105 ഡെസിബെൽ കാത് തകർക്കും, പക്ഷേ ‘കങ്കുവ’യുടെ കാര്യത്തിൽ സംഭവിച്ചത്: റസൂൽ പൂക്കുട്ടി പറയുന്നു
Mail This Article
‘കങ്കുവ’ സിനിമ കണ്ടിറങ്ങിയ എല്ലാവരും ഒരു പോലെ വിമർശിച്ചത് ചിത്രത്തിന്റെ സൗണ്ട് മിക്സിങ്ങിനെയായിരുന്നു. തിയറ്ററിലിരുന്ന് സിനിമ കണ്ടവർക്ക് തലവേദനയുണ്ടാക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ശബ്ദലേഖനമെന്ന് സമൂഹമാധ്യമങ്ങളിലുൾപ്പടെ വിമർശനമുയർന്നു. 105 ഡെസിബെലിനു മുകളിലാണ് സിനിമയുടെ ശബ്ദമെന്ന് കാണിക്കുന്ന തിയറ്ററിൽ നിന്നുള്ള ഫോട്ടോ വൈറലാണ്. എന്നാൽ ഇൗ വിഷയത്തിൽ സൗണ്ട് മിക്സ് ചെയ്യുന്നവരെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ലെന്നാണ് ഇൗ മേഖലയിൽ വിദഗ്ധനായ റസൂൽ പൂക്കുട്ടി പറയുന്നത്. തിയറ്ററിലെ ശബ്ദവിന്യാസം ഉൾപ്പടെ പല വിഷയങ്ങളും ഇതിനു കാരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
മനോരമ ഓൺലൈനിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ റസൂൽ പൂക്കുട്ടി പറയുന്നത് ഇങ്ങനെ:
ഞാൻ കങ്കുവ എന്ന സിനിമ കണ്ടില്ല. ട്വിറ്ററിൽ ഒരാൾ ഒരു ഫോട്ടോ അയച്ചു തന്നു. ‘കങ്കുവ’ സിനിമയുടെ തിയറ്ററിലെ സൗണ്ട് 105 ഡെസിബെൽ ലെവൽ മുകളിൽ കാണിക്കുന്നു ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്നാണ് ചോദിക്കുന്നത്. ഒരു സീൻ എടുക്കുമ്പോൾ ഷോട്ട് ഔട്ട് ഓഫ് ഫോക്കസ് ആണെങ്കിൽ ഒരു ഫിലിം മേക്കറും എഡിറ്ററും സിനിമയിൽ അത് ഉപയോഗിക്കില്ല, കാരണം അത് കാണാൻ പറ്റില്ല. ഇതുപോലെ സൗണ്ടിലും ഔട്ട് ഓഫ് ഫോക്കസ് ഉണ്ട്, എന്താണ് അതെന്ന് ചോദിച്ചാൽ അത് ഡിസ്റ്റോർഷൻ (വൈരൂപ്യം) ആണ്. സിനിമയിൽ വെളിച്ചം കൂടി എന്നോ കളർ കൂടി എന്നോ ആരും പരാതി പറയാറില്ല. കാരണം അത് കണ്ടെന്നു വച്ച് ആരുടേയും കണ്ണ് ചീത്തയായി പോകില്ല.
പക്ഷേ ശബ്ദത്തിന്റെ കാര്യം അതല്ല. അതിന് നശീകരിക്കാനുള്ള കഴിവുണ്ട്. വളരെ കൂടിയ ഡെസിബെൽ ശബ്ദങ്ങൾ കേൾക്കുന്നവരുടെ കർണ്ണപുടത്തിന് തകരാറു വരാനുള്ള സാധ്യതയുണ്ട്. 104 ഡെസിബെൽ ശബ്ദം തുടർച്ചയായി അര മണിക്കൂർ ഒരു കുട്ടി കേട്ടാൽ കുഞ്ഞിന്റെ കാതു പൊട്ടിപ്പോകും. സിനിമ കാണാൻ വരുന്നവരിൽ മൈഗ്രൈൻ ഉള്ളവർ, മാനസിക അസ്വാസ്ഥ്യം ഉള്ളവർ ഒക്കെ ഉണ്ടാകും. അവർ ചിലപ്പോൾ ഒരു ആശ്വാസത്തിന് വേണ്ടിയാകും സിനിമ കാണാൻ വരുന്നത്. പ്രേക്ഷകന് ബുദ്ധിമുട്ട് ഉണ്ടാകുന്ന തരത്തിൽ ഒരു ഔട്പുട്ട് അവർക്ക് കൊടുത്തിട്ടു കാര്യമില്ല.
