ഇതിലും കൂടി ചെന്നൈയും നന്മയുമായാൽ ആൾക്കാർ കൊല്ലും, അതുകൊണ്ടാണ് ആ നമ്പറിട്ടത്: ധ്യാൻ ശ്രീനിവാസന്
Mail This Article
ജിത്തു മാധവൻ സംവിധാനം ചെയ്ത ഫഹദ് ഫാസിൽ ചിത്രം ആവേശവും വിനീത് ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്ക് ശേഷവും ഒന്നിച്ചാണ് തിയറ്ററിലെത്തിയത്. ആദ്യ ദിവസം തന്നെ ഹിറ്റായ ‘ആവേശ’ത്തോടൊപ്പം തങ്ങളുടെ ചിത്രത്തിനു പിടിച്ചു നിൽക്കാൻ വേണ്ടി ഒപ്പിച്ച പണികളെപ്പറ്റി തുറന്നു പറയുകയാണ് ധ്യാൻ ശ്രീനിവാസൻ. ചിത്രത്തിലെ താരങ്ങളായ പ്രണവും കല്യാണിയും നിവിൻ പോളിയും പ്രമോഷൻ പരിപാടികൾക്ക് വരാതിരുന്നപ്പോൾ അറ്റകൈയ്ക്ക് താൻ ഇറക്കിയതായിരുന്നു ബേസിൽ ജോസഫിനെ എന്ന് ധ്യാൻ ശ്രീനിവാസൻ പറയുന്നു.
ആദ്യ ദിവസം തന്നെ ആവേശം ഹിറ്റ് ആണെന്ന് മനസ്സിലായിട്ടും സെക്കൻഡ് ഹാഫിൽ ലാഗ് എന്നു പറഞ്ഞത് ട്രോളുകൾക്കു വേണ്ടി ആയിരുന്നുവെന്നും ധ്യാൻ ശ്രീനിവാസൻ പറയുന്നു. മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ യൂട്യൂബ് ചാനലിലെ ഒരു അഭിമുഖത്തിലാണ് ധ്യാന്‍ അന്ന് നടന്ന രസകരമായ കാര്യങ്ങള്‍ നടന്മാരായ ബാബുരാജിനോടും ഫഹദ് ഫാസിലിനോടും വിശദീകരിച്ചത് .
‘‘വര്‍ഷങ്ങള്‍ക്കു ശേഷവും ആവേശവും ഉണ്ണിമുകുന്ദന്‍ നായകനായ ജയ് ഗണേഷ് എന്ന ചിത്രവും ഒന്നിച്ചായിരുന്നു റിലീസ്. പ്രമോഷന്‍ സമയത്ത് ഫഹദ് ഫാസില്‍ വിളിച്ച് ഒന്നിച്ച് പ്രമോഷന്‍ ചെയ്യാമെന്നു പറഞ്ഞിരുന്നു. ഉണ്ണിയേയും വിളിക്കാമെന്ന് പറഞ്ഞു. എന്നാല്‍ ഉണ്ണി ആ സമയത്ത് ഗുജറാത്തിലായതിനാല്‍ ആ പ്ലാന്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. പിന്നെ നോക്കിയപ്പോൾ ഞാന്‍ ഒറ്റയ്ക്ക്. പ്രണവ് വരില്ല പ്രൊമോഷന്. നിവിന്‍ വരില്ല, കല്യാണി വരില്ല, അങ്ങനെ ആരുമില്ല. ഞാൻ ഒറ്റയ്ക്ക് എന്ത് ചെയ്യും. അങ്ങനെ ആരെ വിളിക്കും എന്ന് ചിന്തിച്ചാണ് മറ്റവനെ ഇറക്കിയത്. ബേസിലിനെ. ആവേശത്തിനൊപ്പം നില്‍ക്കണ്ടേ.
അവര്‍ ഇലുമിനാറ്റിയും ഗലാട്ടയുമൊക്കെയായി നില്‍ക്കുകയാണ്. അവരോട് പിടിച്ചുനില്‍ക്കണ്ടേ. ചേട്ടനാണെങ്കില്‍ പല സ്ഥലത്തും പോയി എന്തൊക്കെയോ പറയുന്നു എന്നല്ലാണ്ട് ഒന്നും അങ്ങോട്ട് കേറുന്നില്ല. ചെന്നൈ, നന്മ ഇതൊക്കെയാണ് പരിപാടി അല്ലാതെ കൂടുതലൊന്നും പറയാനുമില്ല. ജനങ്ങൾ കാത്തിരിക്കുകയാണ്. ഇതിലും കൂടി ചെന്നൈ, നന്മ ഒക്കെയായാൽ ആൾക്കാർ കൊല്ലും എന്ന് ഉറപ്പാണ്.
