ADVERTISEMENT

ഇന്ത്യന്‍ ബോക്‌സ്ഓഫിസ് പുണ്ടു വിളയാടുകയാണ്. മുന്‍പെങ്ങും കാണാത്ത ചരിത്രനേട്ടമാണ് 2024ല്‍ അപ്രതീക്ഷിതമായി സംഭവിച്ചിരിക്കുന്നത്. ആറ് മാസത്തിനുളളില്‍ 5000 കോടി എന്ന മാന്ത്രികസംഖ്യ പിന്നിടുകയാണ് കലക്‌ഷനില്‍. സാധാരണ ഗതിയില്‍ നടക്കുന്ന വാര്‍ഷിക കണക്കെടുപ്പില്‍ പോലും ഇത്തരം അത്ഭുതങ്ങള്‍ സംഭവിക്കാറില്ല. പൊതുവെ ഏറെക്കാലമായി മാന്ദ്യം അനുഭവിക്കുകയായിരുന്നു വിപണി. ബാഹുബലിയും ആര്‍ആര്‍ആറും പോലെ ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഒഴിച്ചാല്‍ ഒരു ഭാഷയിലും തുടര്‍ച്ചയായി ഹിറ്റുകള്‍ ഉണ്ടാകുകയോ റെക്കോര്‍ഡ് കലക്‌ഷന്‍ നേടുകയോ ചെയ്യുന്ന പതിവില്ല. എന്നാല്‍ ഇക്കുറി അര്‍ധവാര്‍ഷിക കണക്ക് ഇന്ത്യന്‍ വ്യവസായ മേഖലയെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ചലച്ചിത്രനിര്‍മാണം ഒരു ചൂതാട്ടം ആണെന്ന പൊതുധാരണയെ അട്ടിമറിച്ചു കൊണ്ട് റിലീസ് ചെയ്യുന്ന സിനിമകളില്‍ പലതും തിയറ്ററുകളില്‍ തന്നെ ഹിറ്റാകുന്നു. ഒടിടികള്‍ മൗനം പാലിച്ചാലും സിനിമയെ വീഴ്ത്താനാവില്ല എന്ന രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്. എന്നാല്‍ ഏത് ജനുസില്‍ പെട്ട സിനിമകള്‍ ഹിറ്റാകുന്നു എന്നതും ശ്രദ്ധേയമാണ്. ഒന്നുകില്‍ വിഷ്വല്‍ ട്രീറ്റ് എന്ന് വിശേഷിപ്പിക്കാവുന്ന ബ്രഹ്‌മാണ്ഡ സിനിമകള്‍. അതില്‍ തന്നെ എത്ര മികച്ച വിഷ്വലൈസേഷനും താരമൂല്യവുമുണ്ടായാലും സിനിമയുടെ ടോട്ടാലിറ്റി മോശമായാല്‍ ആളുകള്‍ കയറില്ല. മരക്കാറും വാലിബനും മുതല്‍ ഇന്ത്യന്‍ 2 വിനെ വരെ വീഴ്ത്തിയത് ബാലിശമായ തിരക്കഥയായിരുന്നു. ഇതരഘടകങ്ങള്‍ ഈ സിനിമകളില്‍ നല്ല നിലവാരം പുലര്‍ത്തി എന്നതാണ് വാസ്തവം.

ബജറ്റല്ല പ്രധാനം; സിനിമയാണ്

താരതമ്യേന കുറഞ്ഞ ബജറ്റില്‍ തീര്‍ത്ത മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമലു, ആടുജീവിതം, ആവേശം എന്നീ പടങ്ങള്‍ 100 കോടി കവിഞ്ഞ് ഒഴുകി എന്നതിലേറെ കാണികള്‍ക്കിടയിലും ചലച്ചിത്രവ്യവസായത്തിലും ആകമാനം ഉണര്‍വ് കൊണ്ടു വന്നിരിക്കുകയാണ്. ഇന്ത്യന്‍ സിനിമ  അര്‍ദ്ധവാര്‍ഷികത്തില്‍ 5000 കോടിയുടെ കണക്ക് അവതരിപ്പിക്കുമ്പോള്‍ അതിന്റെ ഗണ്യമായ വിഭാഗം മലയാള സിനിമയില്‍ നിന്നാണ് സംഭവിച്ചതെന്ന് നമുക്ക് അഭിമാനത്തോടെ പറയാം.

