അന്നത് തിരുത്താൻ ആരുമില്ലായിരുന്നു: ‘തൂവാനത്തുമ്പികളെ’ക്കുറിച്ച് മോഹൻലാൽ
Mail This Article
‘തൂവാനത്തുമ്പികൾ’ എന്ന സിനിമയിൽ തൃശൂർ ഭാഷയിലുണ്ടായ വ്യത്യാസത്തിനു കാരണം പറഞ്ഞ് മോഹൻലാൽ. സംവിധായകൻ പറഞ്ഞു തന്ന കാര്യങ്ങളാണ് ചെയ്തതെന്നും അന്ന് അതു തിരുത്താൻ ആരുമില്ലാത്തതുകൊണ്ടാകാം അങ്ങനെ സംഭവിച്ചതെന്നും മോഹൻലാൽ പറഞ്ഞു.
‘‘ഞാൻ തൃശൂർകാരനല്ലല്ലോ. ആ സമയത്ത് പത്മരാജൻ എന്ന സംവിധായകന്‍ പറഞ്ഞുതന്ന കാര്യങ്ങളാണ് ഞാൻ ചെയ്തത്. ലക്ഷക്കണക്കിന് ആളുകൾ കണ്ട സിനിമയാണത്. എനിക്ക് അറിയാവുന്ന കാര്യങ്ങളല്ലേ അതിൽ പറയാൻ പറ്റൂ. അന്നെനിക്ക് അതു കറക്ട് ചെയ്ത് തരാൻ ആരുമില്ലായിരുന്നു.
തൃശൂർ ഓൾ ഇന്ത്യ റേഡിയോയില്‍ ഉണ്ടായിരുന്ന ആളാണ് പത്മരാജൻ. അവിടുത്തെ ഏറ്റവും വലിയ സൗഹൃദക്കൂട്ടായ്മയുള്ള ആളാണ്. തൃശൂർകാരെല്ലാം അങ്ങനെ തൃശൂർ ഭാഷ സംസാരിക്കാറില്ല. മനഃപൂർവം മോക്ക് ചെയ്ത് പല സ്ഥലത്തും ആ സിനിമയിൽ കാണിച്ചിട്ടുണ്ട്. ആ സമയത്ത് എനിക്കു പറഞ്ഞുതരാൻ ആരുമില്ലാത്തതുകൊണ്ടാകാം അങ്ങനെ സംഭവിച്ചത്.’’–മോഹൻലാൽ പറഞ്ഞു.
‘തൂവാനത്തുമ്പികളി’ൽ ഉപയോഗിച്ചിരിക്കുന്നതുപോലെയല്ല യഥാർഥത്തിൽ തൃശൂർ ഭാഷ സംസാരിക്കുന്നതെന്നും സിനിമയിലേത് വളരെ ബോറായിരുന്നെന്നും സംവിധായകൻ രഞ്ജിത്ത് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.
‘‘ലാലിന്റെ നമുക്കൊക്കെ ഇഷ്ടപ്പെട്ട തൂവാനത്തുമ്പികളിലെ തൃശൂര്‍ ഭാഷ വളരെ ബോറാണ്. അത് തൃശൂര്‍ ഭാഷയെ അനുകരിക്കാന്‍ ശ്രമം നടത്തുകയാണ് ചെയ്തത്. 'മ്മ്ക്കൊരു നാരങ്ങാവെള്ളം കാച്ചിയാലോ' ആ താളത്തിലൊന്നും അല്ല യഥാര്‍ഥത്തില്‍ തൃശൂര്‍ ഭാഷ സംസാരിക്കുക.’’– രഞ്ജിത്തിന്റെ വാക്കുകൾ.