ആ സ്ത്രീ പരിഹാസച്ചിരിയോടെ അവളോട് പറഞ്ഞു, ‘കിട്ടാത്ത മുന്തിരി പുളിക്കും, അല്ലേ?’
Mail This Article
ബിനീഷ് വിവരം അറിയിച്ചപ്പോള്‍ തീരെ ഉത്സാഹമില്ലാത്ത മട്ടില്‍ ഞാന്‍ ഓക്കെ എന്നു മാത്രം പറഞ്ഞു. ‘‘അതെന്താ ചേച്ചി ഒരു സന്തോഷമില്ലാത്ത പോലെ?’’ എന്ന് ബിനീഷ് ചോദിച്ചു. ഞാന്‍ പറഞ്ഞു. ‘അവളല്ലേ സന്തോഷിക്കണ്ടത്. ഞാനല്ലല്ലോ?’’, ‘‘മാര്‍ട്ടിന്‍ ചേട്ടന് സംസാരിക്കണം. മോളെ ഒന്ന് ഫോണില്‍ കിട്ടുമോ?’’ ബിനീഷ് ചോദിച്ചു.
മോള്‍ക്ക് പരീക്ഷയായതു കൊണ്ട് ഫോണ്‍ വീട്ടില്‍ വച്ചില്ല. വച്ചാല്‍ അവള്‍ എടുത്ത് കളിക്കും. അതുകൊണ്ട് രണ്ട് മൊബൈലും ഞാന്‍ കൂടെക്കൊണ്ടു പോന്നു എന്ന വിവരം ബിനീഷിനോട് പറഞ്ഞു.അടുത്ത വീട്ടിലെ നമ്പര്‍ തരുമോയെന്ന് ചോദിച്ചു. ഞാന്‍ നമ്പര്‍ കൊടുത്തു.
ആ നമ്പറില്‍ മോളെ വിളിച്ച് മാര്‍ട്ടിന്‍ പറഞ്ഞു. ‘‘അനശ്വര സിലക്ട് ആയി കേട്ടോ’’
എന്നെപോലെ തന്നെ അവളും ങാ..ഓക്കെ എന്ന് മാത്രം പറഞ്ഞു.
‘അതെന്താ നിനക്ക് ഒരു സന്തോഷമില്ലാത്തത്’
‘ങാ..ഓക്കെയാണ്’ എന്ന് വീണ്ടും മറുപടി.
ഞാന്‍ വീട്ടിലെത്തിയശേഷം അന്ന നടന്ന കാര്യങ്ങള്‍ ഞങ്ങള്‍ പരസ്പരം ഷെയര്‍ ചെയ്തു. സത്യത്തില്‍ രണ്ടുപേര്‍ക്കും അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അതോടൊപ്പം പോകണോ വേണ്ടയോ എന്നൊരു ആശയക്കുഴപ്പം. ബിനീഷ് വീണ്ടും വിളിച്ചിട്ട് പറഞ്ഞു. ‘‘അനശ്വരയ്ക്ക് ഒരു മൂന്നാഴ്ചത്തെ ട്രെയിനിങുണ്ട്. അതിനൊന്ന് വരണം’’.
അച്ചുവിനെ അമ്മയുടെ അടുത്താക്കിയിട്ട് ഞാനും ഏട്ടനും ലീവെടുത്ത് അനുവിനൊപ്പം ട്രെയിനിങിനു പോയി. ബന്ധുക്കള്‍ കൊച്ചിയിലുണ്ട് എന്നതായിരുന്നു ഏകധൈര്യം. അവരുടെ വീട്ടില്‍ രണ്ട് ദിവസം വെയിറ്റ് ചെയ്തിട്ടും ഇവര്‍ വിളിക്കുന്നില്ല. ഞങ്ങള്‍ രണ്ടുപേരും അവധിയെടുത്ത് വന്നിരിക്കുകയാണ്. അവധിയും പോകും. കാര്യമൊട്ട് നടക്കുന്നുമില്ല.
ഞാന്‍ ബിനീഷിനെ വിളിച്ച് വിവരം പറഞ്ഞു. നാളെ ഫ്‌ളാറ്റിലേക്ക് വരാന്‍ പറഞ്ഞു. അങ്ങനെ ഞങ്ങള്‍ മൂന്നുപേരും കൂടി ഫ്‌ളാറ്റിലേക്ക് ചെന്നു.