പോസ്റ്റർ
പോസ്റ്റർ

2023നെ അപേക്ഷിച്ച് മൂന്നിരട്ടി കലക്‌ഷനാണ് മലയാള സിനിമ സ്വന്തമാക്കിയിരിക്കുന്നത്. രണ്ട് കാര്യങ്ങള്‍ ഈ അവസരത്തില്‍ ശ്രദ്ധേയമാണ്. മികച്ച സിനിമയായതുകൊണ്ട് മാത്രം കോടികള്‍ പെട്ടിയില്‍ വീഴണമെന്നില്ല. ആട്ടവും സോമന്റെ കൃതാവും അടക്കം പല സിനിമകളും കലാപരമായി മികച്ചു നിന്നെങ്കിലും കോടികളുടെ പട്ടികയില്‍ കയറിയില്ല. കാരണം ലളിതം. മികച്ച എന്റര്‍ടെയ്നറുകളാണ് ഇന്നത്തെ പ്രേക്ഷകർ ആവശ്യപ്പെടുന്നത്. ‘രോമാഞ്ചം’ പോലെ ചിരിപ്പിക്കുന്ന പടങ്ങള്‍ വേണമെന്നോ ‘പ്രേമലു’ പോലെ പ്രണയിക്കുന്ന പടം വേണമെന്നോ ‘ആവേശം’ പോലെ അടിച്ചുപൊളി സിനിമകള്‍ വേണമെന്നോ ഒരു ശാഠ്യവുമില്ല. ജോണര്‍ ഏതായാലും കണ്ണെടുക്കാതെ കണ്ടിരിക്കാന്‍ പ്രേരിപ്പിക്കുന്നതാവണം സംഭവം. സിനിമാ പ്രവര്‍ത്തകരുടെ ബോധ്യങ്ങളല്ല, പ്രേക്ഷകന്റെ ബോധ്യങ്ങളാണ് പ്രധാനം എന്ന് തെളിയിച്ച വര്‍ഷം കൂടിയാണ് 2024. ഈ ബോധ്യത്തിലേക്ക് ഇറങ്ങി വന്ന ഗിരീഷ് ഏ.ഡിയെ പോലുളള സംവിധായകരും നസ്‌ലിനെ പോലുളള യുവതാരങ്ങളും അപ്രതീക്ഷിതമായി വന്‍വിജയങ്ങള്‍ കൊയ്തപ്പോള്‍ പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുളള പലരും നോക്കുകുത്തികളായി നില്‍ക്കേണ്ടി വന്നു.

premalu-collection

മലയാള സിനിമയുടെ ‘ആവേശം’

ആളുകളെ തിയറ്ററിലേക്ക് കൊണ്ടു വരാന്‍ താരസാന്നിധ്യത്തേക്കാള്‍, സാമൂഹിക മാധ്യമങ്ങളിലൂടെയുളള തളളിനേക്കാള്‍ പ്രധാനം മൗത്ത് പബ്ലിസിറ്റിയിലൂടെ പ്രേക്ഷകര്‍ പരസ്പരം കൈമാറുന്ന സന്ദേശങ്ങളാണെന്നും 2024 തെളിയിച്ചു. മെഗാഹിറ്റായ സിനിമകളില്‍ ആടുജീവിതവും ആവേശവും ഒഴികെയുളള പടങ്ങളില്‍ (പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ്) ഇനീഷ്യൽ കലക്‌ഷനുളള താരസാന്നിധ്യമുണ്ടായിരുന്നില്ല. സിനിമ നല്ലതാണെന്ന യാഥാർഥ്യം മാത്രമാണ് ആ സിനിമകളെ വിജയിപ്പിച്ചത്. ഇവിടെ നല്ലത് എന്നതിനും പാഠഭേദങ്ങളുണ്ട്. ഉദാത്തമായ സിനിമകളല്ല, രസിപ്പിക്കുന്ന സിനിമകള്‍ തന്നെയാണ് പ്രേക്ഷകർ അഭിലഷിക്കുന്നത്. തിയറ്ററില്‍ ആവേശം ജനിപ്പിക്കുന്ന ആഘോഷമയമായ സിനിമകള്‍ എന്ന വ്യക്തമായ സന്ദേശം അവര്‍ നല്‍കിത്തുടങ്ങിയത് കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ‘രോമാഞ്ചം’ മുതലാണ്. കണ്ണൂര്‍ സ്‌ക്വാഡ് പോലുളള പടങ്ങള്‍ അത് അടിവരയിട്ട് ഉറപ്പിച്ചു. 

