‘പക വീട്ടി’; ബേസിലിനോട് പ്രതികാരം ചെയ്ത് ടൊവിനോ; ഒന്നുമറിയാതെ പൃഥ്വി
Mail This Article
സൂപ്പര്‍ ലീഗ് കേരള ഫുട്ബോൾ മത്സരത്തിന്റെ സമ്മാനദാന ചടങ്ങിൽ നടൻ ബേസിലിനു പറ്റിയ ഒരമളിയും അതിന് ടൊവിനോ നൽകിയ പ്രതികരണവുമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ഉദ്ഘാടന പതിപ്പിന്റെ ഫൈനലില്‍ ഫോഴ്സ കൊച്ചിയെ പരാജയപ്പെടുത്തി കാലിക്കറ്റ് എഫ്സി ചാമ്പ്യന്മാരായിയിരുന്നു. ഫോഴ്സ കൊച്ചിയുടെ ഉടമസ്ഥനായ പൃഥ്വിരാജ് സുകുമാരനും, കാലിക്കറ്റ് എഫ്സിയുടെ ബ്രാൻഡ് അംബാസിഡർ ആയ ബേസില്‍ ജോസഫും ഫൈനല്‍ കാണാന്‍ എത്തുകയുണ്ടായി.
സമ്മാനദാന ചടങ്ങില്‍ ഫോഴ്സ കൊച്ചിയുടെ താരങ്ങള്‍ക്ക് മെഡലുകള്‍ നല്കുന്ന സമയത്ത് ഒരു കളിക്കാരന് ബേസില്‍ കൈ കൊടുക്കാന്‍ നീട്ടിയപ്പോള്‍ അത് കാണാതെ പൃഥ്വിരാജിന് കൈ കൊടുത്ത് താരം മടങ്ങി. ഇതോടെ ചമ്മിയെന്നു മനസിലായ ബേസില്‍ ആരും കാണാതെ കൈ പതിയെ താഴ്ത്തി. ആ വിഡിയോയാണ് ട്രോൾ രൂപത്തിൽ ഇപ്പോള്‍ വൈറല്‍ ആകുന്നത്.
വൈറല്‍ ആയ വിഡിയോയ്ക്ക് താഴെ ടൊവിനോ തോമസ് ചിരിക്കുന്ന ഇമോജി കമന്റ് ആയി നൽകിയതും സംഭവം കൂടുതല്‍ ശ്രദ്ധ ആകര്‍ഷിച്ചു. ‘നീ പക പോക്കുകയാണല്ലേടാ’എന്നായിരുന്നു ബേസിലിന്റെ കമന്റ്. ‘കരാമ ഈസ് എ ബീച്ച്’ എന്ന ടൊവിനോയുടെ മറുപടിയോടെ പരസ്പരമുള്ള ട്രോളൽ ഇരുവരും അവസാനിപ്പിച്ചു.
മുന്‍പ് ടൊവിനോയുടെ പുതിയ ചിത്രത്തിന്റെ പൂജയ്ക്ക് ബേസില്‍ ജോസഫ് എത്തിയ സമയത്ത് പൂജാരി ആരതി നല്കിയപ്പോള്, കൈ നീട്ടിയ ടൊവിനോയെ കാണാതെ പൂജാരി പോയിരുന്നു. സംഭവം കണ്ട ബേസില്‍ താരത്തെ നോക്കി ചിരിക്കുകയും തുടര്‍ന്ന് പരിഹസിക്കുകയും ചെയ്ത വിഡിയോ അന്ന് വൈറല്‍ ആയിരുന്നു.