വളരെ ഫ്രണ്ട്‌ലിയായാണ് മാര്‍ട്ടിന്‍ സര്‍ സംസാരിച്ചത്. അനുവിനോട് ഫുട്ബോള്‍ അറിയുമോ എന്നൊക്കെ ചോദിച്ചു. പേടിച്ചരണ്ടുളള ഞങ്ങളുടെ ഇരിപ്പുകണ്ട് അദ്ദേഹം കാര്യങ്ങള്‍ തിരക്കി. ഞങ്ങളുടെ ആശങ്കകള്‍ കേട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു. ‘‘ചേച്ചി..സിനിമയെക്കുറിച്ച് പറയുന്നത് കുറെയൊക്കെ സത്യമാണ്. കുറെയൊക്കെ അസൂയ കൊണ്ട് പറയുന്നതുമാണ്. നമ്മള്‍ ആരെയും പേടിക്കണ്ട ആവശ്യമില്ല. നമ്മള് നമ്മളായിട്ട് നിന്നാ മതി. പിന്നെ നമ്മുടെ സെറ്റ് ഒരു ഫാമിലി പോലെയാണ്. ഇവിടെ ആശങ്കപ്പെടണ്ട കാര്യങ്ങളൊന്നുമില്ല. നിങ്ങള്‍ക്ക് ഫാമിലിയായി താമസിക്കാന്‍ ഒരു ഫ്‌ളാറ്റ് എടുത്തു തരും. ഒന്നര മാസം ഷൂട്ടുണ്ടാവും. ഒന്നും ടെന്‍ഷനടിക്കണ്ടാ..’’
മരുഭൂമിയില്‍ മഴ പെയ്ത പോലെ ഒരു അവസ്ഥയായിരുന്നു എനിക്ക്. ഭയം മനസില്‍ നിന്ന് ഊര്‍ന്നിറങ്ങിയ പോലെ...പിന്നെയൊരു ധൈര്യമായിരുന്നു. എല്ലാവരും കുടുംബാംഗങ്ങളെ പോലെ ഒപ്പം നിന്ന് കെയര്‍ ചെയ്തു. സിനിമയെക്കുറിച്ചുളള കേട്ടറിവുകളില്‍ കഥയില്ലെന്ന് ഏട്ടനും ബോധ്യമായി. എല്ലാ മേഖലയിലും നല്ല മനുഷ്യരും ചീത്ത മനുഷ്യരുമുണ്ട്. നമ്മള്‍ നല്ല മനുഷ്യര്‍ക്കിടയിലേക്ക് ചെന്നാല്‍ പിന്നെ ഭയപ്പെടേണ്ടതായി ഒന്നുമില്ല.
ഒന്നരമാസത്തെ ഷൂട്ട് കഴിഞ്ഞ് പിന്നെ ഡബ്ബിങ് വന്നു. അതോടെ എനിക്ക് വീണ്ടും ലീവ് എടുക്കേണ്ടി വന്നു. വാര്‍ഡ് മെമ്പര്‍ക്കും പഞ്ചായത്ത് പ്രസിഡണ്ടിനുമൊന്നും അത് ഇഷ്ടപ്പെട്ടില്ല. തൊട്ടതിനും പിടിച്ചതിനുമൊക്കെ അവര്‍ കുറ്റം പറയാന്‍ തുടങ്ങി. അവധിയെടുക്കാതെ രാജിവച്ച് പൊയ്ക്കൂടെ എന്ന് പലരും ചോദിക്കാന്‍ തുടങ്ങി. പെട്ടെന്ന് ജോലി കളയുന്നതിനെക്കുറിച്ച് ആ ഘട്ടത്തില്‍ എനിക്ക് ആലോചിക്കാന്‍ പോലും കഴിയുമായിരുന്നില്ല.
സിനിമ അനിശ്ചിതത്വങ്ങളുടെ ലോകമാണ്. ഉളള ജോലി കളഞ്ഞാല്‍ നമ്മുടെ കയ്യില്‍ പത്ത് രൂപ വരാനുളള സാഹചര്യം ഇല്ലാതാകും. സിനിമയില്‍ സ്ഥായിയായ ഒരു നിലനില്‍പ്പ് ഉണ്ടാകുമോയെന്ന് അറിയില്ല. മുത്തപ്പന്‍ എന്തോ മനസ്സില്‍ കണ്ടിട്ടുണ്ടാവുമെന്ന് തോന്നി. അല്ലെങ്കില്‍ പിന്നെ സിനിമ വേണ്ടെന്ന് പറഞ്ഞ് ഓടിയൊളിക്കാന്‍ ശ്രമിച്ച ഞങ്ങള്‍ ഇതിലേക്ക് എത്തിപ്പെടാനിടയായത് എങ്ങിനെ? ദൈവത്തെ വിശ്വസിച്ച് മുന്നോട്ട് പോകുക എന്നതല്ലാതെ വേറൊരു മാര്‍ഗമില്ല.
