ഈ വർഷത്തെ ഏറ്റവും ലാഭമുള്ള സിനിമ; ‘കിഷ്കിന്ധാ കാണ്ഡം’ ഒരു പഠനം
Mail This Article
കോടാനുകോടികളുടെ ബജറ്റും ഉയര്‍ന്ന സാങ്കേതിക മേന്മയും വന്‍കിട താരങ്ങളുമായെത്തുന്ന സിനിമകള്‍ ബോക്‌സ് ഓഫിസില്‍ തലകുത്തി വീഴുമ്പോഴും ചര്‍വിതചര്‍വണം ചെയ്യപ്പെട്ട പ്രമേയവും വികലമായ തിരക്കഥയുമായി സിനിമ നിർമിക്കാന്‍ ഇറങ്ങി പുറപ്പെടുകയാണ് പല സംവിധായകരും നിര്‍മാതാക്കളും. എന്നാല്‍ സകല ഫോര്‍മുകളും നിരാകരിച്ചുകൊണ്ടെത്തി മോഹവിജയം കൊയ്ത ‘കിഷ്‌കിന്ധാ കാണ്ഡം’ മലയാള സിനിമയ്ക്ക് നല്‍കിയ തിരിച്ചറിവെന്ത്? രാജ്യാന്തര നിലവാരമുളള പടങ്ങള്‍ നമുക്കും സാധ്യമാകും എന്ന പ്രതീതി. അല്ലെങ്കില്‍ സായിപ്പില്‍ നിന്ന് കടമെടുത്ത് മാത്രം ശീലിച്ച നമുക്ക് തിരിച്ച് സായിപ്പിനെ പോലും പഠിപ്പിക്കാന്‍ ചിലതുണ്ട് എന്ന അഭിമാനബോധം നിറച്ച ഒരു കലാസൃഷ്ടി.
മലയാള സിനിമ അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ കാലഘട്ടത്തിലുടെയാണ് കടന്നു പോകുന്നത്. പ്രേക്ഷകര്‍ സിനിമാ പ്രവര്‍ത്തകരെ ഒന്നടങ്കം വെറുക്കുന്ന വാര്‍ത്തകള്‍ അനുദിനം പുറത്തു വരുന്നു. ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങള്‍ കേരളീയ മനസാക്ഷിയെ തന്നെ നടുക്കി കളഞ്ഞു. ഇനി ആളുകള്‍ തിയറ്ററില്‍ കയറുമോ എന്ന് പോലും ശങ്കിച്ചിരുന്നതായി സത്യന്‍ അന്തിക്കാടിനെ പോലുളളവര്‍ പരസ്യമായി പറഞ്ഞിരുന്നു. എന്നാല്‍ എല്ലാ വിപരീതസാഹചര്യങ്ങളെയും അട്ടിമറിച്ചു കൊണ്ട് തിയറ്ററുകള്‍ പൂരപ്പറമ്പാകുമ്പോള്‍ ഒരു കാര്യം വെളിപ്പെടുന്നു. നല്ല സിനിമകള്‍ വന്നാല്‍ ഏത് പ്രതിസന്ധി ഘട്ടത്തിലും കാണാന്‍ ആളുകളുണ്ടാവും. സിനിമാക്കാരല്ല സിനിമയാണ് കാണികളെ സംബന്ധിച്ച് പ്രധാനം. ഏത് താരം അഭിനയിച്ചാലും അഭിനയിച്ചില്ലെങ്കിലും പടം നന്നായിരിക്കുക എന്നതാണ് പ്രധാനം.