ബേസിലിന് അന്ന് വയ്യായിരുന്നു. അവനെ വിളിച്ചിട്ട് ഞാന്‍ പറഞ്ഞു, ‘നീയൊരു രണ്ട് പരിപാടിക്ക് ഇരുന്ന് തന്നാല്‍ മതി. നീ സിനിമയൊന്നും ചര്‍ച്ച ചെയ്യേണ്ട, അങ്ങോട്ടും ഇങ്ങോട്ടും എന്തെങ്കിലും പറഞ്ഞാല്‍ മതി’. ഇവർ ആണെങ്കിൽ പാട്ടും പരിപാടിയുമൊക്കെയായി കത്തി നിൽക്കുകയാണ്. അങ്ങനെ ബേസിൽ വന്നു ഞങ്ങൾ ഒരു പത്തോളും ഇന്റര്‍വ്യൂ കൊടുത്തു. ഇന്റര്‍വ്യൂ ഒക്കെ കഴിഞ്ഞപ്പോഴേക്കും ഇതൊന്ന് പൊന്തി. അത് പിന്നെ ഒരു ബാധ്യതയായി. കാരണം ആൾക്കാർ വിചാരിച്ചത് ഈ തമാശയൊക്കെ സിനിമയിലും ഉണ്ടെന്നാണ്. സിനിമ ഇറങ്ങിയപ്പോൾ ഇന്റര്‍വ്യൂസിലെ തമാശയൊന്നും സിനിമയിലില്ലല്ലോ എന്നാണ് ആളുകള്‍ ചോദിച്ചത്.
ആദ്യ ദിവസം തന്നെ ആവേശം ഹിറ്റ് അടിച്ചു. നമ്മുടെ പടം കേറ്റി വിടാൻ ആരും ഇല്ല, ബേസിലും വരുന്നില്ല. ഞാൻ രണ്ടും കൽപ്പിച്ച് മറ്റൊരു നമ്പർ പറഞ്ഞു. തട്ടത്തിൻ മറയത്തും ഉസ്താദ് ഹോട്ടലും ഒരേ സമയത്താണ് റിലീസ് ചെയ്തത് അന്ന് ഉസ്താദ് ഹോട്ടലിനേക്കാൾ ഒരുപടി മുകളിൽ ആയിരുന്നു തട്ടത്തിൻ മറയത്ത്. ചരിത്രം ആവർത്തിക്കട്ടെ, എന്നൊരു സാധനം ഞാൻ അടിച്ചു. ഇത് പറയുമ്പോൾ ഞാൻ ഓർത്തത് മമ്മൂക്ക ഫാൻസ്, ദുൽഖർ ഫാൻസ്, അൻവർ ഫാൻസ് എല്ലാരും എന്നെ തെറി പറയും. തെറി കേൾക്കാൻ ഞാൻ റെഡി ആയിരുന്നു. ഞാൻ ഒരു അടി കൂടി അടിച്ചു ‘ആവേശം സെക്കൻഡ് ഹാഫിൽ ലാഗ് ആണെന്ന് കേട്ടല്ലോ’ എന്ന്. ആദ്യ ദിവസം തന്നെ ഞങ്ങൾക്കറിയാം ആ പടം ഹിറ്റാണെന്. ഏട്ടൻ എന്നോട് വന്നു ചോദിച്ചു, ‘നീ എന്താ അങ്ങനെ പറഞ്ഞത്;. ഞാൻ പറഞ്ഞു, ‘എന്തെങ്കിലുമൊക്കെ പറയണ്ടെ?. ഞാൻ പറഞ്ഞത് കൊണ്ടൊന്നും ഇവിടെ ഒരുത്തനും അത് കാര്യമായിട്ട് എടുക്കില്ല. അതിന്റെ തെറി എനിക്ക് വേറെ കിട്ടി.’- ധ്യാന്‍ ശ്രീനിവാസൻ പറഞ്ഞു.