‘നെഗറ്റിവ് മാത്രം പറയുന്ന മൂന്ന് കുരങ്ങന്മാർ’; നയന്താരയ്ക്കു മറുപടിയുമായി വ്ലോഗേഴ്സ്
Mail This Article
യൂട്യൂബ് വിഡിയോയിലൂടെ തന്നെക്കുറിച്ച് ഗോസിപ്പ് പറഞ്ഞു പരത്തുന്ന വ്ലോഗേഴ്സിനെ കുരങ്ങന്മാർ എന്നു വിളിച്ചു പരിഹസിച്ച നയൻതാരയ്ക്കു മറുപടിയുമായി തമിഴ് യൂട്യൂബേഴ്സ്. ജീവിതത്തിൽ ബോഡി ഷെയ്മിങ് അടക്കമുള്ള വെല്ലുവിളികൾ താണ്ടിയാണ് ഇവിടെ വരെ എത്തിയതെന്നു പറയുന്ന നയൻതാരയ്ക്ക് എന്തുമാകാമോ എന്ന്് ഇവർ ചോദിക്കുന്നു. നയൻതാരയുടെ പേര് വച്ച് യൂട്യൂബിലൂെട പണം ഉണ്ടാക്കുന്നു എന്ന ആരോപണം തെറ്റാണെന്നും ഇവർ വ്യക്തമാക്കുന്നു.
‘‘അൻപത് വിഡിയോയിൽ 45 വിഡിയോയും അവരെക്കുറിച്ച് മാത്രമാണെന്നാണ് ആ അഭിമുഖത്തിൽ നയന്‍താര പറഞ്ഞത്. അത് പച്ചക്കള്ളമാണ്. നാലഞ്ച് മാസം എടുത്തു നോക്കിയാൽ അറിയാം അഞ്ചോ ആറോ വിഡിയോ മാത്രമാണ് നയൻതാരയെക്കുറിച്ച് നമ്മൾ ചെയ്തത്. അതും നെഗറ്റിവ് വാർത്തകളല്ല, അവരുടെ പുതിയ പ്രോജക്ടുകളെക്കുറിച്ചൊക്കെയാണ് വിഡിയോയിൽ പറയുന്നത്. അവരെ വച്ച് പണം ഉണ്ടാക്കുന്നു എന്നൊക്കെ പറയുന്നത് തെറ്റാണ്.
പിന്നെ നിർമാതാക്കൾക്കു ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നു പറയുകയുണ്ടായി. അത് നയൻതാര മാത്രമല്ല, എല്ലാ നായികമാരും നിർമാതാക്കൾ പലരീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്. നയൻതാര അഭിനയിച്ച പല സിനിമകളെക്കുറിച്ചും പറഞ്ഞു. എന്നാൽ ഏതെങ്കിലും നിർമാതാവ് ഈ പറഞ്ഞതൊക്കെ തെറ്റാണെന്നു ചൂണ്ടിക്കാട്ടി രംഗത്തുവന്നോ ഇല്ലല്ലോ. അപ്പോൾ നമ്മൾ പറഞ്ഞതൊക്കെ സത്യന്ധമായ കാര്യങ്ങളാണ്.
സമീപകാലത്ത് നയൻതാരയും ധനുഷും തമ്മിലുള്ള പ്രശ്നങ്ങളാണ് ഇപ്പോൾ ഇവരെ ചൊടിപ്പിക്കാൻ കാരണം. നമ്മളെ അവർ കുരങ്ങന്മാർ എന്നു വിളിച്ചു. അവർ തന്നെ പറയുന്നുണ്ട്, പല ബോഡി ഷെയ്മിങുകളും താണ്ടിയാണ് ഇവിടെ വരെ എത്തിയതെന്ന്. അപ്പോൾ അവർക്ക് ആരെയും ബോഡി ഷെയിം ചെയ്യാമെന്നാണോ?
വിഘ്നേശ് ശിവന്റെ ടീമിലുള്ള ഒരു എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ നമ്മളെ നേരത്തെ സമീപിക്കുകയുണ്ടായി. വിഘ്നേശ് ശിവൻ സാറിന് അദ്ദേഹത്തിന്റെ ഓഫിസിൽ വച്ച് നിങ്ങളെ കാണണെമെന്നു പറയുന്നുണ്ട്, വരണം എന്നു പറഞ്ഞു. അതെന്ത് മര്യാദയാണ്. ഒരാൾക്ക് നമ്മളെ കാണണമെങ്കിൽ അവർ നമ്മുടെ അടുത്തേക്കല്ലേ വരേണ്ടത്. അല്ലെങ്കിൽ ഏതെങ്കിലും ഹോട്ടലിൽ കാണാം എന്നു പറയണം. ആ സമീപനം ശരിയല്ല എന്നു മുഖത്തു നോക്കി പറഞ്ഞു. നമ്മുടെ പേരിൽ പൊലീസ് കേസ് കൊടുക്കുമെന്നൊക്കെ പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അങ്ങനെ ആദ്യം മുതലേ ഇവർ നമ്മളോട് ദേഷ്യമുണ്ടായിരുന്നു. ധനുഷ് കേസ് കൂടി വന്നതോടെ ഇത് ഇരട്ടിയായി.’’–യൂട്യൂബേഴ്സിന്റെ വാക്കുകൾ.