പഞ്ചും വേണ്ട ഒരു ട്വിസ്റ്റും വേണ്ട
താരം തിരക്കഥയ്ക്ക് വഴിമാറുന്ന കാലത്തിന്റെ മുദ്രയാണ് കിഷ്‌കിന്ധാകാണ്ഡം എന്ന ചിത്രം. ആസിഫ്അലി, അപര്‍ണ ബാലമുരളി, വിജയരാഘവന്‍, ജഗദീഷ് എന്നിങ്ങനെ വിരലിലെണ്ണാവുന്ന താരങ്ങളും ഒരു ചെറിയ പശ്ചാത്തലവും മാത്രം വച്ച് രൂപപ്പെടുത്തിയ സിനിമ ഇന്ന് മലയാളികളെ ഒന്നടങ്കം എണീറ്റു നിന്ന് കയ്യടിക്കാന്‍ പ്രേരിപ്പിക്കുകയാണ്.
വെറുതെയൊന്നും അംഗീകരിച്ചു കൊടുക്കുന്നവരല്ല പൊതുവെ മലയാളി പ്രേക്ഷകര്‍. ഏത് പാല്‍പായസത്തിലും ചെറിയ മണ്‍തരിയുണ്ടോയെന്ന് തിരയുന്ന പ്രകൃതം. അത്തരമൊരു പൊതുസമൂഹത്തിന് മുന്നിലേക്ക് നവാഗതരായ അണിയറക്കാര്‍ മുന്നോട്ട് വച്ച ഈ സിനിമ സൃഷ്ടിച്ച മാന്ത്രിക വിജയത്തിന്റെ കാര്യകാരണങ്ങള്‍ ഒന്ന് പരിശോധിക്കാം.
മലയാള സിനിമയിലെ ചില നിര്‍മാതാക്കളും സംവിധായകരും തിരക്കഥാകൃത്തുക്കളും നടന്‍മാരും സ്ഥിരമായി പാടുന്ന ഒരു പല്ലവിയുണ്ട്. ‘‘സിനിമയെന്നാല്‍ സംഭവബഹുലമായിരിക്കണം.നിറയെ ട്വിസ്റ്റുകള്‍ വേണം. ഇന്റര്‍വെല്‍ പഞ്ച് വേണം. ക്ലൈമാക്‌സ് പഞ്ച് വേണം. പഞ്ച് ഡയലോഗ്‌സ് വേണം. പാട്ട്, പ്രണയം, സെന്റിമെന്റ്‌സ്, സസ്‌പെന്‍സ്, ത്രില്‍, കോമഡി, യൂത്തിനെ എക്‌സൈറ്റ് ചെയ്യിക്കുന്ന എലമെന്റ്‌സ്..ഇവയുടെയെല്ലാം ഒരു പാക്കേജാവണം.’’ ഇത്രയും അറിവുളള പലരുടെയും സിനിമകള്‍ നിരനിരയായി മാലപ്പടക്കം പോലെ പൊട്ടുന്നു. അതിന്റെ കാരണം ചോദിച്ചാല്‍ അവര്‍ പറയും.
‘‘ഓരോ സിനിമയ്ക്കും ഓരോ വിധിയുണ്ട്. സമയദോഷം അല്ലാതെന്ത്? പിന്നെ നെഗറ്റീവ് റിവ്യൂവേഴ്‌സ്...ഇവന്‍മാരെക്കൊണ്ട് തോറ്റു. നല്ല സിനിമകളെ നശിപ്പിക്കാനിറങ്ങിയ വിഷജന്തുക്കള്‍.’’