സിനിമാക്കാര്‍ സാധാരണ രാശി നോക്കി അഭിനേതാക്കളുടെ പേര് മാറ്റുമെന്ന് കേട്ടിട്ടുണ്ട്. അക്കാര്യത്തിലും എനിക്ക് ചെറിയ പേടിയുണ്ടായി. കാരണം അതിന് പിന്നിലും ഒരു കഥയുണ്ട്. അച്ചു ജനിച്ച സമയത്ത് ബര്‍ത്ത് സര്‍ട്ടിഫിക്കറ്റിലെ ഐശ്വര്യ രാജന്‍ എന്ന പേര് സ്‌കൂളില്‍ ചേര്‍ത്തപ്പോഴും അങ്ങനെ തന്നെ കൊടുത്തു. അനശ്വരയെ പ്രസവിക്കുന്ന സമയത്ത് കുറച്ച് കോംപ്ലിക്കേറ്റഡായിരുന്നതു കൊണ്ട് ആ വക കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. അച്ഛന്റെ അനിയന്‍ അനശ്വര എന്ന് മാത്രം പേര് കൊടുത്തു. സ്‌കൂളിലും അങ്ങനെ തന്നെ ചേര്‍ക്കേണ്ടി വന്നു.
ഹൈസ്‌കൂള്‍ ക്ലാസിലെത്തിയപ്പോള്‍ എല്ലാ കുട്ടികള്‍ക്കും പേരിനൊപ്പം അച്ഛന്റെ പേരുണ്ട്. അനശ്വരയുടെ ചേച്ചിക്കും അതുണ്ട്. എനിക്കും വേണം പേരിനൊപ്പം രാജന്‍ എന്ന് പറഞ്ഞ് അനൂട്ടി വാശി പിടിക്കാന്‍ തുടങ്ങി. ഞാന്‍ എന്തൊക്കെ പറഞ്ഞിട്ടും അവള്‍ അയഞ്ഞില്ല. ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെ എല്ലാ രേഖകളിലും വെറും അനശ്വരയാണ്. ഇനി പേര് മാറ്റണമെങ്കില്‍ ഗസറ്റ് വിജ്ഞാപനം ഉള്‍പ്പെടെ വേണം. എന്തൊക്കെ പറഞ്ഞിട്ടും അനൂട്ടി സമ്മതിക്കുന്നില്ല. അവസാനം ഞങ്ങള്‍ ഒരു ധാരണയിലെത്തി. ഞാന്‍ പറഞ്ഞു: ‘‘മോളെ സര്‍ട്ടിഫിക്കറ്റില്‍ മാത്രം അനശ്വര. ബാക്കി എല്ലായിടത്തും അനശ്വര രാജന്‍ എന്നേ കൊടുക്കൂ’’
സിനിമയില്‍ വന്നപ്പോള്‍ ആദ്യം തന്നെ ഞങ്ങള്‍ ആ പേര് തീരുമാനിച്ചു.അനശ്വര രാജന്‍...മലയാളികള്‍ അത് ഏറ്റെടുക്കുകയും ചെയ്തു. ആദ്യസിനിമയില്‍ നിന്ന് തന്നെ പ്രതീക്ഷിക്കാത്ത അംഗീകാരങ്ങള്‍ ലഭിച്ചെങ്കിലും ആ സന്തോഷം പൂര്‍ണമായി അനുഭവിക്കാന്‍ കഴിഞ്ഞില്ല. ഒരു പകലിന് ഒരു രാത്രി എന്ന പോലെ ആ സമയത്ത് വിഷമകരമായ ചില സാഹചര്യങ്ങള്‍ ഉണ്ടായി. ഏട്ടന്റെ മൂത്തജ്യേഷ്ഠന് എന്നെയും കുഞ്ഞുങ്ങളെയും ജീവനായിരുന്നു. എന്നെ സ്വന്തം അനിയത്തിക്കുട്ടിയെ പോലെയാണ് കണ്ടിരുന്നത്. അദ്ദേഹത്തിന് പെണ്‍മക്കളില്ലാത്തതു കൊണ്ട് അനുവും അച്ചുവും മൂപ്പര്‍ക്ക് സ്വന്തം മക്കളെ പോലെയായിരുന്നു. വല്യേട്ടന്‍ ഗള്‍ഫിലായിരുന്നു.ലീവിനു വന്നാല്‍ പിളേളരെ വിളിച്ചുകൊണ്ടുപോയി നിറയെ ഗിഫ്റ്റുകള്‍ വാങ്ങികൊടുക്കും. തറവാട്ടില്‍ നിന്ന് വാടകവീട്ടിലേക്ക് മാറേണ്ട സാഹചര്യം വന്നപ്പോഴും ചേട്ടന്‍ ആശ്വസിപ്പിച്ചു. ‘‘വിഷമിക്കണ്ട മോളെ..നമുക്ക് എന്തെങ്കിലും വഴിയുണ്ടാക്കാം’’