ഇടയ്ക്ക് വ്യത്യസ്തത പുലര്‍ത്തിയ ഭ്രമയുഗവും മറ്റും ആ ശ്രേണിയിലുളളതായിരുന്നില്ല. എന്നിരിക്കിലും മമ്മൂട്ടി വേറിട്ട ഗെറ്റപ്പില്‍ വന്ന, പ്രത്യേകത നിറഞ്ഞ പ്രമേയങ്ങള്‍ ഉള്‍ക്കൊളളുന്ന സിനിമകളും ഇവിടെ സ്വീകരിക്കപ്പെടുന്നു.  ഏതെങ്കിലും തരത്തില്‍ കാണികള്‍ക്ക് ഹരം പകരുന്നതാവണം സിനിമ.  മലയാളത്തില്‍ മാത്രമല്ല ഇന്ത്യന്‍ സിനിമ ഒട്ടാകെ വിലയിരുത്തുമ്പോഴും ഈ യാഥാർഥ്യം കണ്ടെത്താന്‍ സാധിക്കും. നളദമയന്തി പോലുളള തണുപ്പന്‍ പിരിയഡ് സിനിമകള്‍ വീണ തെലുങ്കില്‍ നിന്ന് ബാഹുബലി ദ്വയങ്ങളും ഇപ്പോള്‍ കല്‍ക്കിയും സൂപ്പര്‍ഡ്യൂപ്പര്‍ ഹിറ്റായി മുന്നേറുന്നു. പൊതുവെ ഹിമാലയന്‍ ഹിറ്റുകള്‍ക്ക് സ്‌കോപ്പില്ലാത്ത കന്നടയില്‍ നിന്ന് പിന്നിട്ട വര്‍ഷങ്ങളില്‍ എത്തിയ കാന്താരയും കെജിഎഫും എല്ലാം തിയറ്റര്‍ കുലുക്കുന്ന സിനിമകള്‍ തന്നെയായിരുന്നു. സിനിമ കറതീര്‍ന്ന ഒരു വ്യവസായമാണെന്ന് ആവര്‍ത്തിച്ച് ഉറപ്പിക്കുന്ന സിനിമകള്‍! 

പോസ്റ്റർ
പോസ്റ്റർ

ബോറന്‍ സിനിമകള്‍ക്ക് ബൈ ബൈ

എത്ര വലിയ ബജറ്റും താരങ്ങളുമുണ്ടെങ്കിലും ബോറന്‍ പടങ്ങള്‍ ക്ലച്ച് പിടിക്കില്ല എന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് സമീപകാലത്ത് ബോളിവുഡ് ഫിലിം ഇന്‍ഡസ്ട്രി നേരിടുന്ന വീഴ്ച. കമേഴ്‌സ്യല്‍ ചേരുവകള്‍ എന്ന പേരില്‍ പതിറ്റാണ്ടുകളായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സമീപനങ്ങളും അതിദുര്‍ബലമായ തിരക്കഥകളുമായി വന്നാല്‍ കച്ചിയടിക്കില്ലെന്ന് ബോളിവുഡ് ആവര്‍ത്തിച്ച് തെളിയിച്ചുകൊണ്ടിരിക്കുന്നൂ.