പതിറ്റാണ്ടുകളായി പിന്‍തുടരുന്ന ഫോര്‍മുലകള്‍ക്കപ്പുറം ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ കഴിയാത്തവരാണ് വാസ്തവത്തില്‍ മലയാള സിനിമയുടെ ശാപം. രാജേഷ് പിളളയും ദിലീഷ് പോത്തനും ലിജോ ജോസും ജീത്തു ജോസഫും തരുണ്‍ മൂര്‍ത്തിയും മഹേഷ് നാരായണനും മനു അശോകനും മധു സി.നാരായണനും തുടങ്ങിയ ചെറുപ്പക്കാർ വേറിട്ട് ചിന്തിച്ചപ്പോള്‍ നല്ല സിനിമകളുണ്ടായി. അപ്പോഴും ആസ്ഥാന വിദ്വാന്‍മാര്‍ പഴംപുരാണവും പറഞ്ഞിരുന്ന് ഫ്‌ളോപ്പുകള്‍ തീര്‍ക്കുന്നു. പാവം നിര്‍മാതാക്കളുടെ എത്ര കോടികളാണെന്നോ ഇങ്ങനെ പാഴായി പോകുന്നത്. ഈ ഗതികേടിന്റെ നടുവിലേക്കാണ് കാര്യമായ പരസ്യകോലാഹലങ്ങളോ സോഷ്യല്‍ മീഡിയ തളളുകളോ ഇല്ലാതെ തുടക്കക്കാരായ ഒരു സംവിധായകനും തിരക്കഥാകൃത്തും ചേര്‍ന്ന് ‘കിഷ്‌കിന്ധാ കാണ്ഡം’ എന്ന സിനിമയുമായി വന്നത്. എന്താണ് ഈ സിനിമയുടെ പ്രത്യേകത എന്ന് ഒറ്റ ഖണ്ഡികയില്‍ പരിശോധിക്കാം.
പാട്ടില്ല, മാസ് മൊമെന്റ്‌സില്ല, പഞ്ച് ഡയലോഗ്‌സില്ല, റൊമാന്റിക് സീന്‍സില്ല, ആക്‌ഷനില്ല, സൂപ്പര്‍താരങ്ങളില്ല, ഇന്റര്‍വെല്‍ പഞ്ചില്ല. സിനിമാ തമ്പുരാക്കന്‍മാര്‍ നിരന്തരം ശപിക്കുകയും കേസില്‍ കുടുക്കുകയും ചെയ്യുന്ന വ്‌ളോഗേഴ്‌സ് ഒന്നടങ്കം ഈ സിനിമയെ പ്രകീര്‍ത്തിക്കുകയാണ്. കാരണം മലയാള സിനിമയുടെ വളര്‍ച്ചയ്ക്ക് ഇത്തരം വേറിട്ട പരിശ്രമങ്ങള്‍ അനിവാര്യമാണ്. ആവർത്തിച്ചു വരുന്ന കഥകൾ കാണാന്‍ ഇനി ഞങ്ങള്‍ക്ക് മനസില്ലെന്ന് നിശ്ശബ്ദം പ്രഖ്യാപിക്കുകയാണ് വിവേചനശേഷിയുളള പ്രേക്ഷകര്‍. നസീര്‍ സാറിന്റെ ഭാഷ കടമെടുത്ത് പറഞ്ഞാല്‍ കാലം മാറി അസേ...കോലം കൂടി മാറണ്ടേ...എങ്കില്‍ ഇതാ രണ്ടും ഒരുമിച്ച് മാറിയതിന്റെ ഏറ്റവും മികച്ച ദൃഷ്ടാന്തമായി മുന്നില്‍ നില്‍ക്കുന്നു കിഷ്‌കിന്ധാ കാണ്ഡം. കയ്യടിക്ക് ഗയ്‌സ്...കയ്യടിക്ക്...ഇനിയും ഇത്തരം നല്ല സിനിമകള്‍ ഉണ്ടാവട്ടെ...അങ്ങനെ മലയാള സിനിമയുടെ പേരുദോഷം മാറട്ടെ...സിനിമയുടെ പേരും പറഞ്ഞുളള കോപ്പിരാട്ടികള്‍ക്ക് ഇനി ഫുള്‍സ്‌റ്റോപ്പ്.
എന്താണ് കിഷ്‌കിന്ധയുടെ പ്രത്യേകത?
