‘തേജസ്’ കാണാൻ ആളില്ല, പ്രേക്ഷകരോട് അഭ്യർഥിച്ച് കങ്കണ; പരിഹാസവുമായി പ്രകാശ് രാജ്
Mail This Article
പുതിയ സിനിമയായ ‘തേജസ്’ കാണാൻ തിയറ്ററുകളിലേക്ക് പ്രേക്ഷകരെ ക്ഷണിച്ച് വിഡിയോ പങ്കുവച്ച കങ്കണ റണൗട്ടിനെ ട്രോളി പ്രകാശ് രാജ്. വൻ മുതൽമുടക്കിൽ നിർമിച്ച ‘തേജസ്’ വമ്പൻ പരാജയത്തിലേക്കാണ് കൂപ്പുകുത്തുന്നത്. സിനിമ കാണാൻ പ്രേക്ഷകർ തിയറ്ററിലെത്തിയില്ലെങ്കിൽ തിയറ്ററുകള്‍ നഷ്ടത്തിലാകുമെന്നും കുടുംബത്തോടൊപ്പം വന്ന് എല്ലാവരും ‘തേജസ്’ കാണണമെന്നുമാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെ കങ്കണ അഭ്യർഥിച്ചത്. ഈ വിഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു പ്രകാശ് രാജിന്റെ പരിഹാസം. ‘‘ഇന്ത്യയ്ക്ക് 2014ല്‍ സ്വാതന്ത്ര്യം ലഭിച്ചതല്ലേയുള്ളൂ. ഒന്നു കാത്തിരിക്കൂ. പതുക്കെ കയറിവരും’’ എന്നായിരുന്നു പ്രകാശ് രാജ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്.
2014 ലാണ് ഇന്ത്യയ്ക്ക് യഥാർഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചതെന്ന കങ്കണയുടെ പഴയ വാക്കുകൾ കടമെടുത്തായിരുന്നു പ്രകാശ് രാജിന്റെ പരാമർശം.
സർവേഷ് മേവാര രചനയും സംവിധാനവും നിർവഹിച്ച തേജസ് സിനിമയിൽ തേജസ് ഗില്‍ എന്ന ഫൈറ്റര്‍ പൈലറ്റിന്റെ വേഷത്തിലാണ് കങ്കണ എത്തിയത്. 100 കോടി രൂപ മുടക്കിയ സിനിമയ്ക്ക് ആദ്യ രണ്ടു ദിവസം കൊണ്ട് നേടാനായത് വെറും 3 കോടി രൂപയാണ്. ഇതോടെയാണ് പ്രേക്ഷകരെ തിയറ്ററുകളിലേക്ക് ആകർഷിക്കാൻ കങ്കണ തന്നെ മുന്നിട്ടിറങ്ങിയത്.
തിയറ്ററുകള്‍ നഷ്ടത്തിലാണെന്നും അവരുടെ നിലനില്‍പ്പിനായി പ്രേക്ഷകര്‍ തിയേറ്ററിലേക്ക് വരണമെന്നുമാണ് കങ്കണ പങ്കുവച്ച വിഡിയോയില്‍ പറയുന്നത്.
‘‘കോവിഡിനു മുമ്പ് തന്നെ തിയറ്ററുകള്‍ക്ക് തിരിച്ചടി ലഭിക്കാന്‍ തുടങ്ങിയിരുന്നു. കോവിഡിനു ശേഷവും അത് കൂടിയിട്ടേയുള്ളൂ. സൗജന്യമായി ടിക്കറ്റുകള്‍ കൊടുത്തിട്ടും നിരവധി ഓഫറുകള്‍ നല്‍കിയിട്ടും തിയറ്ററിലേക്ക് പ്രേക്ഷകര്‍ വരാത്തത് തുടരുകയാണ്. കുടുംബത്തോടൊപ്പം തിയറ്ററിലേക്ക് വന്ന് സിനിമ ആസ്വദിക്കണമെന്ന് ഞാന്‍ പ്രേക്ഷകരോട് അഭ്യർഥിക്കുകയാണ്. അല്ലെങ്കില്‍ തിയറ്ററുകള്‍ക്ക് നിലനില്‍പ്പുണ്ടാവില്ല.’’–കങ്കണ പറഞ്ഞു.
ഇതിനു മുമ്പ് കങ്കണ പ്രധാന വേഷത്തില്‍ എത്തിയ തമിഴ് ചിത്രം ‘ചന്ദ്രമുഖി 2’ ബോക്‌സ്ഓഫിസില്‍ വലിയ പരാജയമായിരുന്നു. 2022 ല്‍ കങ്കണ നായികയായി എത്തിയ ധക്കഡ് എന്ന ചിത്രവും തകർന്നു. ‘എമര്‍ജന്‍സി’യാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന കങ്കണയുടെ ചിത്രം. അടിയന്തരാവസ്ഥ അടിസ്ഥാനമാക്കി നിര്‍മിച്ച ചിത്രത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയായാണ് കങ്കണ അഭിനയിക്കുന്നത്.