ADVERTISEMENT

‘പറവ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ ഹസീബായി വേഷമിട്ട ശേഷം നിരവധി സിനിമകൾ ചെയ്തെങ്കിലും ഒരു സിനിമാക്കാരന്റെ മിനുക്കമൊന്നും ഗോവിന്ദിന് ഇപ്പോഴുമില്ല. പഴയതുപോലെ തട്ടുകടയിൽ മസാല ദോശയും  നെയ്റോസ്റ്റും  പൊടി റോസ്റ്റുമൊക്കെയുണ്ടാക്കി അമ്മയെ സഹായിക്കുന്ന തിരക്കിലാണ് താരം. പന്ത്രണ്ടാം ക്ലാസിൽ പഠനം നിർത്തിയ ശേഷം ഇപ്പോൾ അമ്മയ്ക്കും ചേട്ടനുമൊപ്പം മുഴുവൻ സമയവും തട്ടുകടയിൽ തന്നെയുണ്ട് ഗോവിന്ദ്. വൈകുന്നേരം ഏഴുമണിക്ക് തുറക്കുന്ന തട്ടുകട രാത്രി 12 മണിവരെയുണ്ടാകും. കടയടയ്ക്കും വരെ നല്ല തിരക്കാണ്. വൈകുന്നേരത്തേക്കുള്ള മാവ് തയാറാക്കാനും കറികൾ തയാറാക്കാനും ഉച്ചയ്ക്കു തന്നെ ആരംഭിച്ചാലേ ഏഴുമണിക്കെങ്കിലും കട തുറക്കാൻ കഴിയൂ എന്നാണ് ഗോവിന്ദ് പറയുന്നത്. 

ചെറളായി മഞ്ഞഭഗവതി ക്ഷേത്രത്തിനു മുൻവശം വീടിനു സമീപത്താണ് ഇവരുടെ ചായക്കട. വലിയ കടയൊന്നുമല്ല, മുകളിൽ ഷീറ്റിട്ട് അരികു മറച്ചു ചെറിയൊരു കട. 16 വർഷം മുൻപു അച്ഛൻ വാസുദേവ് പൈ മരണമടഞ്ഞതിനു ശേഷം വീടുകളിൽ പ്രസവ ശുശ്രൂഷയ്ക്കും മറ്റും പോയാണു അമ്മ ചിത്ര കുടുംബം നോക്കിയത്. പിന്നീടാണ് ചായക്കച്ചവടം തുടങ്ങിയത്. മൂന്നു മക്കളിൽ ഇളയ ആളാണു ഗോവിന്ദ്. സഹോദരൻ നരേന്ദ്ര വി. പൈയും പ്ലസ് ടു പഠനം കഴിഞ്ഞ് അമ്മയ്ക്കൊപ്പം കടയിൽ സഹായത്തിനായി നിന്നു തുടങ്ങിയതാണ്. ഏക സഹോദരി നീതുവിന്റെ വിവാഹം കഴിഞ്ഞു. 

പഠനം നിർത്തിയത് എന്തിനാണെന്നു ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ടായിരുന്നു ഗോവിന്ദിന്റെ മറുപടി, ‘‘പ്ലസ്ടു വരെ പഠിച്ചു. പഠിച്ചിട്ട് കാര്യമില്ലെന്ന് വീട്ടുകാർക്ക് മനസിലായി. സിനിമ കിട്ടുമ്പോൾ നീ സിനിമ ചെയ്തോ അല്ലാത്തപ്പോൾ കട നോക്കി നടത്തിക്കോ എന്നാണ് വീട്ടിൽ പറയുന്നത്’’.

ഇപ്പോൾ സിനിമ ചെയ്യാറില്ലേ?

‘‘കുറേ കഥകൾ വരുന്നുണ്ട്, എല്ലാം സ്കൂൾ കുട്ടിയായിട്ടാണ്. എനിക്കിപ്പോൾ 25 വയസ്സുണ്ട്. കുട്ടിയായിട്ടുള്ള റോളല്ല, കുറച്ചു കൂടി ചലഞ്ചിങ് ആയിട്ടുള്ള വേഷങ്ങൾ ചെയ്യാനാണ് താൽപര്യം. എപ്പോഴും സിനിമ കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ പറ്റില്ലല്ലോ. വരുമാന മാർഗമായി തട്ടുകടയും കൊണ്ടു പോകണം.’’

govind-parava2

എന്താണ് ഭാവി പരിപാടികൾ ?

‘‘വീടു വയ്ക്കണം, വീട്ടുകാരെ നോക്കണം. കട നന്നായി നോക്കി നടത്തണം. ഇതാണ് ഇപ്പോഴത്തെ ആഗ്രഹം’’

മട്ടാഞ്ചേരി ടിഡി ഹൈസ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണു ഗോവിന്ദ് പറവ സിനിമയിൽ അഭിനയിക്കുന്നത്. സംവിധായകൻ സൗബിൻ ഷാഹിറും കൂട്ടുകാരും അമ്മയുടെ ചായക്കടയിൽ ചായ കുടിച്ചു നിൽക്കുമ്പോൾ സൈക്കിളിൽ അതിവേഗത്തിൽ പാഞ്ഞുവന്ന ഗോവിന്ദ് അവരുടെ മുന്നിൽ സൈക്കിളുമായി വീഴുകയായിരുന്നു. പിടിച്ചെഴുന്നേൽപിച്ച ശേഷം സിനിമയിൽ അഭിനയിക്കാമോ എന്ന സൗബിന്റെ ചോദ്യമാണ് ഗോവിന്ദിനെ സിനിമയിലെത്തിച്ചത്.

English Summary:

No Red Carpets, Just Dosa Batter: "Parava" Actor Govind's Unexpected Path After Fame

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com