ഓണത്തിന് തൊട്ടുമുന്‍പ് ഒരു ദിവസം വിളിച്ച് വിശേഷങ്ങള്‍ അന്വേഷിച്ചിട്ട് ഓണം എങ്ങനെയുണ്ടെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു, ‘‘എന്ത് ഓണം ഏട്ടാ..ആകെ ഒറ്റപ്പെട്ട അവസ്ഥയല്ലേ? അമ്മയും ഏട്ടനും എല്ലാരും കൂടിയുളള ഓണവല്ലേ ഓണം..’’ഉടനെ ചേട്ടന്‍ പറഞ്ഞു, ‘‘സാരമില്ല മോളെ...അടുത്ത മാസം ഞാന്‍ വരും. അപ്പം നമുക്ക് അടിച്ചുപൊളിക്കാം’’
അങ്ങനെ പറഞ്ഞ ആളാണ്. ഓണത്തിന്റെ അന്ന് സഡന്‍ അറ്റാക്ക് വന്ന് അവസാനം നാട്ടിലെത്തുന്നത് ആളുടെ ചേതനയറ്റ ശരീരമാണ്. അനുവിനും അച്ചുവിനും സങ്കടം സഹിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. സ്വന്തം അച്ഛനെ പോലെ തന്നെയായിരുന്നു അവര്‍ക്ക് വല്യച്ഛന്‍. കുട്ടികള്‍ക്ക് വല്ലാത്ത ഷോക്കായി പോയി. ഏറെ നാളെടുത്തു ആ മാനസികാഘാതത്തില്‍ നിന്നും കരകയറാന്‍.
വല്യേട്ടന്റെ ബോഡി നാട്ടിലെത്താന്‍ ഒന്നര മാസമെടുത്തു. ബോഡി എത്തും വരെ ഞാന്‍ അവധിയെടുത്ത് ഏടത്തിയമ്മയ്ക്ക് കൂട്ടിരുന്നു. ആ കാലയളവത്രയും ഞങ്ങള്‍ അനുഭവിച്ച വേദനയ്ക്ക് കയ്യും കണക്കുമില്ല.ഒരു വശത്ത് ഏടത്തിയമ്മയെ സമാധാനിപ്പിക്കണം. മറുവശത്ത് നമ്മുടെ ഉളളില്‍ പുകയുന്ന അഗ്നിപര്‍വതം ആ വീട്ടിലുളളവര്‍ കാണാതെ ശ്രദ്ധിക്കണം.
അങ്ങനെ അനുവിന്റെ ജീവിതത്തില്‍ സംഭവിച്ച നല്ല കാര്യങ്ങള്‍ കാണാന്‍ ഞങ്ങള്‍ക്ക് പ്രിയപ്പെട്ട രണ്ട് ആളുകള്‍ ഇല്ലാതെ പോയി. അമ്മയും ചേട്ടനും...കരിവളളൂരില്‍ ഞങ്ങള്‍ താമസിക്കുന്ന വീടിന് മുന്നിലൂടെ കഷ്ടിച്ച് ഒരാള്‍ക്ക് നടന്നു പോകാനുളള വഴിയേയുളളു. അതുകൊണ്ട് ഒരു കാര്‍ പോലും വാങ്ങാന്‍ സാധിച്ചില്ല. മക്കളും ഞാനും വലിയ ആഡംബരങ്ങള്‍ മോഹിക്കുന്ന ആളുകളല്ല. ഏട്ടന്റെ വീട് ഒരു വയലിന് അടുത്താണ്. എന്റെ വീട് കുന്നും മലകളും പുഴയും ഒക്കെയുളള ഒരിടത്തും. അങ്ങനെയൊരു അന്തരീക്ഷത്തില്‍ ഗ്രാമ്യഭംഗിയുടെ നിറവും മണവും ആസ്വദിച്ച് ജീവിക്കാനായിരുന്നു ഞങ്ങള്‍ക്ക് ഇഷ്ടം. സാഹചര്യങ്ങള്‍ മൂലമാണ് കരിവളളൂരിലേക്ക് വന്നത്.
അനു മൂന്നാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ്. കരിവളളൂരിലെ ഒരു വിട്ടില്‍ അനു കളിക്കാന്‍ പോകും. അവിടെയും രണ്ട് പെണ്‍കുട്ടികളാണുളളത്. ആ വീട്ടുകാര്‍ക്ക് അത് അത്ര ഇഷ്ടമൊന്നും ഉണ്ടായിരുന്നില്ല. ഒരു ദിവസം ഞാന്‍ നോക്കുമ്പോള്‍ അനു കരഞ്ഞുകൊണ്ട് കയറി വരുന്നു. ഞാന്‍ കാരണം തിരക്കിയപ്പോള്‍ അവള്‍ പറഞ്ഞു.ആ കുട്ടിയുടെ അമ്മ അവളോട് ചോദിച്ചു. നിനക്ക് റോഡ് സൈഡിലുളള വീടാണോ അതോ ഉളളിലേക്ക് കയറിയുളള വീടാണോ ഇഷ്ടം?