അക്ഷയ്കുമാര്‍ അടക്കം വലിയ താരങ്ങളുടെ കനത്ത ബജറ്റ് സിനിമകള്‍ പോലും തിയറ്ററില്‍ മൂക്കും കുത്തി വീഴുന്ന കാഴ്ച സമീപകാലത്ത് നാം കണ്ടു. വലിയ പരീക്ഷണങ്ങള്‍ക്ക് മുതിരുന്ന കമല്‍ഹാസനെ പോലൊരു മികച്ച നടന് തന്റെ താരപ്രഭാവം നിലനിര്‍ത്താന്‍ വിക്രം പോലൊരു മാസ് മസാല ചിത്രത്തെ ആശ്രയിക്കേണ്ടി വന്നു. എന്നാല്‍ കുറെക്കൂടി ബലവത്തായ സ്‌റ്റോറി ലൈനുളള മറ്റൊരു മാസ് മസാല (ഇന്ത്യന്‍ 2) അദ്ദേഹത്തിന് വിനയാവുകയും ചെയ്തു. ഏതു തരം സിനിമയ്ക്കും ദുര്‍ബലമായ തിരക്കഥകള്‍ ഭൂഷണമല്ലെന്ന് തെളിയിക്കപ്പെട്ടു. ആവേശം ശക്തമായ തിരക്കഥയില്‍ പടുത്തുയര്‍ത്തിയ സിനിമയാണോ എന്ന ചോദ്യം ഉയരാം. യുവതയുടെ ആഘോഷങ്ങളും മനസും അറിയുന്ന അവരുടെ അഭിരുചികളുമായി ഇണങ്ങുന്ന തരം രസം ജനറേറ്റ് ചെയ്യുന്ന സിനിമയായിരുന്നു ആവേശം. ഫഹദിനെ പോലൊരു പോപ്പുലര്‍ ഹീറോയുടെ ഗുണ്ടാലുക്കും മറ്റും പടത്തിന് ആവേശത്തിരി കൊളുത്തി.

test description
test description

സിദ്ദീഖ് ലാലിന്റെ മുന്‍കാലഹിറ്റുകളുടെ വിദൂരഛായയില്‍ ഒരുക്കിയ ഗുരുവായൂരമ്പലനടയിലും സമീപകാലത്ത് കോടികളുടെ വിജയകഥ പറഞ്ഞ സിനിമയാണ്. വെറുതെ കണ്ടുമറക്കുന്ന ഉപരിപ്ലവമായ ചിത്രം എന്ന് ചില കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരുകയുണ്ടായി. ഇവിടെ സിനിമ ആര്‍ക്കുവേണ്ടി എന്ന ചോദ്യം ഉയരുന്നു. കാണുന്നവന്റെ ഇഷ്ടമാണ് ചലച്ചിത്ര വ്യവസായത്തിന്റെ നിലനില്‍പ്പിന് അടിസ്ഥാനം.നിരൂപകരും മാധ്യമങ്ങളും റിവ്യൂവേഴ്‌സും അടങ്ങുന്ന ഒരു മൈനോറിറ്റിയുടെ അഭിരുചികള്‍ നോക്കി സിനിമ നിര്‍മിക്കാന്‍ കോടികള്‍ മുതലിറക്കുന്ന ഒരു മേഖലയ്ക്ക് കഴിയില്ല.

വിപിന്‍ദാസ് പിന്നിട്ട വര്‍ഷം 5 കോടി മുടക്കി 50 കോടി നേടുകയെന്ന മാജിക്ക് സൃഷ്ടിച്ച സംവിധായകനാണ്. ചിത്രം ജയ ജയ ജയ ഹേ. ഹിറ്റുകളുടെ മാത്രം ചരിത്രമുളള ജിസ് ജോയ് കരിയറില്‍ ആദ്യമായി ഒരു ത്രില്ലര്‍ സിനിമയുമായി വന്നപ്പോഴും പ്രകടനം മോശമായില്ല. ഏത് തരം സിനിമയെടുക്കുമ്പോഴും അത് രസിപ്പിക്കുന്നതാണോ എന്നത് ജിസ് ജോയ് കൃത്യമായി ശ്രദ്ധിക്കാറുണ്ട്. അതിലുപരി അടുക്കും ചിട്ടയും വൃത്തിയുമുളളതാണ് അദ്ദേഹത്തിന്റെ തിരക്കഥകള്‍.

