ADVERTISEMENT

പുഷ്പ 2ൽ ഫഹദ് അതിഗംഭീരപ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്തി തെന്നിന്ത്യൻ താരം അല്ലു അർജുൻ. ഫഹദിന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തിയ അല്ലു അർജ്ജുൻ, താൻ മലയാളത്തിന്റെ ദത്തുപുത്രനാണ് ആണെന്നും മലയാളികൾ തന്നോടു കാണിക്കുന്ന സ്നേഹം നിസ്സീമമാണെന്നും അഭിപ്രായപ്പെട്ടു. മലയാളികളോടുള്ള തന്റെ സ്നേഹം അറിയിക്കുന്നതിനായി പുഷ്പ 2ൽ ഒരു ഗാനത്തിന്റെ ഹുക്ക് ലൈൻ മലയാളത്തിലാണ് ഒരുക്കിയിരിക്കുന്നതെന്നും അല്ലു അർജുൻ വെളിപ്പെടുത്തി. 

അല്ലു അർജുന്റെ വാക്കുകൾ: "എല്ലാ മലയാളികൾക്കും നിങ്ങളുടെ ദത്തുപുത്രന്റെ സ്നേഹം അറിയിക്കട്ടെ. ഫ്ലൈറ്റിൽ നിന്ന് ഇറങ്ങിയപ്പോൾ ഞാനെന്റെ ടീമിനോടു പറഞ്ഞു, എന്റെ നാട്ടിലേക്കു സ്വാഗതം. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് സ്വാഗതം. മലയാളികളുടെ ദത്തുപുത്രൻ നിങ്ങളെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് സ്വാഗതം ചെയ്യുന്നു എന്ന്. കഴിഞ്ഞ 20 വർഷമായി നിങ്ങൾ എനിക്കു പകർന്നു നൽകിയ സ്നേഹം നിസ്സീമമാണ്. അതിനു നന്ദി. 

പല കാരണങ്ങൾ മൂലം ഈ സിനിമ എനിക്കു സ്പെഷലാണ്. പുഷ്പയിലാണ് എന്റെ കരിയറിൽ ആദ്യമായി വലിയൊരു മലയാളി താരത്തിനൊപ്പം ഞാൻ അഭിനയിക്കുന്നത്. നിങ്ങളുടെ സ്വന്തം ഫഫാ..! അദ്ദേഹം ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു. ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നെങ്കിൽ അതൊരു വലിയ സംഭവം ആകുമായിരുന്നു. ഫഫ പുഷ്പ 2ൽ ശരിക്കും തകർത്തിട്ടുണ്ട്. തീർച്ചയായും നിങ്ങൾക്കെല്ലാവർക്കും ഇഷ്ടപ്പെടും. എന്റെ വാക്കു കുറിച്ചു വച്ചോളൂ, അദ്ദേഹം തീർച്ചയായും എല്ലാ മലയാളികൾക്കും അഭിമാനമാകും." 

മലയാളികൾക്കായി ഒരു സർപ്രൈസും പുഷ്പ 2ൽ ഒരുക്കിയിട്ടുണ്ടെന്ന് അല്ലു അർജുൻ വെളിപ്പെടുത്തി. ചിത്രത്തിലെ ഒരു ഗാനം തുടങ്ങുന്നത് മലയാളം വരികളോടെയാണ്. ആറു ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുന്നുണ്ടെങ്കിലും അതിലെല്ലാം ഈ വരികൾ മലയാളത്തിൽ തന്നെയാകും വരികയെന്ന് അല്ലു അർജുൻ പറഞ്ഞു. മലയാളികളോടുള്ള തന്റെ സ്നേഹം അടയാളപ്പെടുത്താനുള്ള ചെറിയ പരിശ്രമമാണിതെന്നും അല്ലു അർജുൻ വ്യക്തമാക്കി.

English Summary:

Allu Arjun declares himself 'adopted son' of Malayalam cinema, thanks fans for their love, and praises Fahadh Faasil's 'phenomenal' acting in Pushpa 2.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com