350 കോടി മുടക്കിയ ‘കങ്കുവ’ ആദ്യദിനം നേടിയത്; ബോക്സ്ഓഫിസ് റിപ്പോർട്ട്
Mail This Article
സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ആദ്യ ദിനം ബോക്സ്ഓഫിസിൽ നിന്നും കോടികൾ കൊയ്ത് ‘കങ്കുവ’. തമിഴ്നാട്ടിലെ ആദ്യദിന കലക്‌ഷൻ 18.37 കോടിയാണ്. ഈ വർഷം ഏറ്റവുമധികം ഗ്രോസ് കലക്‌ഷൻ ലഭിക്കുന്ന മൂന്നാമത്തെ ചിത്രമായും കങ്കുവ മാറി. 31 കോടിയുമായി വിജയ്‌യുടെ ‘ഗോട്ട്’ തന്നെയാണ് കലക്‌ഷനിൽ മുന്നിൽ. 19 കോടിയുമായി രജനിയുടെ വേട്ടയ്യൻ രണ്ടാമതും.
അഡ്വാൻസ് ഓൺലൈൻ ബുക്കിങും പുലർച്ചെ മുതലുള്ള ഫാൻസ് ഷോ പ്രദർശനങ്ങളും വച്ചു നോക്കുമ്പോഴും കേരളത്തിൽ നിന്നു ലഭിച്ചത് ഏകദേശം 4 കോടിയാണ്. കേരളത്തിൽ മമ്മൂട്ടി ചിത്രമായ ടർബോയുടെ ആദ്യ ദിന കലക്‌ഷനെയും മറികടക്കാൻ ‘കങ്കുവ’യ്ക്ക് സാധിച്ചില്ല. ഈ വർഷം കേരള ബോക്സ് ഓഫിസിൽ നിന്നും ആദ്യദിനം ഏറ്റവും കൂടുതൽ കലക്‌ഷൻ നേടിയ ചിത്രമെന്ന റെക്കോർഡ് ഇപ്പോഴും ‘ടർബോ’യുടെ പേരിലാണ്.
350 കോടി മുടക്കിയ സിനിമയുടെ ആഗോള കലക്‌ഷൻ 48 കോടിയും. ഹിന്ദി കലക്‌ഷന്‍ രണ്ട് കോടിയും ഓൾ ഇന്ത്യ കലക്‌ഷൻ 26 കോടിയുമാണ്. ആറായിരത്തോളം സ്ക്രീനുകളിലാണ് ചിത്രം ലോകമൊട്ടാകെ റിലീസ് ചെയ്തത്. ത്രി ഡി സിനിമയുടെ ടിക്കറ്റ് വില വച്ചു നോക്കുമ്പോഴും സിനിമയുടെ കലക്‌ഷൻ ശരാശരിയിലും താഴെയാണ്.
അതേസമയം പ്രി സെയ്‍ൽസ് ബിസിനസ്സിലൂടെ ചിത്രം നേടിയത് 178 കോടിയാണ്. 70 കോടിക്കാണ് തമിഴ്നാട്ടിലെ വിതരണാവകാശം വിറ്റുപോയത്. തെലുങ്ക് (24 കോടി), കർണാടക (പത്ത് കോടി), കേരളം (10 കോടി), ഹിന്ദിയും മറ്റു ഭാഷകളും ഉൾപ്പടെ 24 കോടി, ഓവർ സീസ് 40 കോടി.
ബോക്സ്ഓഫിസിൽ നിന്നും ഇനിയും കോടികൾ നേടിക്കഴിഞ്ഞാൽ മാത്രമാണ് ചിത്രത്തിനു ലാഭകരമായ ബിസിനസ്സ് നേടാനാകൂ. താരങ്ങളുടെ പ്രതിഫലവും പ്രൊഡക്‌ഷൻ ഡിസൈനിനു വേണ്ടി വന്ന ഭീമമായ തുകയും ചിത്രത്തിന്റെ കോസ്റ്റ് വർധിക്കാൻ കാരണമായി.
2013-ൽ പുറത്തിറങ്ങിയ സിങ്കം 2 ആയിരുന്നു പ്രേക്ഷകരടക്കം കൊണ്ടാടിയ സൂര്യയുടെ അവസാന വിജയകരമായ തിയറ്റർ റിലീസ്. പിന്നീടിറങ്ങിയ സിങ്കം 2, താനാ സേർന്ത കൂട്ടം തുടങ്ങിയ സിനിമകൾ വിജയമായിരുന്നെങ്കിലും ബ്ലോക് ബസ്റ്റർ ഹിറ്റിൽ ഉൾപ്പെട്ടില്ല.
എൻജികെ, കാപ്പാൻ, കടൈകുട്ടി സിങ്കം, എതർക്കും തുനിന്തവൻ എന്നിവയാണ് കങ്കുവയ്ക്കു മുമ്പ് തിയറ്ററുകളിൽ റിലീസിനെത്തിയ സൂര്യ സിനിമകൾ. ഇതിനിടെ ഒടിടിയിലൂടെ സൂരരൈ പോട്ര്, ജയ് ഭീം തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം തന്റെ വരവറിയിക്കുകയും ചെയ്തു. എന്നിരുന്നാലും ആരാധകർക്കായൊരു മാസ് ചിത്രം ഉടനുണ്ടാകുമെന്ന് സൂര്യ അപ്പോഴും പറഞ്ഞു. ലോകേഷ് കനകരാജിന്റെ വിക്രത്തിലൂടെ റോളക്സ് ആയി എത്തി സൂര്യ വീണ്ടും തന്റെ ആരാധകരെ ആവേശത്തിലാക്കി.
രണ്ട് വർഷത്തിന് ശേഷം നായകനായി ബിഗ് സ്‌ക്രീനിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവായിരുന്നു കങ്കുവ, ചിത്രത്തിന്റെ വ്യാപ്തിയും സംവിധായകന്റെ മുൻ ചിത്രവും കണക്കിലെടുക്കുമ്പോൾ വലിയ പ്രതീക്ഷകളുണ്ടായിരുന്നു. എന്നാൽ ആദ്യ പ്രതികരണങ്ങൾ തന്നെ നെഗറ്റിവ് ആയതിനാൽ വരും ദിവസങ്ങളിൽ സിനിമയുടെ വിധിയെന്തെന്ന് കണ്ടു തന്നെ അറിയണം.