ഒരു കൽക്കി മാത്രം

കല്‍ക്കി പോലുളള ഒറ്റപ്പെട്ട സിനിമകള്‍ ഒഴിച്ചാല്‍ തുടര്‍ച്ചയായ ഹിറ്റുകളും ചെറിയ സിനിമകള്‍ക്ക് പോലും കോടി ക്ലബ്ബ് വിജയവും മലയാളം ഒഴികെ മറ്റൊരു ഭാഷയിലും സംഭവിക്കുന്നില്ല എന്നതിന് കൂടി സാക്ഷിയായ വര്‍ഷമാണ് 2024. വഴിമാറി ചിന്തിക്കുന്നു എന്നതും ആളുകളെ കയ്യിലെടുക്കാനുളള മിടുക്കും തന്നെയാണ് ഇതിന് കാരണമായി പറയുന്നതെങ്കിലും ഇന്നും അടുത്ത സിനിമയുടെ വിജയം വരെ മാത്രം നീളുന്നതാണ് ഈ ആഹ്‌ളാദം. ഏത് ഹിറ്റ് ഏത് ഫ്‌ളോപ്പ് എന്ന് ആര്‍ക്കും ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല.  ജനഗണമന എന്ന തകര്‍പ്പന്‍ ഹിറ്റൊരുക്കിയ ഡിജോ ജോസിന്റെ പുതിയ ചിത്രമായ മലയാളി ഫ്രം ഇന്ത്യ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല.

അതേ സമയം തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ മുന്‍കാലഹിറ്റുകളുടെ പിന്‍ബലമുളള ഗിരീഷ് ഏ.ഡിയുടെ മൂന്നാമത് ചിത്രം പ്രേമലു വമ്പന്‍ ഹിറ്റായി. ഇതരഭാഷകളില്‍ പോലും സിനിമയുടെ ഡബ്ബ്ഡ് പതിപ്പ് ഓളം സൃഷ്ടിച്ചു. അപ്പോള്‍ ഭാഷാഭേദമെന്യേ ആളുകള്‍ ഇഷ്ടപ്പെടുന്ന ഘടകങ്ങള്‍ ആ സിനിമയിലുണ്ടായി എന്ന് വേണം കരുതാന്‍. ആര് ചെയ്യുന്നു എന്നതോ ആര് അഭിനയിക്കുന്നു എന്നതോ അപ്രസക്തമാവുകയും പകരം ആ സിനിമയില്‍ നിന്ന് എന്തു കിട്ടുന്നു / എത്രത്തോളം എന്റര്‍ടെയ്ൻ ചെയ്യിക്കുന്നു എന്ന് മാത്രമാണ് പ്രേക്ഷകര്‍ നോക്കുന്നത്. കലക്‌ഷന്‍ റിപ്പോര്‍ട്ടുകള്‍ അതിശയിപ്പിക്കുന്ന ഈ കാലത്തും അതീവ ജാഗ്രത പുലര്‍ത്തേണ്ട മേഖല തന്നെയാണ് സിനിമാ നിര്‍മ്മാണം. വ്യക്തമായ ധാരണയില്ലാതെ കോടികള്‍ മുതലിറക്കിയാല്‍ ഫലമില്ലെന്ന് മാത്രമല്ല പഴയതു പോലെ ഒടിടി, സാറ്റലൈറ്റ് പ്ലാറ്റ്ഫോമുകള്‍ തുണയ്‌ക്കെത്തില്ല. ഓടുന്ന സിനിമകള്‍ക്കൊപ്പം മാത്രമാണ് അവരും സഞ്ചരിക്കുന്നത്.