വ്യവസ്ഥാപിത സങ്കല്‍പ്പവുമായി ബന്ധപ്പെട്ട സിനിമാ സൂത്രവാക്യങ്ങളെ നിര്‍ദ്ദയം/ നിഷ്‌കരുണം പൊളിച്ചടുക്കി കഥാകഥനം നിര്‍വഹിക്കുന്നു എന്നതാണ് ഒന്ന്. രണ്ട്, തിരക്കഥ എന്ന ഫൗണ്ടേഷന് ഒരു സിനിമാസൗധം പടുത്തുയര്‍ത്തുന്നതില്‍ എത്രത്തോളം നിര്‍ണായക പങ്കുണ്ടെന്ന് ഈ സിനിമ നമുക്ക് കാണിച്ചു തരുന്നു. തൈര് കടഞ്ഞ് വെണ്ണയെടുക്കും പോലെയാണ് ഈ സിനിമയുടെ തിരക്കഥ. വളരെ ക്രീമായ കാര്യങ്ങള്‍ കൊണ്ട് സ്വരൂപിച്ചെടുത്ത കഥാഘടനയും ആഖ്യാനവും. സ്പൂണ്‍ ഫീഡിങ് എന്ന ഓള്‍ഡ് കണ്‍സപ്റ്റ് പാടെ നിരാകരിച്ച് വ്യംഗ്യമായ സൂചനകളിലുടെ ധ്വന്വാത്മമായ കഥാപറച്ചില്‍. പ്രേക്ഷകനെ ഈ സിനിമ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യുന്നില്ല. അംഗനവാടി കുട്ടികള്‍ക്ക് എന്ന പോലെ തറ...പറ...പറഞ്ഞ് കൊടുക്കാന്‍ നില്‍ക്കാതെ കാണികള്‍ക്ക് മനസില്‍ പൂരിപ്പിക്കാനും സ്വയം വായിച്ചെടുക്കാനും അവസരം ഒരുക്കുകയാണ് തിരക്കഥാകൃത്തും സംവിധായകനും. സര്‍ഗ പ്രക്രിയയില്‍ അവര്‍ കാണികളെ കൂടി പങ്കാളികളാക്കുന്നു. ഒരു തരം ഗിവ് ആന്‍ഡ് ടേക്ക് സമീപനം.
പ്രേക്ഷകനെ വിഢിയായി കാണാതെ അവനെ ബഹുമാനിക്കുന്ന ക്രിയേറ്റേഴ്‌സിനെയാണ് നാം ഈ സിനിമയില്‍ കാണുന്നത്. അതുകൊണ്ട് തന്നെ കിഷ്‌കിന്ധാ കാണ്ഡം മലയാള സിനിമയെ സംബന്ധിച്ച് ഒരു പുതിയ അനുഭവമാകുന്നു. പരത്തിപറയുന്നതല്ല കലയെന്ന് വിവേചനശേഷിയുളളവര്‍ക്ക് അറിയാം. ചെറുകഥ അടക്കമുളള സാഹിത്യരൂപങ്ങളുടെ മുഖ്യ സവിശേഷത ധ്വനനശേഷിയാണ്. പറയാതെ പറച്ചിലുകളാണ്. ഈ കലാഗുണത്തെ സിനിമയില്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ബാഹുല്‍ രമേശ് എന്ന തിരക്കഥാകൃത്ത്- ഛാഗാഗ്രഹണം പരീക്ഷിക്കുന്നു. അത് ഉള്‍ക്കൊളളാന്‍ ശേഷിയുളള ഒരു സംവിധായകനുണ്ടായി എന്നതും ഒരു ചരിത്രകൗതുകമാണ്. ദിന്‍ജിത്ത് അയ്യത്താന്‍.ബാഹുലിന്റെ കാഴ്ചപ്പാട് ദിന്‍ജിത്ത് തിരിച്ചറിയുകയും മലയാള സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുക്കുകയും ചെയ്തു എന്നതാണ് ഈ സിനിമയുടെ ചരിത്രപ്രാധാന്യം. ഇങ്ങനെയും സിനിമെയടുക്കാമെന്ന് നാം അനുഭവത്തില്‍ അറിഞ്ഞു കഴിഞ്ഞു.