അവള്‍ പറഞ്ഞു, ‘ഉളളിലേക്കുളള വീടാണ് ഇഷ്ടം’
ഉടനെ ആ സ്ത്രീ ഒരു പരിഹാസച്ചിരിയോടെ അവളോട് ചോദിച്ചു.
‘കിട്ടാത്ത മുന്തിരി പുളിക്കും. അല്ലേ?’
അത് കേട്ടപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു പോയി. ഞാന്‍ പറഞ്ഞു, ‘‘മോള് അത് കാര്യമാക്കണ്ട. അത് അവരുടെ സംസ്‌കാരം. നമ്മള്‍ ഹാപ്പിയായല്ലേ ജീവിക്കുന്നത്. നമുക്ക് ഇഷ്ടം ഇതാണ്. നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കുക. അതാണ് വേണ്ടത്. ബാക്കിയെല്ലാം ദൈവം നോക്കികകൊളളും’’
ആ കണ്ണീര് ദൈവം കണ്ടു എന്ന് വേണം കരുതാന്‍. അനുവിന്റെ അച്ഛന് കെ.എസ്.ഇ.ബി യില്‍ ജോലി കിട്ടി. ഹൈവേയില്‍ നല്ലൊരു വീട് എടുക്കാനുളള സാഹചര്യമുണ്ടായി. പിന്നീട് വളരെ ചെറുപ്രായത്തില്‍ തന്നെ അനുവിന് എറണാകുളം പോലൊരു മെട്രോ സിറ്റിയില്‍ വീട് എടുക്കാനുളള സാഹചര്യമുണ്ടായി. പക്ഷേ അന്ന് ഞങ്ങളെ മുറിവേല്‍പ്പിച്ച വാക്കുകള്‍ ഇന്നും മനസ്സിലെ നൊമ്പരപ്പൊട്ടാണ്. നാട്ടില്‍ പുതിയ വീട് വാങ്ങാന്‍ തീരുമാനിച്ചപ്പോള്‍ ഹൈവേ സൈഡിലേക്ക് മാറിയാലോ എന്ന് ഒരാലോചന വന്നു. അപ്പോഴും അനുവും അച്ചുവും പറഞ്ഞു.
‘‘അത് വേണ്ടമ്മാ...കുറച്ച് ഉളളിലേക്ക് മാറിയാലും വയലിന്റെ അടുത്ത് വഴിയുളള ഒരു വീട് നോക്കിയാല്‍ മതി’’
അപ്പോള്‍ സാഹചര്യങ്ങള്‍ മാറിയിട്ടും കുട്ടികളുടെ മനസ് പഴയത് പോലെ തന്നെയാണെന്ന് മനസിലായി. അവരുടെ ഇഷ്ടത്തിനൊപ്പം നില്‍ക്കാന്‍ ഞാനും തീരുമാനിച്ചു.
കുട്ടികളെക്കുറിച്ച് എനിക്കിപ്പോള്‍ തീരെ ആശങ്കയില്ല. അവര്‍ ഒരുപാട് പണം സമ്പാദിക്കണമെന്നല്ല അമ്മ എന്ന നിലയില്‍ ഞാന്‍ ആഗ്രഹിച്ചത്. അവര്‍ സ്വന്തം കാലില്‍ നിവര്‍ന്ന് നില്‍ക്കാന്‍ ശേഷിയുളള സ്വയംപര്യാപ്‌രായിരിക്കണം. ഏത് സാഹചര്യത്തെയും പതറാതെ നേരിടാനുളള കരുത്തുണ്ടാവണം. ഭാഗ്യവശാല്‍ കുട്ടികള്‍ രണ്ടും ബോള്‍ഡാണ്. അനുമോള്‍ ആ പ്രായത്തിലുള്ള ഒരു കുട്ടിക്ക് സങ്കല്‍പ്പിക്കാനാവാത്ത വിധം വളരെയധികം ബോള്‍ഡാണ്. വിജയങ്ങളിലും നേട്ടങ്ങളിലും ഞങ്ങളാരും അഹങ്കരിക്കാറില്ല.
ആരുമല്ലാത്തവര്‍ എന്ന നിലയില്‍ പലരും ചവുട്ടിത്താഴ്ത്തിയിടത്തു നിന്ന് ദൈവം അനുമോളെ കൈപിടിച്ചുയര്‍ത്തിയത് കാണുമ്പോള്‍ അഭിമാനവൂം സന്തോഷവുമുണ്ട്.
