മറക്കില്ല ആ കല്യാണ ചെറുക്കനെ; പ്രേക്ഷകരുടെ മനസ്സിൽ ബാക്കിയാകുന്ന ഹനീഫ്
Mail This Article
മൂന്നു പതിറ്റാണ്ടു കാലം നീണ്ട അഭിനയജീവിതത്തിൽ ചെറുതും വലുതുമായ ഒരുപാട് വേഷങ്ങൾ ചെയ്തു കയ്യടി വാങ്ങിയിട്ടുണ്ട് കലാഭവൻ ഹനീഫ്. പ്രേക്ഷകർ ചിരിച്ചു മറിഞ്ഞ ഒരുപാടു വേഷങ്ങളുണ്ടെങ്കിലും 'ഈ പറക്കും തളികയിലെ കല്യാണ ചെറുക്കൻ' എന്ന വിശേഷണമാണ് പുതിയ തലമുറയിലെ സിനിമാപ്രേമികൾക്കിടയിലും ഹനീഫിനെ പരിചിതനാക്കിയത്.
ഈ പറക്കും തളികയിൽ "അമ്മാവന്റെ ആദ്യത്തെ കല്യാണാ ഇത്?" എന്നു ചോദിക്കുന്ന കുട്ടികളോട് ഹനീഫിന്റെ കഥാപാത്രം പറയുന്ന ഡയലോഗുണ്ട്. "ആദ്യത്തേതും അവസാനത്തേതും". ഹനീഫിന്റെ പ്രത്യേക ശൈലിയിൽ പറയപ്പെട്ട ആ ഡയലോഗ് ക്ലാസിക് തമാശയായി മലയാളികളുടെ മനസ്സിൽ കയറിക്കൂടുകയായിരുന്നു.
തെങ്കാശിപ്പട്ടണത്തിലും കല്യാണച്ചെറുക്കനായിട്ടായിരുന്നു ഹനീഫ് എത്തിയത്. കയ്യിൽ ചൂടുള്ള ചായപ്പാത്രം വച്ചുകൊടുക്കുമ്പോൾ അലറിക്കരയുന്ന ഹനീഫിന്റെ കഥാപാത്രത്തോട് സിനിമയിലെ അച്ഛൻ കഥാപാത്രം ചോദിക്കുന്ന ഡയലോഗും തിയറ്ററുകളിൽ പൊട്ടിച്ചിരികൾ ഉയർത്തിയിരുന്നു. "ശാസ്ത്രീയ സംഗീതം പഠിച്ചിട്ടുണ്ടോ?", എന്ന ഡയലോഗ് അത്രയേറെ ചിരി പൊട്ടിക്കാനുള്ള കാരണം ആ സീനിൽ ഹനീഫിന്റെ സവിശേഷ ശൈലിയിലുള്ള അലർച്ചയായിരുന്നു.
അമർ അക്ബർ ആന്റണി, കട്ടപ്പനയിലെ ഋതിക് റോഷൻ തുടങ്ങിയ സിനിമയിലും രസകരമായ വേഷങ്ങളിലൂടെ ഹനീഫ് പ്രേക്ഷകരെ രസിപ്പിച്ചു. കട്ടപ്പനയിലെ ഋതിക് റോഷൻ സിനിമയിൽ ശശി എന്ന പേരു കൊണ്ടുള്ള നാട്ടുകാരുടെ പരിഹാസം അവസാനിപ്പിക്കാൻ പേരുമാറ്റം നടത്തുന്ന കഥാപാത്രമായാണ് ഹനീഫ് എത്തിയത്. ശശി എന്ന പേരു മാറ്റി സോമൻ എന്ന പേരു സ്വീകരിക്കുന്ന ഹനീഫിന്റെ കഥാപാത്രം സിനിമയ്ക്കു പുറത്തും ഹിറ്റായി. ആ രംഗവും ഹനീഫിന്റെ ഡയലോഗുകളും ട്രോളന്മാരുടെ പലവിധ ഭാവനകൾക്ക് വഴിയൊരുക്കി.
കലാഭവൻ ഹനീഫ് ഓർമയാകുമ്പോൾ പ്രേക്ഷകരുടെ മനസിൽ ബാക്കിയാകുന്നത് അദ്ദേഹം അവതരിപ്പിച്ച ഇത്തരം വേഷങ്ങളാണ്.