മലയാള സിനിമ ലോകസിനിമയ്ക്ക് മുന്നില്‍ അഭിമാനകരമായ ഒരു ചവുട് വയ്പ് നടത്തിയിരിക്കുന്നു എന്ന തലത്തിലാണ് ദേശീയ മാധ്യമങ്ങളില്‍ പോലും റിപ്പോര്‍ട്ടുകള്‍ വരുന്നത്. സാമ്പത്തിക വശം പരിശോധിച്ചാല്‍ 10 കോടിയില്‍ താഴെ തീര്‍ത്ത സിനിമ ആദ്യ ആഴ്ചയിലെ കലക്‌ഷന്‍ കൊണ്ടു തന്നെ മുടക്കുമുതല്‍ തിരിച്ചു പിടിച്ചെന്നും പറയപ്പെടുന്നു. ഈ വർഷത്തെ ഏറ്റവും ലാഭം കിട്ടിയ മലയാള സിനിമയെന്നാണ് ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള ഈ ചിത്രത്തെ വിശേഷിപ്പിച്ചത്. ആസിഫ് അലിയുടെ ആദ്യ അൻപത് കോടി ചിത്രമായി മാറി കിഷ്കിന്ധാ കാണ്ഡം അതിന്റെ ജൈത്രയാത്ര തുടരുകയാണ്.
അങ്ങനെയെങ്കില്‍ ബ്രഹ്‌മാണ്ഡ സിനിമകള്‍ കൂടാതെ തന്നെ മലയാളത്തിന്റെ യശസ്സ് ഉയര്‍ത്തുന്ന ചിത്രങ്ങള്‍ നിർമിച്ചു കൂടേ എന്ന ചോദ്യം ഉയരുന്നു. അത് എങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം തേടി അധികം തലപുകയേണ്ടതില്ല. കെട്ടുറപ്പുളള ഭാവഭദ്രവും ആസ്വാദനക്ഷമവുമായ തിരക്കഥള്‍ രൂപപ്പെടുത്തുക എന്നതാണ് ആദ്യപടി. ബാക്കിയെല്ലാം തനിയെ സംഭവിച്ചുകൊളളും.വേറിട്ട ചിന്തകള്‍ ഉള്‍ക്കൊളളാനും കട്ടയ്ക്ക് കൂടെ നില്‍ക്കാനും ആസിഫ് അലിയെ പോലെ ഫഹദിനെ പോലെ ടൊവിനോയെ പോലെ സെന്‍സിബിലിറ്റിയുളള ചെറുപ്പക്കാരുണ്ട്. എന്നാല്‍ പിന്നെ നമുക്ക് ഒത്തുപിടിക്കാം മച്ചാനേ
നിര്‍മാതാവാണ് താരം
കിഷ്‌കിന്ധയെ സംബന്ധിച്ച് ഏറ്റവും മര്‍മ്മപ്രധാനമായ സംഭാവന നല്‍കിയിരിക്കുന്നത് ചങ്കൂറ്റമുളള അതിന്റെ നിർമാതാവ് ജോബി ജോര്‍ജാണ്. കണ്‍വന്‍ഷനില്‍ ലൈനില്‍ നിന്ന് പാടെ മാറി സഞ്ചരിക്കുന്ന ഇത്തരമൊരു ചിത്രം പതിവ് സിനിമാക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഹെവി റിസ്‌കാണ്. എന്നാല്‍ ജോബി ജോര്‍ജ് ധൈര്യപൂര്‍വം അതേറ്റെടുക്കുകയും അദ്ദേഹം അടക്കം ആരും പ്രതീക്ഷിക്കാത്ത വിജയത്തിലേക്ക് സിനിമ നീങ്ങുകയും ചെയ്തു. ഓണ സീസണിൽ ഇറക്കാനും അദ്ദേഹത്തിന് കാരണമുണ്ടായിരുന്നു. ഇങ്ങനെയൊരു െഫസ്റ്റിവല്‍ സീസണിലല്ലാതെ സോളോ റിലീസ് ആയി എത്തിയിരുന്നെങ്കിൽ ചിത്രത്തിന് നല്ല അഭിപ്രായം ലഭിക്കുമെന്നത് ഉറപ്പ്. എന്നാൽ സിനിമ ഒടിടിയിൽ എത്തുമ്പോൾ കാണാമെന്ന് പ്രേക്ഷകരും തീരുമാനിക്കും. മുന്‍പും ഇത്തരം വെല്ലുവിളികള്‍ ഏറ്റെടുത്ത് വിജയിപ്പിച്ച ശീലം അദ്ദേഹത്തിനുണ്ട്.ഓജോ ബോര്‍ഡ് പ്രമേയമായി വന്ന രോമാഞ്ചം എന്ന ചിത്രം സാധാരണഗതിയില്‍ ഒരേ പാറ്റേണിലുളള സിനിമകളില്‍ മാത്രം വിശ്വസിക്കുന്ന നിര്‍മാതാക്കള്‍ ഏറ്റെടുക്കാനിടയില്ല. അവിടെയും ജോബിയുടെ ചങ്കുറ്റം തുണയ്‌ക്കെത്തി.
മറ്റൊരു നിര്‍മാതാവ് പൂര്‍ത്തിയാക്കിയ സിനിമ വിജയിക്കുമോ പരാജയപ്പെടുമോയെന്ന് ശങ്കിച്ചു നില്‍ക്കെ അത് ഔട്ട്‌റൈറ്റ് എടുത്ത് വിജയിപ്പിച്ചയാളാണ് ജോബി. കിഷ്‌കിന്ധാകാണ്ഡം ഇതില്‍ നിന്നെല്ലാം വിഭിന്നമായ അനുഭവമാണ്. സിനിമയിലെ ആര്‍ട്ട്ഹൗസ്/ കമേഴ്‌സ്യല്‍ വേര്‍തിരിവുകളില്‍ അടിസ്ഥാനമില്ലെന്ന് ഉറപ്പിച്ച് പറയുന്ന ഒരു ചിത്രം. പ്രേക്ഷകനെ രസിപ്പിക്കാന്‍ ആസ്ഥാന വിദ്വാന്‍മാര്‍ നിഷ്‌കര്‍ഷിക്കുന്ന സകലമാന ഘടകങ്ങളും പാടെ ഒഴിവാക്കി സിനിമ മുന്നോട്ട് വയ്ക്കുന്ന ഫീല്‍/ അനുഭവതലം ആണ് പ്രധാനമെന്ന തിരിച്ചറിവിലേക്ക് നയിച്ച ചിത്രമാണിത്. കഥാസൂചനകള്‍ നല്‍കി കാണാത്തവരുടെ ഉദ്വേഗം നഷ്ടപ്പെടുത്തുന്നില്ല. പ്രേക്ഷകനെ മാനിച്ചു കൊണ്ട് കഥ പറയുന്നു എന്നതാണ് ഈ സിനിമയുടെ പ്രസക്തി.
