നസ്രിയയുടെ സഹോദരന് നവീന് വിവാഹം; ചടങ്ങിനു ചുക്കാൻ പിടിച്ച് ഫഹദും നസ്രിയയും; ചിത്രങ്ങൾ
Mail This Article
നടി നസ്രിയ നസീമിന്റെ സഹോദരനും നടനുമായ നവീൻ നസീമിന് വിവാഹം. ഫിസ സജീൽ എന്നാണ് പ്രതിശ്രുത വധുവിന്റെ പേര്. വിവാഹനിശ്‌ചയത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. സ്വകാര്യ ചടങ്ങായതുകൊണ്ടുതന്നെ ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഫഹദും നസ്രിയയുമായിരുന്നു ചടങ്ങിനു ചുക്കാൻ പിടിച്ചത്.
സൗബിൻ ഷാഹിർ, വിവേക് ഹർഷൻ, സുഷിൻ ശ്യാം, മാഷർ ഹംസ എന്നിവരും ചടങ്ങിനെത്തിയിരുന്നു. കൊച്ചിയിൽ വച്ചായിരുന്നു വിവാഹനിശ്ചയം.
നസ്രിയയുടെ ഏക സഹോദരനാണ് നവീൻ. ഇരുവരും തമ്മിൽ കൃത്യം ഒരു വയസ്സിന്റെ വ്യത്യാസവും, ഒരേ ദിവസം ജന്മദിനം ആഘോഷിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. നസിമുദീൻ, ബീഗം ബീന ദമ്പതികളുടെ മക്കളാണ് നസ്രിയയും നവീനും. മലയാള ചിത്രം ‘അമ്പിളി’യിൽ നവീൻ ഒരു പ്രധാന വേഷം ചെയ്തിരുന്നു.
ഫഹദ് നായകനായ ‘ആവേശം’ സിനിമയിൽ നവീൻ അസിസ്റ്റന്റ് ആയി പ്രവർത്തിച്ചിട്ടുണ്ട്. ആർക്കിടെക്ച്ചറിൽ ഉന്നതപഠനം നടത്തിയിട്ടുണ്ട് നവീൻ.