തെലുങ്കിൽ ‘ലക്കി’യായി ദുൽഖർ; 50 കോടി ക്ലബ്ബിൽ ‘ലക്കി ഭാസ്കർ’
Mail This Article
തെലുങ്കിൽ തുടർച്ചയായ വിജയവുമായി ദുൽഖർ സൽമാൻ. മഹാനടി, സീതാരാമം, കൽക്കി എന്നീ സൂപ്പർഹിറ്റുകള്‍ക്കു ശേഷം താരം നായകനായെത്തിയ ലക്കി ഭാസ്കറിലൂടെ തെലുങ്കിൽ മറ്റൊരു ഹിറ്റ് കൂടി സൃഷ്ടിച്ചിരിക്കുന്നു.
ഒക്ടോബർ 31ന് ദീപാവലി റിലീസായി കേരളത്തിലടക്കം എത്തിയ സിനിമയുടെ 4 ദിവസത്തെ ആഗോള കലക്‌ഷൻ 55 കോടി 40 ലക്ഷമാണ്. കേരളത്തിലും സിനിമയ്ക്കു മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. ഇതുവരെ 2 കോടി 60 ലക്ഷമാണ് കേരളത്തിൽ നിന്നും വാരിയത്. കേരളത്തിൽ ആദ്യ ദിനം 175 സ്‌ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രം രണ്ടാം ദിനം 200 ലധികം സ്‌ക്രീനുകളിലേക്കും, നാലാം ദിനമായപ്പോൾ 240 സ്‌ക്രീനുകളിലേക്കും വർധിച്ചിരുന്നു.
കുടുംബ പ്രേക്ഷകരും യുവാക്കളുമുൾപ്പെടെ എല്ലാത്തരം പ്രേക്ഷകരും ഒരുപോലെ സ്വീകരിക്കുന്ന ചിത്രം ഒരു പീരീഡ് ഡ്രാമ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രം, 1992 ൽ ബോംബ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നടന്ന കുപ്രസിദ്ധമായ തട്ടിപ്പിന്റെ പശ്‌ചാത്തലത്തിൽ ഭാസ്കർ എന്ന ഒരു സാധാരണ ബാങ്ക് ക്ലർക്കിന്റെ കഥയാണ് പറയുന്നത്.
തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്തിരിക്കുന്ന ചിത്രം ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് കുതിക്കുന്നത്. സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് ലക്കി ഭാസ്കർ നിർമിച്ചിരിക്കുന്നത്.