അടുര്‍ ഗോപാലകൃഷ്ണന്‍ മലയാളത്തിന് പരിചയപ്പെടുത്തി സ്‌ക്രിപിറ്റിംഗ് ആന്‍ഡ് മേക്കിങ് മെത്തേഡിന്റെ അപ്‌ഡേറ്റഡ് വേര്‍ഷന്‍ എന്ന് വിശേഷിപ്പിക്കാവുന്ന തരത്തില്‍ വെല്‍ എഡിറ്റഡ് സ്‌ക്രിപ്റ്റിങിന്റെ എക്കാലത്തെയും മികച്ച മാതൃകയാണ് ഈ ചിത്രം. അടൂര്‍ പലപ്പോഴും പറയാറുളള കാര്യമുണ്ട്. ‘‘നമ്മുടെ സിനിമയിലെ പല സംവിധായകരും വഹിക്കുന്നത് ചില കാര്യസ്ഥന്‍മാരുടെയോ പാചക വിദഗ്ധരുടെയോ റോളാണ്. ഇന്നയിന്ന ഘടകങ്ങള്‍ ഒരു സദ്യയ്ക്ക് കറിയുണ്ടാക്കും പോലെ പാകത്തില്‍ ചേര്‍ത്തെങ്കിലേ ആളുകള്‍ക്ക് രസിക്കൂ എന്ന് അവര്‍ കരുതുന്നു. ബുദ്ധിമാന്‍മാരായ മലയാളി പ്രേക്ഷകരെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യുകയാണ് ഇക്കൂട്ടര്‍. യഥാർഥത്തില്‍ ഒരു നല്ല ഫിലിം മേക്കര്‍ ചെയ്യേണ്ടത് പ്രേക്ഷകരുടെ പിന്നാലെ പോവുകയല്ല. മറിച്ച് തന്റെ വഴിക്ക് അവരെ കൊണ്ടു വരികയാണ് വേണ്ടത്..’’ പാത്ത് ബ്രേക്കിങ് സിനിമകള്‍ നിര്‍മിച്ച ഓരോരുത്തരും നിര്‍വഹിച്ച ദൗത്യം ഇതാണ്. രാജേഷ് പിളളയുടെ ട്രാഫിക്ക് ഏറ്റവും മികച്ച ഉദാഹരണം.
ഫോര്‍മുലകള്‍ക്ക് ടാറ്റ....
ഒരു സിനിമ മെഗാഹിറ്റായി എന്ന തലത്തില്‍ ലഘൂകരിച്ച് കാണാനാവില്ല കിഷ്‌കിന്ധയുടെ വിജയം. നിലവിലുളള ഫോര്‍മുലകളെ പാടെ അട്ടിമറിച്ചുകൊണ്ട് കൊയ്‌തെടുത്ത വിജയം എന്നതാണ് ഈ ചിത്രത്തിന്റെ മേന്മ. ഈ വര്‍ഷത്തെ വന്‍ഹിറ്റുകളായ പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ് അടക്കമുളള മിക്ക സിനിമകള്‍ക്കും മുന്നില്‍ ഒരു റഫറന്‍സുണ്ടായിരുന്നു. കിഷ്‌കിന്ധാകാണ്ഡം പൂര്‍വമാതൃകകളെ പാടെ നിരാകരിച്ചുകൊണ്ട് ഒരുക്കിയ തീര്‍ത്തും മൗലികമായ ചലച്ചിത്രാനുഭവമാണ്. ഏതെങ്കിലും ഘടകങ്ങള്‍ കൃത്യമായ അനുപാതത്തില്‍ ചേര്‍ക്കുക എന്നതല്ല നല്ല സിനിമയുടെ സൂത്രവാക്യം. മറിച്ച് സിനിമ പരമാവധി എന്‍ഗേജിങ് ആക്കുക എന്നതാണ്. അതിന് കഴിയണമെങ്കില്‍ തിരക്കഥാകൃത്തിനൂം സംവിധായകനും മൗലിക പ്രതിഭയുണ്ടാവണം. ദിന്‍ജിത്തും ബാഹുല്‍ രമേശും ഇക്കാര്യത്തില്‍ പുലര്‍ത്തിയ ഉയര്‍ന്ന സെന്‍സിബിലിറ്റി തിരിച്ചറിഞ്ഞ് സിനിമ നിര്‍മ്മിച്ച ജോബി ജോര്‍ജിനും ഈ പ്രൊജക്ട് യാഥാര്‍ത്ഥ്യമാക്കാനായി ഡേറ്റ് നല്‍കിയ ആസിഫ് അലിക്കും ഇരിക്കട്ടെ ഒരു പൊന്‍തൂവല്‍.