അത് ഈശ്വരന്റെ കൃപാകടാക്ഷം ഒന്ന് മാത്രമാണ്.
ഉദാഹരണം സുജാത കഴിഞ്ഞപ്പോള്‍ സ്വീകരണങ്ങളുടെയും ഉദ്ഘാടനങ്ങളുടെയും തിരക്കായി. നാട്ടിലായാലും മറ്റ് ഇടങ്ങളിലായാലും എല്ലാവര്‍ക്കും അനശ്വര തന്നെ വേണം. യാത്ര ചെയ്ത് ചെയ്ത് കുഞ്ഞ് ഒരു വഴിക്കായി. വീട്ടില്‍ മെമന്റോ വയ്ക്കാന്‍ തന്നെ സ്ഥലമില്ലാതായി. അവസാനം ഒരു ലക്ഷത്തോളം രൂപ മുടക്കി മെമെന്റോ വയ്ക്കാന്‍ ഒരു സംവിധാനം ഒരുക്കേണ്ടി വന്നു. ആദ്യസിനിമയില്‍ നിന്ന് ഒരാള്‍ക്കും ഉയര്‍ന്ന പ്രതിഫലമൊന്നും കിട്ടില്ല. അച്ഛന്‍ ജോലി ചെയ്യുന്ന പണം കൊണ്ടാണ് ആ സമയത്ത് കാര്യങ്ങള്‍ നടന്നു പോകുന്നത്. ചടങ്ങുകളില്‍ പങ്കെടുക്കണമെങ്കില്‍ ഓരോ പ്രോഗ്രാമിനും ഓരോ ഡ്രസ് വാങ്ങണം. ഇതിനെല്ലാം അച്ഛനെ ബുദ്ധിമുട്ടിക്കണം.
പലപ്പോഴും ഞാന്‍ ചിന്തിച്ചുപോയിട്ടുണ്ട്. ഈ പ്രോഗ്രാമുകള്‍ക്ക് വിളിക്കുന്നവര്‍ കുഞ്ഞിന് ഒരു ഡ്രസ് വാങ്ങി കൊടുത്തിരുന്നുവെങ്കില്‍...അല്ലെങ്കില്‍ ഒരു ബുക്ക് വാങ്ങി കൊടുത്തിരുന്നെങ്കില്‍. കുഞ്ഞുന്നാള്‍ മുതലേ നന്നായി പുസ്തകം വായിക്കുന്ന കൂട്ടത്തിലാണ് അനു. പുസ്തകം കിട്ടിയാല്‍ അവളത് ഒരു നിധി പോലെ സൂക്ഷിച്ചു വയ്ക്കും.
സിനിമയും സ്വീകരണങ്ങളും അംഗീകാരങ്ങളും എല്ലാം സംഭവിക്കുമ്പോഴും പഠനത്തില്‍ പിന്നാക്കം പോകരുതെന്ന് ഞങ്ങളെ പോലെ തന്നെ അനുട്ടിക്കും നിര്‍ബന്ധമായിരുന്നു.
അനൂട്ടി പ്ലസ് ടുവിന് പഠിച്ചത് വെളളൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു. ഷൂട്ടിങ് സമയത്ത് മിസായ എല്ലാ ക്ലാസുകളും അവളുടെ ക്ലാസ് ടീച്ചര്‍ ഷിജു മാഷ് പ്രത്യേകം എടുത്തുകൊടുക്കുമായിരുന്നു.
