പൃഥ്വി സെറ്റിൽ തിരിച്ചെത്തിയ സന്തോഷം പങ്കുവച്ച് സുപ്രിയ
Mail This Article
മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് സുകുമാരന് പിറന്നാൾ ആശംസകളുമായി ഭാര്യ സുപ്രിയ മേനോൻ. ഇരുവരും ഒരുമിച്ചുള്ള മനോഹര ചിത്രം പങ്കുവച്ചാണ് സുപ്രിയ പൃഥ്വിരാജിന് പിറന്നാൾ ആശംസ നേർന്നത്. കാൽമുട്ടിനേറ്റ പരുക്കുമായി വിശ്രമത്തിലായിരുന്നു കഠിനമായ നാളുകൾ കഴിഞ്ഞ് വീണ്ടും തനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമാസെറ്റിൽ പൃഥ്വിരാജ് തിരിച്ചെത്തിയത് കാണുമ്പൊൾ സന്തോഷമുണ്ടെന്ന് സുപ്രിയ പറയുന്നു. ആടുജീവിതം, സലാർ തുടങ്ങി പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രങ്ങൾ പുറം ലോകം കാണുന്നത് കാണാൻ താനും ആകാംഷയോടെ കാത്തിരിക്കുകയാണെന്ന് സുപ്രിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
‘‘കാൽമുട്ടിനേറ്റ പരുക്കും തുടർന്നുള്ള പുനരധിവാസവുമായി കഴിഞ്ഞ ഏതാനും മാസങ്ങൾ അതികഠിനമായിരുന്നു. എന്നാൽ ഇന്ന് നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ളത് ചെയ്യുന്ന അന്തരീക്ഷത്തിൽ നിങ്ങളെ വീണ്ടും കാണുന്നതിൽ എനിക്കുള്ള സന്തോഷം വാക്കുകൾക്കും അതീതമാണ്. ജന്മദിനാശംസകൾ പി, ഈ വർഷം നിങ്ങൾക്ക് ഏറ്റവും മികച്ചതാകട്ടെ. ആടുജീവിതം, സലാർ, ബഡേ മിയാൻ ചോട്ടേ മിയാൻ തുടങ്ങി നിങ്ങൾ ചെയ്ത നിരവധി ചിത്രങ്ങൾ ലോകം കാണുന്നത് കാണാൻ ഞാൻ കാത്തിരിക്കുകയാണ്." സുപ്രിയ മേനോൻ കുറിച്ചു.
20 വര്‍ഷങ്ങള്‍ക്ക് മുമ്പ് എത്തിയ രാജസേനന്‍ ചിത്രം ‘നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തിയതെങ്കിലും ‘നന്ദനം’ ആണ് പൃഥ്വിരാജിന്റെതായി ആദ്യം തിയറ്ററില്‍ എത്തിയത്. അഭിനയജീവിതത്തില്‍ രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാക്കും മുമ്പേ സംവിധായകന്‍ ആവുക എന്ന സ്വപ്‌നവും പൃഥ്വി പൂര്‍ത്തിയാക്കിയിട്ടുണ്ട്. മലയാള സിനിമയിൽ ആക്‌ഷൻ റൊമാന്റിക് ഹീറോ ആയും സംവിധായകനായും നിർമാതാവായും ഓൾറൗണ്ടറായി പേരെടുത്ത പൃഥ്വിരാജിന്റേതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.
‘ആടുജീവിതം’, വിലായത്ത് ബുദ്ധ’, ‘സലാര്‍’, ‘എമ്പുരാന്‍’, ‘ടൈസണ്‍’ എന്നിങ്ങനെ പ്രിത്വിയുടെ വമ്പൻ ചിത്രങ്ങൾ റിലീസ് ചെയ്യുന്നത് കാത്തിരിക്കുകയാണ് ആരാധകരും സിനിമാ ലോകവും.