പല കലകൾ കൈകാര്യം ചെയ്യുന്നവരുടെ ഒരു കൂട്ടായ പ്രവർത്തനത്തിലാണ് ഒരു സിനിമ ഉണ്ടാകുന്നത്. അവരെ എല്ലാം മാറ്റി നിർത്തി സിനിമയിലെ ശബ്ദത്തിനു മാത്രമാണ് പ്രശ്നം എന്ന രീതിയിൽ പറയുന്നതാണ് കുഴപ്പം. ഇതു തുടങ്ങിയത് ഡോൾബി സ്റ്റാൻഡേർഡൈസേഷൻ സിനിമയിൽ നിന്ന് ഒഴിവാക്കിയപ്പോഴാണ്. സിനിമകൾ ഫിലിമിൽ നിന്ന് മാറിയപ്പോഴേക്കും ഡോൾബി സ്റ്റാൻഡേർഡൈസേഷനും അപൂർവമായി. ഡിജിറ്റൽ സിനിമ പാക്കേജുകൾ നിലവിൽ വന്നതോടെ ഡോൾബി സ്റ്റാൻഡേർഡൈസേഷൻ പൂർണമായും നിലച്ചു. ഒരു ഓപ്പൺ ഫ്രെയിം വർക്ക് വന്നതു കാരണം ആർക്കും എന്തും ചെയ്യാൻ പറ്റും എന്ന രീതിയിൽ ആയിട്ടുണ്ട്.
മിക്സ് ചെയ്യുമ്പോൾ ഞങ്ങൾ വിചാരിക്കുന്നത് തിയറ്ററിൽ ലെവൽ ഏഴിൽ (വോളിയം ലെവൽ) സിനിമ ഇടില്ല എന്നാണ്. അതുകൊണ്ട് ഞങ്ങൾ ലെവൽ കുറച്ചു വച്ച് മിക്സ് ചെയ്യും. നമ്മൾ ലെവൽ കുറച്ച് മിക്സ് ചെയ്യുമ്പോൾ ഈ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല. ചില തിയറ്ററിൽ വളരെ ഉച്ചത്തിൽ കേൾപ്പിക്കും, ചില തിയറ്ററിൽ സാധാരണ ശബ്ദത്തിൽ കേൾപ്പിക്കും, ഒന്നിനും ഒരു സ്റ്റാൻഡേർഡൈസേഷൻ ഇല്ല. ദക്ഷിണേന്ത്യൻ സിനിമകളിൽ തുടങ്ങിയ ഈ പ്രശ്നം ഇപ്പോൾ ബോളിവുഡിലേക്കും കടന്നുകയറിയിട്ടുണ്ട്. സിനിമാ ഹാളിലെ ശബ്ദവിന്യാസത്തിന്റെ കാര്യത്തിൽ ബോളിവുഡ് വളരെ ഏറെ മികച്ചതാണ്. ഒരു തെന്നിന്ത്യൻ സിനിമയുടെ വിതരണാവകാശം ഏറ്റെടുത്ത ഒരു പ്രൊഡക്‌ഷൻ ഹൗസിനെ എനിക്കറിയാം, അവർ സൗണ്ട് കൂടിയത് കാരണം സിനിമ മുഴുവൻ റീമിക്സ് ചെയ്യാൻ ശ്രമിച്ചിരുന്നു. ഉച്ചത്തിലുള്ള മിക്സ് ഒരു സംഗീത സംവിധായകൻ ആവശ്യപ്പെട്ടത് കാരണം ഞാൻ ഒരു സിനിമ പകുതിവഴിയിൽ ഉപേക്ഷിച്ചു പോയിട്ടുണ്ട്.