ഞാന്‍ ഓരോ ടീച്ചര്‍മാരുടെ അടുത്തും കൊണ്ടു പോയി പോര്‍ഷന്‍സ് പഠിപ്പിക്കും. ചില അധ്യാപകര്‍ വീട്ടില്‍ വന്ന് പഠിപ്പിക്കാന്‍ തയാറായി. ഫസ്റ്റ് ഇയറില്‍ അവള്‍ക്ക് ക്ലാസില്‍ തീരെ പോകാന്‍ പറ്റിയില്ല. സെക്കന്‍ഡ് ഇയറില്‍ കൊറോണയും വന്നു. എന്നിട്ടും പ്ലസ് ടുവിന് നല്ല മാര്‍ക്ക് വാങ്ങാന്‍ സാധിച്ചത് ടീച്ചേഴ്‌സിന്റെ സഹകരണം കൊണ്ട് മാത്രമായിരുന്നു. അവരോടുളള നന്ദിയും കടപ്പാടും വാക്കുകള്‍ക്കതീതമാണ്. അത് എന്നും സ്‌നേഹനിര്‍ഭരമായ ഒരു ഓര്‍മയായി ഞങ്ങളുടെ ഹൃദയത്തില്‍ സൂക്ഷിക്കും എന്നു മാത്രമേ പറയാന്‍ കഴിയു. മകള്‍ പ്രശസ്തയാവുന്നതോ ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്നതോ ഒക്കെ വലിയ സന്തോഷം നല്‍കുന്ന കാര്യങ്ങളാണെങ്കിലും മക്കളുടെ സന്തോഷമാണ് എല്ലാ അമ്മമാരും ഏറ്റവും ആഗ്രഹിക്കുന്നത്. ഒരമ്മയുടെ ഏറ്റവും വലിയ സന്തോഷം
മക്കളുടെ സാമീപ്യം എപ്പോഴും ഉണ്ടാവണം എന്നത് തന്നെയാണ്. കുട്ടികള്‍ എപ്പോഴും അരികിലുണ്ടായിരിക്കണമെന്ന് എനിക്കും നിര്‍ബന്ധമായിരുന്നു. ആകെ ഒരു ജീവിതമേയുളളു. അത് ഒരുമിച്ച് തന്നെ ജീവിക്കണം. ഷൂട്ടിങ് ലൊക്കേഷനിലായാലും അനുമോള്‍ക്ക് ഒപ്പം എപ്പോഴും ഞാനുണ്ട്. അതു കഴിഞ്ഞാലുടന്‍ ഞങ്ങള്‍ ഓടി അച്ചുമോള്‍ടെ അടുത്ത് എത്തും. കുട്ടികള്‍ തമ്മിലും വലിയ അടുപ്പമാണ്. ഒരു മനസ്സും രണ്ട് ശരീരവുമാണെന്ന് തോന്നും അവരുടെ സ്‌നേഹം കണ്ടാല്‍. അവര്‍ തമ്മിലുളള ചങ്ങാത്തവും കളിചിരികളും കണ്ടപ്പോള്‍ ഒരു കാര്യം എനിക്ക് ഓര്‍മ വന്നു.
പണ്ട് ഒരു കുട്ടി മതിയെന്ന് ഞാനും ഏട്ടനും ശാഠ്യം പിടിച്ചപ്പോള്‍ രണ്ടുപേരുടെയും അമ്മമാര്‍ എതിര്‍ത്തത്. അന്ന് അവര്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോഴും മനസിലുണ്ട്. ‘‘ഒരാള്‍ക്ക് ഒരാള്‍ കൂട്ട് വേണം ഉഷേ...അല്ലെങ്കില്‍ എന്തുണ്ടെങ്കിലും അവര്‍ ഒറ്റപ്പെട്ട് പോകും’’
അമ്മമാര്‍ ഇതൊക്കെ പറയുന്നത് അവരുടെ അനുഭവത്തില്‍ നിന്നാണ്. എന്റെ കുട്ടികള്‍ പഠിക്കുന്ന കാലത്ത് മൂത്തയാള്‍ എവിടെയെങ്കിലും പോയാല്‍ വാല് കണക്കെ ഇളയവള്‍ ഒപ്പമുണ്ടാവും. അതൊക്കെ കാണുമ്പോള്‍ വലിയ സന്തോഷം തോന്നും. ഞങ്ങളുടെ കാലം കഴിഞ്ഞാലും ഈ ഇഴയടുപ്പം ഉണ്ടാവണം എന്ന് പ്രാര്‍ത്ഥിക്കും.
പ്രസിദ്ധി ലക്ഷങ്ങളില്‍ ഒരാള്‍ക്ക് മാത്രം ലഭിക്കുന്ന വരദാനമാണെന്ന് പലരും പറഞ്ഞ് കേള്‍ക്കാറുണ്ട്. അത് വാസ്തവവുമാണ്. ആരാലും അറിയപ്പെടാതെ കിടന്ന ഒരു കുട്ടി പെട്ടെന്ന് കേരളം ഒട്ടാകെ അറിയപ്പെടുന്ന ഒരാളാവുക. സമീപകാലത്ത് മുഖ്യമന്ത്രി വിളിച്ചു കൂട്ടിയ പരിപാടിയില്‍ അദ്ദേഹത്തിനൊപ്പം വേദി പങ്കിടാന്‍ കഴിയുക. ഇതൊക്കെ ചെറിയ കാര്യമല്ലെന്ന് അറിയാം. പക്ഷേ ചില സന്ദര്‍ഭങ്ങളില്‍ പ്രസിദ്ധി തലവേദനകളും സൃഷ്ടിക്കാറുണ്ട്. സോഷ്യല്‍ മീഡിയയുടെ കാലമായതു കൊണ്ട് നാടിന്റെ നാനാഭാഗത്തു നിന്നും ധാരാളം ആളുകള്‍ വിളിച്ച് വിഡിയോകള്‍ ചെയ്തു കൊടുക്കാന്‍ ആവശ്യപ്പെടും. പ്രമോഷനല്‍ വിഡിയോകളും മറ്റുമാണ്. ചിലര്‍ക്ക് കുട്ടികളുടെ പിറന്നാളിന് അനശ്വരയുടെ ആശംസാ വിഡിയോ വേണം. ചിലയാളുകള്‍ വളരെ സൗമ്യമായി അഭ്യര്‍ഥിക്കും. ചിലര്‍ അവകാശസ്വരത്തില്‍ പറയും. മറ്റ് ചിലര്‍ ഭീഷണി മുഴക്കും. ആദ്യമൊക്കെ ഞാന്‍ അനുവിനെക്കൊണ്ട് നിര്‍ബന്ധിച്ച് ചെയ്യിക്കുമായിരുന്നു. പിന്നീട് അവളുടെ ബുദ്ധിമുട്ടുകള്‍ അറിഞ്ഞപ്പോള്‍ നിര്‍ബന്ധിക്കുന്നത് ശരിയല്ലെന്ന് തോന്നി.