വിജയത്തിന്റെ ശതമാനത്തോത്

ഒര്‍മാക്‌സ് മീഡിയയുടെ റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം പുലര്‍ന്ന് ആറ് മാസത്തിനിടയില്‍ ഏകദേശം 5000 കോടിയില്‍ പരം രൂപയുടെ കലക്‌ഷന്‍ വിവിധ ഭാഷകളില്‍ നിന്നായി ഇന്ത്യന്‍ സിനിമാ വ്യവസായത്തിന് ലഭിച്ചിട്ടുണ്ട്. രാജ്യത്തിനുളളില്‍ നിന്ന് മാത്രം 800 കോടിയില്‍ പരം സ്വന്തമാക്കിയ കല്‍ക്കിയാണ് ഒന്നാം സ്ഥാനത്ത്. ആകെ ബോക്‌സ് ഓഫിസ് വരുമാനത്തിന്റെ 15% കല്‍ക്കിയുടെ സംഭാവനയാണ്. 2023 ല്‍ ഇതേ കാലം കൊണ്ട് നേടിയതിന്റെ മൂന്നിരട്ടിയാണ് ഈ വര്‍ഷം മലയാള സിനിമയ്ക്ക് ലഭിച്ചത്. മികച്ച സിനിമകളുടെ മലവെളളപ്പാച്ചില്‍ എന്ന അപൂര്‍വതയും ഇക്കുറി സംഭവിച്ചു. 5000 കോടി വരുന്ന ആകെ കലക്‌‌ഷന്റെ 15 % ത്തോളം മലയാളത്തിന്റെ സംഭാവനയാണ്. ആറ് മാസകണക്കില്‍ തമിഴ് സിനിമകളൊന്നും തന്നെ മോഹിപ്പിക്കുന്ന വിജയം സ്വന്തമാക്കിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. 

manjummel-boys

അതേസമയം ജൂണില്‍ റിലീസ് ചെയ്ത വിജയ് സേതുപതിയുടെ മഹാരാജ മികച്ച സിനിമ എന്ന അഭിപ്രായത്തിനൊപ്പം വന്‍ കലക്‌ഷനിലേക്ക് മൂന്നേറുന്നതായും അറിയുന്നു. കഴിഞ്ഞ വര്‍ഷവുമായി തട്ടിച്ചു നോക്കുമ്പോള്‍ തമിഴ് സിനിമയുടെ അര്‍ദ്ധവാര്‍ഷിക വരുമാനം 5% കുറഞ്ഞതായും കാണുന്നു. തെലുങ്കിലാവട്ടെ സ്ഥിതി മറിച്ചായിരുന്നു. കല്‍ക്കിക്ക് മുന്‍പ് റിലീസ് ചെയ്ത ഹനുമാനും അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവച്ചു.

മലയാളത്തില്‍ നിന്ന് ആവേശം, ആടുജീവിതം, പ്രേമലു എന്നീ പടങ്ങള്‍ 100 കോടി എന്ന മാന്ത്രികസംഖ്യ കടന്നപ്പോള്‍ മഞ്ഞുമ്മല്‍ ബോയ്‌സ് രാജ്യത്തിനുളളില്‍ നിന്ന് മാത്രം 170 കോടി നേടി. ആകെ കലക്‌ഷന്‍ കണക്കാക്കുമ്പോള്‍ 250 കോടി പിന്നിട്ട സിനിമയാണിത്. നോര്‍ത്ത് ഇന്ത്യന്‍ സിനിമകള്‍ ബോക്‌സ്ഓഫിസില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ തെന്നിന്ത്യന്‍ സിനിമകളാണ് ചലച്ചിത്രവ്യവസായത്തിന്റെ രക്ഷയ്‌ക്കെത്തിയത്. അതില്‍ തന്നെ മിന്നും പ്രകടനം കാഴ്ചവച്ചത് മലയാള സിനിമകളും. ഈ ട്രെന്‍ഡ് നിലനിര്‍ത്താന്‍ കഴിയുമോ എന്നതാണ് ഇപ്പോള്‍ മലയാള സിനിമയ്ക്ക് മുന്നിലുളള വെല്ലുവിളി.

English Summary:

Indian Box Office Shatters Records: Reaches Unprecedented ₹5000 Crore Mark in Just Six Months"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com