ഇപ്പോൾ ഞാൻ പുഷ്പ 2 ൽ വർക്ക് ചെയ്യുകയാണ്. 85 ടിബി സൗണ്ട് പ്രെഷർ ലെവൽ ഡോൾബി സ്റ്റാൻഡേർഡിൽ ആണ് ഞങ്ങൾ ഈ സിനിമ ചെയ്യാൻ ഉദ്ദേശിക്കുന്നത്. ആംപ്ലിഫയറും സ്‌പീക്കറുകളും ശരിയായി വർക്ക് ചെയ്യുന്നു എന്ന് തിയറ്ററുകൾ ഉറപ്പാക്കണം, പ്രേക്ഷകർക്ക് ആ സിനിമയ്ക്ക് ഉള്ളിൽ ഇറങ്ങി ഇരിക്കുന്ന അനുഭവം കിട്ടുന്നുണ്ട് എന്ന് ഞാൻ ഉറപ്പാക്കും. ആ അനുഭവം നിങ്ങൾക്ക് കിട്ടുന്നില്ലെങ്കിൽ അതിനു ഉത്തരവാദി തിയറ്ററുകൾ മാത്രമായിരിക്കും.
ഇപ്പോ തിയറ്ററിൽ ശബ്ദത്തിന്റെ ലെവൽ കുറവാണെങ്കിൽ ശബ്ദമിശ്രണം ചെയ്യുന്ന ആളുകൾ വലിയ സമ്മർദത്തിൽ ആകുന്നുണ്ട്, ബാക് ഗ്രൗണ്ട് മ്യൂസിക് കേൾക്കുന്നില്ല അല്ലെങ്കിൽ ഡയലോഗ് കേൾക്കുന്നില്ല തുടങ്ങി നിരവധി പരാതികൾ ആണ്, എല്ലാ കുറ്റവും സൗണ്ട് ചെയ്യുന്നവരുടെ തലയിൽ ആണ് വരുക, പക്ഷേ ഇത് അവരുടെ കുറ്റമല്ല, ഇതെല്ലം കൺട്രോൾ ചെയ്യുന്നത് വേറെ പലരും ആയിരിക്കും, അവരൊന്നും പഴി കേൾക്കുകയുമില്ല. സിനിമ റിലീസ് ചെയ്ത് കലക്‌ഷനുമായി ബന്ധപ്പെട്ടു പ്രശ്നം വരുമ്പോഴാണ് സിനിമാക്കാർ ഇത് ശ്രദ്ധിക്കുന്നതും അതിന് പ്രതിവിധി ചെയ്യാൻ തയാറാകുന്നതും. പുറം രാജ്യങ്ങളിൽ പോലും ഇത്തരം പ്രശ്നങ്ങൾ വരാറുണ്ട്. പക്ഷേ എന്നാലും അവർക്ക് ഒരു ഇൻസ്റ്റിറ്റ്യൂഷനൽ സ്റ്റാൻഡേർഡൈസേഷൻ ഉണ്ട്.
ഇന്നലെ ഞാൻ ആ പോസ്റ്റ് ഇട്ടതിനു കാരണം സിനിമയുമായി ബന്ധപ്പെട്ട സൗണ്ട് ചെയ്തവരെ കുറ്റപ്പെടുത്തുന്നതു കേട്ടപ്പോൾ വിഷമം തോന്നിയതുകൊണ്ടാണ്. നമ്മുടെ കയ്യിൽ നിൽക്കാത്ത കാര്യങ്ങൾ കൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നത്. ഇത് ആ സിനിമയ്ക്ക് വേണ്ടി ശബ്ദമിശ്രണം ചെയ്തയാളിന്റെ കുഴപ്പമല്ല. ശബ്ദം ചെയ്തയാൾ ബലിയാടാവുകയാണ് ഇവിടെ സംഭവിച്ചത്. ഇതുവരെ സിനിമയ്ക്ക് അകത്ത് പ്രവർത്തിക്കുന്നവർ മാത്രം ചർച്ച ചെയ്തുകൊണ്ടിരുന്ന കാര്യം ഇപ്പോൾ ഒരു സാധാരണ പ്രേക്ഷകൻ പോലും സംസാരിക്കുന്നു. സൗണ്ട് കൂട്ടി വച്ചാൽ പ്രേക്ഷകർക്ക് സിനിമയുമായി ഒരു കണക്‌ഷൻ കിട്ടില്ല. ഒരു സിനിമ എഴുതുമ്പോൾ അതിന്റെ കഥയുടെ ഗതിക്ക് ആരോഹണ അവരോഹണങ്ങൾ ഉണ്ടാകും. അതിനു സഹായകമാകുന്ന രീതിയിൽ വേണം ശബ്ദത്തിന്റെ ഉയർച്ച താഴ്ചകൾ തീരുമാനിക്കേണ്ടത്. ഇത് നമ്മൾ വളരെ ആലോചിച്ച് ചെയ്യേണ്ടതാണ്. സംഗീതം ചെയ്യുന്നവർക്ക് സംഗീതം കൂടുതൽ ഉയർന്ന കേൾക്കണം എന്നായിരിക്കും ആഗ്രഹം. സംഗീതം വൈകാരികമാണ് അത് നമ്മൾ അനുഭവിച്ച് അറിയേണ്ട കാര്യമാണ്.
