ലുക്കു മാറ്റി നസ്രിയ; ഫോട്ടോ വൈറൽ
Mail This Article
പുതിയ ലുക്കിൽ നസ്രിയ നസീം. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ വിഷ്ണു തണ്ടാശ്ശേരിയാണ് ചിത്രങ്ങളെടുത്തത്. പേസ്റ്റൽ പിങ്ക് നിറത്തിലും കറുപ്പിലുമുള്ള രണ്ടു വ്യത്യസ്ത കോസ്റ്റ്യൂമുകളിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. വനിതയ്ക്കു വേണ്ടിയായിരുന്നു താരത്തിന്റെ മേക്കോവർ ഫോട്ടോഷൂട്ട്.
ഇതാദ്യമായാണ് ഇത്തരമൊരു ലുക്കിൽ താരം ഒരു ഫോട്ടോഷൂട്ട് നടത്തുന്നത്. വേറിട്ട ലുക്കിൽ താരത്തെ കണ്ടതിന്റെ ആകാംക്ഷ ആരാധകരും മറച്ചു വച്ചില്ല. പലരും അവരുടെ കൗതുകവും സന്തോഷവും കമന്റുകളായി രേഖപ്പെടുത്തി. പുതിയ ലുക്കിനെ വിമർശിച്ചവരും അക്കൂട്ടത്തിലുണ്ട്.
നിറഞ്ഞ തിയറ്ററുകളിൽ പ്രദർശനം തുടരുന്ന സൂക്ഷ്മദർശിനിയാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. നാലു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് നസ്രിയ ഒരു മലയാള ചിത്രത്തിൽ അഭിനയിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
സിനിമയിൽ ഒരു കുഞ്ഞിന്റെ അമ്മയായാണ് നസ്രിയ എത്തുന്നത്. തന്റെ ചുറ്റുപാടുകളെ സസൂക്ഷ്മം നിരീക്ഷിക്കുന്ന മിടുക്കിയായ വീട്ടമ്മയാണ് നസ്രിയ അവതരിപ്പിക്കുന്ന പ്രിയദർശിനി. എം.സി ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബേസിൽ ജോസഫാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.