ADVERTISEMENT

‘ആടുജീവിത’ത്തിലൂടെ മലയാള സിനിമ ഓസ്കറിലെത്തുമെന്ന് സംവിധായകൻ ശ്രീകുമാരൻ തമ്പി. ബ്ലെസിയുടെയും പൃഥ്വിരാജിന്റെയും ദീർഘകാല തപസ്യയുടെ ഫലമാണ് ഈ വിജയമെന്നും ആടുജീവിതത്തിലൂടെ പൃഥ്വിരാജിന് മികച്ച നടനുള്ള ഓസ്കർ ലഭിക്കട്ടെയെന്നും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

‘‘മലയാളസിനിമയ്ക്കു മാത്രമല്ല ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനവും അന്തസും നേടിത്തരുന്ന സിനിമയാണ് ബ്ലെസ്സിയുടെ ആടുജീവിതം. ബെന്യാമിൻ എന്ന എഴുത്തുകാരന്റെ കഥാസ്വരൂപത്തെ എത്ര മനോഹരമായ രീതിയിലാണ് ബ്ലെസി സിനിമ എന്ന മാധ്യമത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.    

                              

ഛായാഗ്രഹണം, എഡിറ്റിങ്, കലാസംവിധാനം, ശബ്ദലേഖനം, സംഗീതം. എല്ലാം ഏറ്റവും മികച്ചത്. രാജ്യാന്തര അവാർഡുകൾ ഈ സിനിമ വാരിക്കൂട്ടുക തന്നെ ചെയ്യും. ഓസ്‌കർ അവാർഡിന് ഇതാ ഒരു മലയാളസിനിമ എന്ന് ഞാൻ ശബ്ദമുയർത്തി പറയുന്നു. പൃഥ്വിരാജിന് മികച്ച നടനുള്ള ഓസ്കാർ അവാർഡ് ഈ സിനിമ നേടിക്കൊടുക്കട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു. ബ്ലെസിയുടെയും പൃഥ്വിരാജിന്റെയും ദീർഘകാല തപസ്യയുടെ ഫലമാണ് ഈ വിജയം.

സുകുമാരനും മല്ലികയും ഒരുപോലെ ഭാവനാസമ്പന്നരാണ്. അവർ രണ്ടുപേരും എന്റെ  സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഏതോ ഒരു  സ്വപ്നം, മാളിക പണിയുന്നവർ എന്നീ സിനിമകളിൽ മല്ലിക സംവിധാനത്തിൽ  സഹായിയുമായിരുന്നു. കൈനിക്കര കുടുംബത്തിൽ ജനിച്ച അച്ഛനും എന്റെ നാടായ ഹരിപ്പാട്ട് കോട്ടക്കകത്തു വീട്ടിൽ ജനിച്ച അമ്മയും മല്ലികയ്ക്കു നൽകിയ ജനിതകമൂല്യം ചെറുതല്ല. 

സുകുമാരനും ബുദ്ധിശക്തിയുടെയും ഭാവനയുടെയും കാര്യത്തിൽ ഒന്നാമൻ തന്നെയായിരുന്നു. രണ്ടു ബിദ്ധിജീവികളുടെ സംഗമത്തിൽ നിന്ന് പിറവിയെടുത്തവരാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. പൃഥ്വിരാജിന് രാജ്യാന്തര അംഗീകാരം ലഭിച്ചാൽ ഏറ്റവുമധികം സന്തോഷിക്കുന്നതും അഭിമാനിക്കുന്നതും ഞാനായിരിക്കും. അതിനു കാരണമുണ്ട്. സുകുമാരനും മല്ലികയും തമ്മിലുള്ള വിവാഹത്തിന് മുൻകൈയെടുത്തത് ഞാനാണ്. വിവാഹം റജിസ്റ്റർ ചെയ്ത സമയത്ത് സാക്ഷിയായി ഒപ്പിട്ട ആദ്യത്തെ വ്യക്തിയും ഞാൻ തന്നെ. ബെന്യാമിനും ബ്ലെസിക്കും പൃഥ്വിരാജിനും ഈ ബിഗ് ബജറ്റ്  ചിത്രത്തിന്റെ നിർമാതാവിനും എന്റെ അഭിനന്ദനം.’’–ശ്രീകുമാരൻ തമ്പിയുടെ വാക്കുകൾ.

English Summary:

Sreekumaran Thampi about Aadujeevitham

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com