വേറൊരു വലിയ പ്രശ്നവും ഇപ്പോൾ ഈ രംഗത്തുണ്ട്. ഒരു വർഷം എടുത്ത് ഷൂട്ട് ചെയ്ത ഒരു സിനിമയ്ക്ക് ഒരു മാസം ആയിരിക്കും സൗണ്ട് ചെയ്യാൻ കൊടുക്കുക. സൗണ്ട് ചെയ്തു കൊണ്ടുപോയി കേട്ടിട്ട് തിരികെ വന്ന് കുഴപ്പങ്ങൾ ഉണ്ടെങ്കിൽ അത് ശരിപ്പെടുത്താനൊന്നും ഇപ്പോൾ ആർക്കും സമയമില്ല. സിനിമയിലെ ശബ്ദം ഉപബോധ മനസ്സ് അനുഭവിച്ച് അറിയേണ്ട ഒരു കലയാണ്, എവിടെ പ്രേക്ഷകരുടെ കണ്ണു നിറയണം, എവിടെ ചിരിക്കണം, എവിടെ കരയണം ഇതെല്ലാം സൗണ്ടിലൂടെയാണ് പകർന്നു കൊടുക്കുന്നത്. ഇതൊക്കെ സൗണ്ട് ചെയ്യുന്ന ആളിന് അറിയാൻ പാടില്ലാത്തത് കൊണ്ടല്ല, അവർക്ക് അതിനുള്ള സമയവും അവസരവും കൊടുക്കുന്നില്ല, അവരെ സമ്മർദത്തിൽ ആക്കിക്കൊണ്ടു വർക്ക് ചെയ്യിക്കുന്നു എന്നേ പറയാൻ കഴിയൂ.
കങ്കുവ കണ്ടിട്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ എനിക്ക് തുടർന്നു കാണാൻ തോന്നിയില്ല എന്നൊക്കെ പ്രേക്ഷകർ പരാതി പറയുന്നതു കണ്ടു. സിനിമയ്ക്ക് ഉള്ളിൽ നടക്കുന്ന കാര്യങ്ങൾ ഒന്നും പ്രേക്ഷകന് അറിയേണ്ട ആവശ്യമില്ല. അവർ പണം കൊടുക്കുന്നത് സിനിമ ആസ്വദിക്കാനാണ്. അവരുടെ ചെവിക്ക് തകരാർ സംഭവിക്കാത്ത വിധത്തിൽ സിനിമ നൽകേണ്ടത് സിനിമയിൽ പ്രവർത്തിക്കുന്ന എല്ലാവരുടെയും കടമയാണ്. അത് കിട്ടാതാകുമ്പോൾ അവർ പരാതി പറയുക സ്വാഭാവികമാണ്. ഇപ്പൊ കിട്ടിയ ഈ പ്രതികരണം നമുക്ക് വലിയൊരു പാഠമാണ്.
ഇത്തരത്തിൽ വർക്ക് ചെയ്യുന്നത് സിനിമയുടെ സാമ്പത്തിക നഷ്ടത്തിലേക്കു പോലും വഴിതെളിക്കും. ഇക്കാര്യത്തിൽ സൗണ്ട് ചെയ്തവരെ കുറ്റപ്പെടുത്താൻ കഴിയില്ല, സിനിമ ചെയ്യുന്നവർ ആവശ്യപ്പെടുന്നത് കൊടുക്കുക ആണ് അവർ ചെയ്യുന്നത്. ഇപ്പൊ ഒരു കാര്യവുമില്ലാതെ സൗണ്ട് ചെയ്യുന്നവരെ മാത്രം കുറ്റപ്പെടുത്തുന്ന പ്രവണതയാണ് കാണുന്നത്. അത് ശരിയല്ല. ഇക്കാര്യത്തിൽ ഇനി സിനിമാ പ്രവർത്തകർ എല്ലാം ഒന്നുചേർന്ന് ഒരു സ്റ്റാൻഡേർഡൈസേഷൻ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്.