‘ലിയോ’ കുടുംബ ചിത്രങ്ങൾ പുറത്ത്; ഒരു മാറ്റവുമില്ലാതെ വിജയ്‌യും തൃഷയും
Mail This Article
തിയറ്ററുകളിലെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ‘ലിയോ’യുടെ പുത്തൻ സ്റ്റിൽസ് പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ‘ലിയോ’ ഫാമിലി സ്റ്റിൽസ് ആണ് റിലീസ് ചെയ്തിരിക്കുന്നത്. വിജയ്, തൃഷ, മാത്യു, ഇയൽ, ഗൗതം മേനോൻ, പ്രിയ ആനന്ദ് എന്നിവരെ ചിത്രങ്ങളില്‍ കാണാം. മാത്യുവും ഇയലും വിജയ്‌യുടെ മക്കളായി എത്തുന്നു. മാത്യുവിന്‍റെ തമിഴിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ലിയോ.
തമിഴില്‍ നിരവധി ആരാധകരുള്ള വിജയ്-തൃഷ താരജോഡി നീണ്ട 15 വര്‍ഷത്തിന് ശേഷം വീണ്ടും സ്ക്രീനിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട് ലിയോയ്ക്ക്. ഒന്നിച്ച് അഭിനയിച്ചിട്ട് 15 വര്‍ഷം പിന്നിട്ടിട്ടും ഇന്നും ഇരുവരും തമ്മിലുള്ള കെമിസ്ട്രിക്ക് ഒരു കുറവും വന്നിട്ടില്ലെന്ന് ചിത്രങ്ങൾ കണ്ട ആരാധകര്‍ പറയുന്നു. 2008ൽ പുറത്തിറങ്ങിയ ‘കുരുവി’യിലാണ് ഇരുവരും അവസാനം ഒന്നിച്ചെത്തിയത്.
പാർഥി, ലിയോ എന്നിങ്ങനെ രണ്ട് വേഷത്തിലാണ് വിജയ് എത്തുന്നത്. അർജുനും സഞ്ജയ് ദത്തും വിജയ്‍യുടെ സഹോദരങ്ങളാകുന്നു. കശ്മീരിൽ കുടുംബമായി താമസിക്കുന്ന പാർഥിയെ തേടി ആന്റണി ദാസ് എന്ന അധോലോക നായകൻ എത്തുന്നിടത്താണ് കഥ തുടങ്ങുന്നത്.
മാസ്റ്ററിനു ശേഷം ലോകേഷ് കനകരാജും വിജയ്‌യും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. സഞ്ജയ് ദത്തിന്റെ ആദ്യ തമിഴ് ചിത്രം.
സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍.
അനിരുദ്ധ് സംഗീതം ഒരുക്കുന്നു. വാരിസിനും മാസ്റ്ററിനും ശേഷം സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണിത്. ഡി.ഒ.പി : മനോജ് പരമഹംസ, ആക്‌ഷന്‍ : അന്‍പറിവ്, എഡിറ്റിങ് : ഫിലോമിന്‍ രാജ്. ഒക്ടോബര്‍ 19 ന് ലോകമെമ്പാടും ലിയോ തിയറ്ററുകളില്‍ എത്തും. പിആര്‍ഓ : പ്രതീഷ് ശേഖര്‍.