‘ഗ്രേസിനു കൈ കൊടുക്കാൻ പോയ സുരാജിന് സംഭവിച്ചത്’; അവിടെയും ബേസിലിനെ ട്രോളി ടൊവിനോ
Mail This Article
ഒരു കൈ കൊടുക്കാൻ പോയതിന് നടൻ േബസിൽ ജോസഫിന് പറ്റിയ അബദ്ധവും തുടർന്നുണ്ടായ ട്രോളുകളും നമ്മളെല്ലാം കണ്ടതാണ്. ഇപ്പോഴിതാ ഇതേ അബദ്ധം സുരാജ് വെഞ്ഞാറമ്മൂടിനും സംഭവിച്ചു. നടി ഗ്രേസ് ആന്റണിക്കു കൈ കൊടുക്കാൻ പോയതാണ്, ഗ്രേസ് ശ്രദ്ധിക്കാതെ മുമ്പോട്ടുപോയി. എന്നാൽ കയ്യിൽ തട്ടിയതുകൊണ്ട് മാത്രം ഗ്രേസ് സുരാജിനെ കാണുകയും കൈ കൊടുക്കുകയുമായിരുന്നു.
പക്ഷേ സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി. ‘‘സുരാജിന് കൈ കൊടുക്കാതെ ഗ്രേസ് ആന്റണി.. പിന്നീട് സംഭവിച്ചത് കണ്ടോ?’’ എന്നിങ്ങനെ വിവിധ തലക്കെട്ടുകളോടെ വിഡിയോ പ്രചരിച്ചു. തുടർന്ന് രസകരമായ കമന്റുമായി ഗ്രേസ് ആന്റണിയെത്തി.
‘‘ഇത് അങ്ങനെ ഒന്നുമല്ലടാ…അല്ലെ സുരാജേട്ടാ’’ എന്നായിരുന്നു ഗ്രേസിന്റെ കമന്റ്. ‘‘ഞാന്‍ മാത്രമല്ല ടൊവിയുമുണ്ട്’’ എന്നായിരുന്നു സുരാജിന്റെ കമന്റ്. ഈ സംഭവം നടക്കുമ്പോൾ സുരാജിന്റെ അരികില്‍ ടൊവിനോയുമുണ്ടായിരുന്നു.
‘‘ബേസിൽ സംഭവത്തിനു ശേഷം ഞാൻ ആർക്കും കൈ കൊടുക്കാറേ ഇല്ല!’’ എന്നായിരുന്നു ടൊവിനോ നൽകിയ മറുപടി.
ടൊവിനോയുടെ മറുപടി വീണ്ടും ട്രോൾ ആയി മാറിയിട്ടുണ്ട്. ഇനി ബേസിലിന്റെ മറുപടിയാണ് അറിയേണ്ടതെന്നും അനുഭവിച്ചവനേ അതിന്റെ വേദന അറിയൂ എന്നൊക്കെയുള്ള കമന്റുകളുമായി പ്രേക്ഷകരും സംഭവം ഏറ്റെടുത്തു കഴിഞ്ഞു.
സൂപ്പര്‍ ലീഗ് കേരള ഫുട്ബോൾ മത്സരത്തിന്റെ സമ്മാനദാന ചടങ്ങിനിടെ ബേസിലിനു പറ്റിയ ഒരമളിയും അതിന് ടൊവിനോ നൽകിയ പ്രതികരണവും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
സമ്മാനദാന ചടങ്ങില്‍ ഫോഴ്സ കൊച്ചിയുടെ താരങ്ങള്‍ക്ക് മെഡലുകള്‍ നല്‍കുന്ന സമയത്ത് ഒരു കളിക്കാരന് ബേസില്‍ കൈ കൊടുക്കാന്‍ നീട്ടിയപ്പോള്‍ അത് കാണാതെ പൃഥ്വിരാജിന് കൈ കൊടുത്ത് താരം മടങ്ങി. ഇതോടെ ചമ്മിയെന്നു മനസിലായ ബേസില്‍ കളിക്കാരന്റെ നേരെ നോക്കുന്നതു കാണാം. ആ വിഡിയോയാണ് ട്രോൾ രൂപത്തിൽ വൈറലായത്. വൈറല്‍ ആയ വിഡിയോയ്ക്ക് താഴെ ടൊവിനോ തോമസ് ചിരിക്കുന്ന ഇമോജി കമന്റ് ആയി നൽകിയതും സംഭവം കൂടുതല്‍ ശ്രദ്ധ ആകര്‍ഷിച്ചു. ‘നീ പക പോക്കുകയാണല്ലേടാ’എന്നായിരുന്നു ബേസിലിന്റെ കമന്റ്. ‘കരാമ ഈസ് എ ബീച്ച്’ എന്ന ടൊവിനോയുടെ മറുപടിയോടെ പരസ്പരമുള്ള ട്രോളൽ ഇരുവരും അവസാനിപ്പിച്ചു.