അന്ന് പ്രകീർത്തിച്ചു, ഇന്ന് ‘മഞ്ഞുമ്മൽ ബോയ്സി’നെ ഓഫിസിലേക്കു ക്ഷണിച്ച് ഉദയനിധി
Mail This Article
മികച്ച പ്രേക്ഷകപ്രതികരണം നേടി മുന്നേറുകയാണ് ചിത്രം മഞ്ഞുമ്മല്‍ ബോയ്സ്. മഞ്ഞുമ്മൽ ബോയ്സിനെ പ്രശംസിച്ച് തമിഴ്നാട് യുവജനക്ഷേമ സ്പോര്‍ട്സ് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിനും നേരത്തെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ചെന്നൈയിലെത്തിയ ടീം മഞ്ഞുമ്മൽ ബോയ്സിനെ തന്റെ ഓഫിസിലേക്കു ക്ഷണിച്ച് ഉദയനിധി. സംവിധായകനും പ്രധാന അഭിനേതാക്കളുമെല്ലാം ഒരുമിച്ചാണ് അദേഹത്തെ കണ്ടത്. മഞ്ഞുമ്മല്‍ ടീമിനെ കാണാനായതിന്‍റെ സന്തോഷം ഉദയനിധി സ്റ്റാലിനും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.
‘‘മഞ്ഞുമ്മല്‍ ബോയ്സ് കണ്ടു. ജസ്റ്റ് വാവൗ! കാണാതിരിക്കരുത്. അഭിനന്ദനങ്ങള്‍’’, എന്നായിരുന്നു സിനിമ കണ്ട ശേഷം അദ്ദേഹം എക്സില്‍ കുറിച്ചത്. അന്ന് സ്റ്റാലിനെ നന്ദിയറിയിച്ച ടീം നേരിട്ട് അദേഹത്തെ കാണാനെത്തിയതും കൗതുകമായി.
ഉലകനായകൻ കമൽഹാസനെയും മഞ്ഞുമ്മൽ ടീം കണ്ടിരുന്നു. ചിത്രത്തിന്‍റെ തമിഴ്നാട്ടിലെ പ്രമോഷനിടയ്ക്കാണ് സംവിധായകന്‍ ചിദംബരവും സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമും ഉലകനായകനെ കണ്ടത്. കമൽഹാസനു വേണ്ടി പ്രത്യേക പ്രിമിയർ ഷോയും സംഘടിപ്പിച്ചിരുന്നു. ‘ഗുണ’ സംവിധായകൻ സന്താനഭാരതിയും പ്രിമിയർ കാണാൻ എത്തിയിരുന്നു.
മലയാളി പ്രേക്ഷകര്‍ക്കൊപ്പം കേരളത്തിന് പുറത്തേക്കുള്ള പ്രേക്ഷകരും ഇരുകയ്യും നീട്ടിയാണ് മഞ്ഞുമ്മല്‍ ബോയ്സിനെ സ്വീകരിച്ചിരിക്കുന്നത്. തമിഴ്നാട്ടിലും മികച്ച നിരൂപക പ്രശംസ ചിത്രത്തിന് ലഭിച്ചിരുന്നു. സിനിമ 50 കോടി കലക്‌ഷനിലേക്ക് കുതിക്കുകയാണ്.
2006 ല്‍ കൊടെക്കനാലിലെ ഗുണകേവില്‍ അകപ്പെട്ടുപോയ സുഹൃത്തിനെ രക്ഷിച്ച എറണാകുളം മഞ്ഞുമ്മലില്‍ നിന്നും പോയ യുവാക്കളുടെ യഥാർഥ അനുഭവം ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. ജാന്‍ എ മനിന് ശേഷം ചിദംബരം സംവിധാനംചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‍സ്.
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്‌മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്‍ണൻ, ദീപക് പറമ്പോൽ, വിഷ്‍ണു രഘു, അരുൺ കുര്യൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.