തമിഴിൽ മൂന്ന് ആളുകൾ ചേർന്ന് നടത്തുന്ന യൂട്യൂബ് ചാനലിനെതിരെ നയൻതാര രംഗത്തുവന്നിരുന്നു. ഇവർ ചെയ്യുന്ന ഭൂരിഭാഗം വിഡിയോകളിലും തന്റെ പേരാണ് ഉപയോഗിക്കുന്നതെന്നായിരുന്നു നയൻതാരയുടെ ആരോപണം.
നയൻതാരയുടെ വാക്കുകൾ: അവർ മൂന്ന് പേരുണ്ട്. ഭയങ്കര രസമാണ്. അവരെ നിങ്ങൾ അറിയാൻ ഒരു സാധ്യതയുമില്ല. കാരണം അത്രത്തോളം വലിയ ആളുകളല്ല. അവർ എത്ര എപ്പിസോഡുകൾ ചെയ്തുവെന്നറിയില്ല. അൻപത് എപ്പിസോഡുകൾ ചെയ്താൽ അതിൽ 45 എണ്ണവും എന്നെക്കുറിച്ചാകും. ഒരുഘട്ടമെത്തിയപ്പോൾ ചില ആളുകളെവച്ച് ഞാനിവരെക്കുറിച്ച് അന്വേഷിച്ചു. എന്നെ മാത്രം എന്തുകൊണ്ട് ലക്ഷ്യം വയ്ക്കുന്നു എന്നറിയണമായിരുന്നു. എന്റെ പേരു വച്ചാൽ അവരുടെ വിഡിയോയ്ക്ക് ഒരുപാട് കാഴ്ചക്കാരെ കിട്ടുമെന്നായിരുന്നു മറുപടി.
അങ്ങനെയാണ് അവർ പൈസ ഉണ്ടാക്കുന്നത്. അപ്പോഴാണ് എനിക്ക് കാര്യം മനസ്സിലാകുന്നത്. എന്റെ പേര് അവരെ പണമുണ്ടാക്കാൻ സഹായിക്കുന്നുണ്ടെങ്കിൽ പോട്ടെ, ഞാനത് വിട്ടു. എന്റെ പേര് പറഞ്ഞും ധനുഷിന്റെ പേരു പറഞ്ഞുമാണ് പൈസ ഉണ്ടാക്കുന്നത്. എനിക്കത് ഭയങ്കര തമാശയായാണ് തോന്നിയത്. ഇവരൊക്കെ ഗോസിപ്പു പറഞ്ഞാണ് പൈസ ഉണ്ടാക്കുന്നത്.
മൂന്ന് കുരങ്ങന്മാരുടെ പടം ഓർക്കുന്നില്ലേ, ചീത്ത പറയുകയോ, കേൾക്കുകയോ കാണുകയോ പോലുമില്ലാത്ത മൂന്ന് കുരങ്ങന്മാർ. ഈ മൂന്ന് േപർ ആ കുരങ്ങന്മാരുടെ നേർ വിപരീതമാണ്. ഇവർ നെഗറ്റീവ് മാത്രമേ കാണുകയും കേൾക്കുകയും പറയുകയുമുള്ളൂ. അവരുടെ പേരൊന്നും എനിക്കറിയില്ല. അവരെ പ്രശസ്തരാക്കാനും എനിക്ക് ഉദ്ദേശ്യമില്ല.
ഗോസിപ്പ് വീരന്മാർ എന്നൊക്കെ പറയാം. ഞാനത് സീരിയസ്സായേ എടുക്കുന്നില്ല. അവരുടെ സംസാരം കേട്ടാൽ നമ്മുടെ അടുത്തിരുന്ന് ഇതൊക്കെ കേട്ട് പഠിച്ചതാണെന്നു തോന്നും. ഒരു എപ്പിസോഡിൽ എന്റെ ജീവിത യാത്രയെക്കുറിച്ച് പറയുന്നുണ്ട്. അതിലൊരാൾ എന്റെ അച്ഛനെപ്പോലെയാണ് പറയുന്നത്. നമ്മുടെ കൂടെ ഫ്ലൈറ്റും കാറിലുമൊക്കെ യാത്ര ചെയ്യുന്ന ആളുകളെപ്പോലെയാണ് അതൊക്കെ പറയുന്നത്. ഇതൊന്നും സത്യമല്ല എന്നതാണ് യാഥാർഥ്യം. എന്തെങ്കിലും പറയുന്നതിനു മുമ്പ് വസ്തുതകളെങ്കിലും പരിശോധിക്കുക. പക്ഷേ അവർ തമാശയാണ്.
ഇവരുടെ വിഡിയോ കാണുന്ന കാഴ്ചക്കാരും ഇവരെപ്പോലെ തന്നെയാണ്. കൂടുതലും ബുദ്ധിയില്ലാത്തവരാണ് ആ വിഡിയോ കാണുന്നത്. അങ്ങനെയാണ് അവര്‍ക്ക് കൂടുതൽ കാഴ്ചക്കാരെ കിട്ടുന്നതും. ചിലപ്പോൾ ഇതൊക്കെ തമാശയാകും, ചില സമയത്ത് വേദനിപ്പിക്കുകയും ചെയ്യും.