കാരണം മിക്കപ്പോഴും അവള്‍ ഷൂട്ടിങ് സെറ്റില്‍ ക്യാരക്ടറിന്റെ മേക്കപ്പിലാവും. ആ വേഷത്തില്‍ വിഡിയോ ചെയ്യാന്‍ തീരെ കംഫര്‍ട്ടബിള്‍ ആയിരിക്കില്ല. ഞാന്‍ പറയുന്നതു കൊണ്ട് മനസില്ലാ മനസോടെ അവള്‍ ചെയ്തുകൊടുക്കും. ഇത് നിരന്തരം ആവര്‍ത്തിച്ചപ്പോള്‍ എനിക്ക് തന്നെ തോന്നി മറ്റുളളവരെ സന്തോഷിപ്പിക്കാന്‍ ഞാനെന്തിന് സ്വന്തം കുഞ്ഞിന്റെ സ്വസ്ഥത കളയണം. അതിന് ശേഷം ഞാനവളെ ഒന്നിനും നിര്‍ബന്ധിക്കാറില്ല. പിറന്നാള്‍ ആശംസക്കാര്‍ വരുമ്പോള്‍ അനു പറയും.
‘‘അമ്മേ... ഞാന്‍ ആ കുഞ്ഞിന് വേണമെങ്കില്‍ ഒരു ഗിഫ്റ്റ് വാങ്ങികൊടുക്കാം.എന്റെ ആശംസ കിട്ടിയതു കൊണ്ട് ആ കുഞ്ഞിന് എന്താ ഗുണം.?’’
അത് പറയുമ്പോള്‍ അവരുടെ മറുപടി ഇങ്ങനെയാവും. ‘‘ലാലേട്ടന്‍ ഗിഫ്റ്റ് അയച്ചു തന്നിട്ടുണ്ട്. അങ്ങനെ പല വലിയ ആര്‍ട്ടിസ്റ്റുകളും’’. ഈ പറയുന്നതൊക്കെ സത്യമാണോയെന്ന് അറിയില്ല. ഉടന്‍ ഞാന്‍ മറുപടി കൊടുക്കും. ‘‘ഇത്രയും വല്യ ആര്‍ട്ടിസ്റ്റുകളുടെ ഗിഫ്റ്റ് കിട്ടിയില്ലേ? അത് പോരേ? ഇനി എന്തിനാണ് ഇവളുടെ ആശംസ?’’
പിന്നീട് ആര് വിളിച്ചാലും ഷൂട്ടാണ് തിരക്കാണ് എന്ന് പറഞ്ഞ് ഒഴിവാക്കും. ഒരു കൂട്ടര്‍ക്ക് ആശംസ കൊടുത്താല്‍ അടുത്ത കൂട്ടര്‍ക്ക് പരാതിയാവും. ആര്‍ക്കും കൊടുക്കാതിതുന്നാല്‍ ആ പ്രശ്‌നമില്ല. പക്ഷേ ഇപ്പോഴും എത്ര തിരക്കാണെങ്കിലും ഏത് സെറ്റിലാണെങ്കിലും ചികിത്സാസംബന്ധമായ സഹായത്തിനുളള വിഡിയോ വേണ്ടി വന്നാല്‍ ഞാന്‍ പറയാതെ തന്നെ അനു ചെയ്തുകൊടുക്കും.വളരെ കുഞ്ഞുന്നാള്‍ മുതലേ മറ്റുളളവരോടുളള ദയയും അനുതാപവും അവളുടെ മനസിലുണ്ടായിരുന്നു.