടാക്കുന്നത് തീർത്തും നീചമാണ്.’’–സായി പല്ലവി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
കഴിഞ്ഞ ദിവസങ്ങളിലാണ് സായി പല്ലവി രഹസ്യമായി വിവാഹിതയായി എന്ന തരത്തിൽ സമൂഹമാധ്യമങ്ങളില്‍ വാർത്ത പടർന്നത്. സംവിധായകനൊപ്പം പൂമാല അണിഞ്ഞുള്ള സായി പല്ലവിയുടെ ചിത്രവും ചേർത്തുവച്ചായിരുന്നു വാർത്ത. രാജ്കുമാര്‍ പെരിയസാമി എന്ന സംവിധായകനെ നടി രഹസ്യമായി വിവാഹം കഴിച്ചുവെന്നായിരുന്നു ചിത്രത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ശിവ കാര്‍ത്തികേയന്റെ 21ാമത്തെ സിനിമയുടെ പൂജ ചടങ്ങില്‍ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങളാണ് തെറ്റായ രീതിയിൽ ചില ആളുകൾ പ്രചരിപ്പിച്ചത്.
സായ് പല്ലവിക്കൊപ്പം മാലയിട്ട് നില്‍ക്കുന്നത് ശിവ കാര്‍ത്തികേയന്‍ സിനിമയുടെ സംവിധായകനായ രാജ്കുമാര്‍ പെരിയസാമിയാണ്. പൂജാ ചടങ്ങുകളുടെ ഭാഗമായിട്ടാണ് ഇരുവരും മാല ധരിച്ചത്. സിനിമയുടെ ക്ലാപ് ബോർഡ് ഒഴിവാക്കി രാജ്കുമാറും, സായ് പല്ലവിയും മാത്രമുള്ള ഭാഗം കട്ട് ചെയ്താണ് ഈ ചിത്രം പ്രചരിപ്പിച്ചത്.