‘എന്നാലും ധ്യാനേ ഇതെങ്ങനെ !’; മേക്കോവറിൽ ഞെട്ടി പ്രേക്ഷകർ
Mail This Article
വൈറലായി ധ്യാൻ ശ്രീനിവാസന്റെ പുതിയ ലുക്ക്. തടി കുറച്ച് പുതിയ ലുക്കിൽ ഒരു പരസ്യചിത്രത്തിലാണ് ധ്യാൻ ശ്രീനിവാസൻ എത്തിയത്. ഒരുമാസം കൊണ്ട് ഇത്രയധികം വണ്ണു കുറച്ച ധ്യാനിന്റെ കണ്ട് ആരാധകർ അദ്ഭുതപ്പെട്ടു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘വർഷങ്ങൾക്ക് ശേഷം’ എന്ന ചിത്രത്തിനു വേണ്ടിയാണോ ധ്യാൻ തടി കുറച്ചത് എന്നാണ് ആരാധകരുടെ ചോദ്യം.
തടി കുറയ്ക്കാനും വ്യായാമം ചെയ്യാനും പൊതുവെ തനിക്ക് മടിയാണെന്ന് പല അഭിമുഖങ്ങളിലും ധ്യാൻ ശ്രീനിവാസൻ പറയാറുണ്ട്. സ്വന്തം ചേട്ടനുവേണ്ടി തടി കുറയ്ക്കുക മാത്രമല്ല എന്തുവേണമെങ്കിലും ചെയ്യുമെന്ന നിലപാടിലാണ് ധ്യാനെന്ന് പ്രേക്ഷകർ പറയുന്നു. ധ്യാന്‍ പങ്കുവച്ച പരസ്യ വിഡിയോയ്ക്കു താഴെയും പ്രേക്ഷകർക്കു ചോദിക്കാനുള്ളത് ഇതെങ്ങനെ നേടിയെടുത്തു എന്നാണ്. സജിത് റസാഖ് ആണ് ധ്യാനിന്റെ പേഴ്സനൽ ട്രെയിനർ. സജിത്തിന്റെ നിർദേശ പ്രകാരമുളള പരിശീലനത്തിലൂടെയാണ് ധ്യാൻ ഈ മേക്കോവറിലെത്തിയത്.
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, അജു വർഗീസ്, വിനീത് ശ്രീനിവാസൻ, നീത പിള്ളൈ, നീരജ് മാധവ്, നിവിൻ പോളി, കലേഷ് രാമാനന്ദ് തുടങ്ങിയ ചെറുപ്പക്കാരുടെ ഒരു വമ്പൻ നിര തന്നെ അണിനിരക്കുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. അർജുൻ ലാൽ, നിഖിൽ നായർ, ഷാൻ റഹ്മാൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
എൺപതുകളിലെ കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന. ഹൃദയം എന്ന വിജയചിത്രത്തിന്റെ ശിൽപികളാണ് ഈ ചിത്രത്തിനും പിന്നിൽ പ്രവർത്തിക്കുന്നത്. വിനീത് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് വൈശാഖ് സുബ്രഹ്മണ്യം ആണ്. മെറിലാൻഡ് സിനിമ തന്നെയാണ് ചിത്രം അവതരിപ്പിക്കുന്നത്.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘തിര’ എന്ന ചിത്രത്തിലൂടെയാണ് ധ്യാൻ ശ്രീനിവാസൻ അഭിനയരംഗത്തെത്തുന്നത്. ചിത്രത്തിലെ ധ്യാനിന്റെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നാല് സിനിമകൾ സംവിധാനം ചെയ്തെങ്കിലും അതിലൊന്നും ധ്യാൻ അഭിനയിച്ചിട്ടില്ല. ‘തിര’ പുറത്തിറങ്ങി പത്ത് വർഷങ്ങൾക്കുേശഷം വിനീതും ധ്യാനും വീണ്ടും ഒന്നിക്കുകയാണ്.
മൂന്ന് സിനിമകളാണ് ഈ വർഷം ധ്യാൻ ശ്രീനിവാസൻ നായകനായി അഭിനയിച്ച് തിയറ്ററുകളിലെത്തിയത്. നദികളിൽ സുന്ദരി യമുനയാണ് അവസാനം റിലീസ് ചെയ്ത ചിത്രം. ഈ സിനിമയിലും ശരീരഭാരത്തിന്റെ പേരിൽ ധ്യാൻ വിമർശിക്കപ്പെട്ടിരുന്നു.